രാജ്‌കോട്ട്: പന്തുകൊണ്ട് എതിരാളികളുടെ മുനയൊടിച്ച കേരളത്തിന് വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ മൂന്നാം ജയം. ഗ്രൂപ്പ് ഘട്ടത്തിലെ നാലാം മത്സരത്തിൽ ഛത്തീസ്‌ഗഡിനെ അഞ്ച് വിക്കറ്റിനാണു കേരളം തകർത്തത്. സ്‌കോർ ഛത്തീസ്‌ഗഡ്: 46.2 ഓവറിൽ 189; കേരളം 34.3 ഓവറിൽ 193 - 5.

അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ സിജോമോൻ ജോസഫിന്റെ പ്രകടനമാണ് ഛത്തീസ്‌ഗഢിനെ തകർത്തത്. മറുപടി ബാറ്റിംഗിൽ കേരളത്തിന്റ മധ്യനിര തകർന്നെങ്കിലും 34.3 ഓവറിൽ കേരളം ലക്ഷ്യം മറികടന്നു. 54 റൺസ് നേടിയ വീനൂപ് ഷീല മനോഹരനാണ് ടോപ് സ്‌കോറർ. ജയത്തോടെ കേരളത്തിന് 12 പോയിന്റായി. ഉത്തരാഖണ്ഡിനെതിരായ മത്സരമാണ് ഇനി അവശേഷിക്കുന്നത്.

ടോസ് നേടിയ ഛത്തീസ്‌ഗഡ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സെഞ്ചുറിക്ക് തൊട്ടരിക പുറത്തായ ക്യാപ്റ്റൻ ഹർപ്രീത് സിങ് ഭാട്ടിയയ്ക്ക് (128 പന്തിൽ 11 ഫോറും 1 സിക്‌സും അടക്കം 98) പിന്തുണ നൽക്കാൻ മറ്റു താരങ്ങൾക്കു കഴിയാതെ പോയതാണു ഛത്തീസ്‌ഗഡിനു തിരിച്ചടിയായത്. ഹർപ്രീതിനെക്കൂടാതെ ഓപ്പണർ സഞ്ജയ് ദേശായിക്കു മാത്രമാണു (38 പന്തിൽ 2 ഫോറും ഒരു സിക്‌സും അടക്കം 32) ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്.

10 ഓവറിൽ 33 റൺസിന് 5 വിക്കറ്റെടുത്ത ഇടം കയ്യൻ സ്പിന്നർ സിജോമോൻ ജോസഫാണു ഛത്തീസ്‌ഗഡിനെ തകർത്തത്. 7 ഓവറിൽ 38 റൺസിനു 2 വിക്കറ്റെടുത്ത ബേസിൽ തമ്പി, 6.2 ഓവറിൽ 21 റൺസിനു 2 വിക്കറ്റെടുത്ത എം.ഡി. നിതീഷ് എന്നിവരും തിളങ്ങി. 9 ഓവറിൽ 39 റൺസ് വഴങ്ങി വിനൂപ് മനോഹരൻ ഒരു വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിൽ, ഓപ്പണർ രോഹൻ എസ്. കുന്നുമ്മേൽ മുഹമ്മദ് അസ്ഹറുദ്ദീൻ സഖ്യം തകർത്തടിച്ചതോടെ കേരളം മികച്ച റൺറേറ്റിൽ വിജയം നേടുമെന്നു തോന്നിച്ചതാണ്. ആദ്യ വിക്കറ്റിൽ 11.5 ഓവറിൽ 82 റൺസാണു ഇരുവരും ചേർത്തത്. രോഹൻ 36 പന്തിൽ 6 ഫോർ അടക്കം 36 റൺസെടുത്തപ്പോൾ, അസ്ഹറുദ്ദീൻ 37 പന്തിൽ 5 ഫോറും ഒരു സിക്‌സും അടക്കം 45 റൺസടിച്ചു.

വിക്കറ്റ് നഷ്മില്ലാതെ 82 റൺസെടുത്ത കേരളത്തിന് ഇതേ സ്‌കോറിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. രോഹനാണ് ആദ്യം മടങ്ങിയത്. അജയ് മണ്ഡലിന്റെ പന്തിൽ താരം ബൗൾഡായി. വൈകാതെ അസറുദ്ദീനും മടങ്ങി. സഞ്ജുവാകട്ടെ നേരിട്ട ആദ്യ പന്തിൽ തന്നെ ബൗൾഡായി. രണ്ട് പേരേയും സുമിത് റൂയിക്കറാണ് പറഞ്ഞയച്ചത്. സ്‌കോർ 89ൽ നിൽക്കെ സച്ചിൻ ബേബിയും (4) മടങ്ങി.

എന്നാൽ സിജോമോൻ ജോസഫ് (30 പന്തിൽ 2 വീതം ഫോറും സിക്‌സും അടക്കം 27), വിനൂപ് മനോഹരൻ (72 പന്തിൽ 9 ഫോർ അടക്കം പുറത്താകാതെ 54), വിഷ്ണു വിനോദ് (21 പന്തിൽ ഒരു ഫോറും 2 സിക്‌സും അടക്കം പുറത്താകാതെ 26) എന്നിവരുടെ പോരാട്ടം കേരളത്തിന്റെ വിജയം ഉറപ്പിച്ചു. ഛത്തീസ്‌ഗഡിനായി അജയ് മൺഡൽ 10 ഓവറിൽ 27 റൺസിനു 3 വിക്കറ്റും സുമിത് റൂയ്കാർ 10 ഓവറിൽ 63 റൺസിനു 2 വിക്കറ്റുമെടുത്തു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ചണ്ഡിഗഡിനെ തോൽപ്പിച്ച കേരളം 2ാം മത്സരത്തിൽ കരുത്തരായ മധ്യപ്രദേശിനോടു തോറ്റിരുന്നു. 3ാം മത്സരത്തിൽ മഹാരാഷ്ട്രയെയാണു കീഴടക്കിയത്.