രാജ്കോട്ട്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ കേരളത്തിന് തോൽവി. ഗ്രൂപ്പ് ഡി യിൽ നടന്ന മത്സരത്തിൽ മധ്യപ്രദേശിനോട് 40 റൺസിനാണ് കേരളം തോൽവി വഴങ്ങിയത്. മധ്യപ്രദേശ് ഉയർത്തിയ 330 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 49.4 ഓവറിൽ 289 റൺസിന് ഓൾ ഔട്ടായി. സെഞ്ചുറി നേടുകയും മൂന്ന് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്ത വെങ്കടേഷ് അയ്യരുടെ തിളക്കമാർന്ന പ്രകടനമാണ് മധ്യപ്രദേശിന്റെ വിജയത്തിൽ നിർണായകമായത്.

സെഞ്ചുറി നേടിയ വെങ്കിടേഷ് അയ്യരുടെ ബാറ്റിങ്ങാണു (84 പന്തിൽ 7 ഫോറും 4 സിക്‌സും അടക്കം 112) മധ്യപ്രദേശിനെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. 67 പന്തിൽ 9 ഫോറും ഒരു സിക്‌സും അടക്കം 82 റൺസെടുത്ത ശുഭം ശർമയും തിളങ്ങി. 4ാം വിക്കറ്റിൽ അയ്യർ ശുഭം ശർമ സഖ്യം ചേർത്ത 169 റൺസാണു ടീമിന്റെ നട്ടെല്ല്. ഓപ്പണർ അഭിഷേക് ഭണ്ഡാരി (49), രജത് പാട്ടിദാർ (49) എന്നിവരാണു മറ്റു പ്രധാന സ്‌കോറർമാർ.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ നായകൻ സഞ്ജു സാംസണിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് മധ്യപ്രദേശ് ബാറ്റിങ് ആരംഭിച്ചത്. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ സിദ്ധാർഥ് പാട്ടിദാറിനെ (0) മനു കൃഷ്ണൻ വിക്കറ്റിന് മുന്നിൽ കുടുക്കിയെങ്കിലും പിന്നീട് ക്രീസിലൊന്നിച്ച അഭിഷേക് ഭണ്ഡാരിയും രജത് പാട്ടിദാറും ചേർന്ന് മധ്യപ്രദേശിനെ രക്ഷിച്ചു. ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.

ടീം സ്‌കോർ 101-ൽ നിൽക്കേ അഭിഷേകിനെ വിഷ്ണു വിനോദ് ക്ലീൻ ബൗൾഡാക്കി. തൊട്ടുപിന്നാലെ രജതിനെയും മടക്കി വിഷ്ണു മധ്യപ്രദേശിന് ഇരട്ട പ്രഹരമേൽപ്പിച്ചു. ഇരു താരങ്ങളും 49 റൺസ് വീതം നേടിയാണ് ക്രീസ് വിട്ടത്. എന്നാൽ അവിടെനിന്നങ്ങോട്ട് കളിയുടെ ഗതി മാറി. വെങ്കടേഷ് അയ്യരും ശുഭം ശർമയും ക്രീസിലെത്തിയതോടെ മധ്യപ്രദേശ് കുതിച്ചു. വെങ്കടേഷ് 84 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 112 റൺസെടുത്തപ്പോൾ ശുഭം 67 പന്തുകളിൽ നിന്ന് ഒൻപത് ഫോറിന്റെയും ഒരു സിക്സിന്റെയും ബലത്തിൽ 82 റൺസെടുത്തു. ഇരുവരുടെയും ബാറ്റിങ് കരുത്തിൽ മധ്യപ്രദേശ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 329 റൺസെടുത്തു.

കേരളത്തിനുവേണ്ടി വിഷ്ണു വിനോദ് മൂന്ന് വിക്കറ്റെടുത്തപ്പോൾ ബേസിൽ തമ്പി രണ്ട് വിക്കറ്റ് വീഴ്‌ത്തി. മനുകൃഷ്ണൻ, നിധീഷ്, രോഹൻ കുന്നുമ്മൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

330 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് വേണ്ടി ഓപ്പണർമാരായ രോഹൻ കുന്നുമ്മലും മുഹമ്മദ് അസ്ഹറുദ്ദീനും മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റിൽ ഇരുവരും 68 റൺസ് ചേർത്തു. 10-ാം ഓവറിൽ 34 റൺസെടുത്ത അസ്ഹറുദ്ദീൻ കാർത്തികേയ സിങ്ങിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ നായകൻ സഞ്ജു വെറും 18 റൺസ് മാത്രമെടുത്ത് മടങ്ങി. പിന്നീട് ക്രീസിലൊന്നിച്ച രോഹനും സച്ചിൻ ബേബിയും കേരളത്തെ മുന്നോട്ട് നയിച്ചു. രോഹൻ 76 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 66 റൺസെടുത്തപ്പോൾ സച്ചിൻ 66 പന്തുകളിൽ നിന്ന് രണ്ട് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയിൽ 66 റൺസെടുത്തു.

എന്നാൽ സച്ചിനും രോഹനും പുറത്തായതോടെ കേരളം അപകടം മണത്തു. 34 റൺസെടുത്ത ജലജ് സക്സേനയ്ക്ക് മാത്രമാണ് പിന്നീട് പിടിച്ചുനിൽക്കാനായത്. വൈകാതെ കേരളം 49.4 ഓവറിൽ 289 റൺസിന് ഓൾ ഔട്ടായി. മധ്യപ്രദേശിനുവേണ്ടി 8.4 ഓവറിൽ 59 റൺസിനു 4 വിക്കറ്റെടുത്ത പുനീത് ദത്തെ, 9 ഓവറിൽ 55 റൺസിനു 3 വിക്കറ്റെടുത്ത വെങ്കടേഷ് അയ്യർ എന്നിവരാണു ബോളിങ്ങിൽ തിളങ്ങിയത്. ടൂർണമെന്റിൽ കേരളത്തിന്റെ ആദ്യ തോൽവിയാണിത്. ആദ്യ മത്സരത്തിൽ കേരളം ചണ്ഡീഗഢിനെ ആറുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.