മുംബൈ: വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി ഒഴിവാക്കി വിജയ് ഹസാരെ ട്രോഫി മാത്രമേ ഇന്ത്യയിലെ പ്രാദേശിക മത്സര വിഭാഗത്തിൽ ഉണ്ടാകൂ എന്ന ബിസിസിഐയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയ് ഹസാരെ ട്രോഫിയിൽ മുംബൈ ടീമിനെ ശ്രേയസ് അയ്യർ നയിക്കും. തന്റേതായ ബാറ്റിങ് ശൈലികൊണ്ട് ഇന്ത്യൻ ടീമിൽ ഇടം നേടിയ താരമാണ് ശ്രേയസ്. പൃഥ്വി ഷായാണ് ഉപനായകൻ. അതേസമയം അർജുൻ തെൻഡുൽക്കർ മത്സരത്തിൽ നിന്നും പുറത്തായി. വിജയ് ഹസാരെയുമായി ബന്ധപ്പെട്ട മുംബൈ ടീമിന്റെ ചർച്ചകളിൽ നിറഞ്ഞുനിന്ന പേരാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കറിന്റേത്. എന്നാൽ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്് അർജുൻ 22 അംഗ ടീമിൽ ഇടം പിടിച്ചില്ല.

പരിശീലന മത്സരത്തിലെ മോശം പ്രകടനമാണ് അർജുന് വിനയായത്.ഇടംകയ്യൻ പേസ് ബോളറായ അർജുൻ, പരിശീലന മത്സരത്തിൽ 4.1 ഓവറിൽ 53 റൺസാണ് വഴങ്ങിയത്. ഇക്കോണമി റേറ്റ് 12.93. വിക്കറ്റ് ഒന്നും വീഴ്‌ത്താനും അർജുന് സാധിച്ചില്ല. ഇതോടെയാണ് ടീമിൽ ഇടംപിടിക്കുന്ന കാര്യം പരുങ്ങലിലായത്.

ഫെബ്രുവരി 20 മുതൽ മാർച്ച് 14 വരെയാണ് മത്സരങ്ങൾ നടക്കുക. സുര്യകുമാർ യാദവ്, യശ്വസി ജയ്‌സ്വാൾ, ശിവം ദുബെ, തുഷാർ ദേശ്പാണ്ഡേ എന്നിവരും ടീമിൽ ഇടം നേടിയവരിൽ ഉൾപ്പെടുന്നു.