ആലപ്പുഴ: ആഭ്യന്തര ഏകദിന ക്രിക്കറ്റ് ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സീനിയർ ടീമിനെ സച്ചിൻ ബേബി നയിക്കും. വിഷ്ണു വിനോദ് ആണ് വൈസ് ക്യാപ്റ്റൻ. സഞ്ജു സാംസൺ, എസ്. ശ്രീശാന്ത്, മുഹമ്മദ് അസ്ഹറുദിൻ തുടങ്ങിയവരും ടീമിൽ ഇടംനേടി.

ടൂർണമെന്റ് ഈ മാസം 20 മുതൽ ആരംഭിക്കും. മാർച്ച് 14നാണ് ഫൈനൽ. 6 നഗരങ്ങളിലായി നടക്കുന്ന ടൂർണമെന്റിനായി താരങ്ങൾ വരുന്ന 13ആം തീയതി ബയോ ബബിളിൽ പ്രവേശിക്കണം. ഇക്കാലയളവിൽ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും മൂന്ന് തവണ കോവിഡ് പരിശോധന നടത്തും.

കേരളം ഗ്രൂപ്പ് സിയിലാണ്. കർണാടക, യുപി, ഒഡീഷ, റെയിൽവേയ്‌സ്, ബീഹാർ എന്നീ ടീമുകൾ അടങ്ങിയ സി ഗ്രൂപ്പ് മത്സരങ്ങൾ ബംഗളൂരുവിലാണ്. ഗ്രൂപ്പ് എയിൽ ഗുജറാത്ത്, ഛണ്ഡിഗഡ്, ഹൈദരാബാദ്, ത്രിപുര, ബറോഡ, ഗോവ എന്നീ ടീമുകൾ അണിനിരക്കും. സൂററ്റിലാവും മത്സരങ്ങൾ. തമിഴ്‌നാട്, പഞ്ചാബ്, ഝാർഖണ്ഡ്, മധ്യപ്രദേശ്, വിദർഭ, ആന്ധ്രപ്രദേശ് എന്നീ ടീമുകൾ അടങ്ങിയ ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾ ഇൻഡോറിലാണ്.

ഡൽഹി, മുംബൈ, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, പുതുച്ചേരി എന്നീ ടീമുകൾ ഗ്രൂപ്പ് ഡിയിൽ ഉൾപ്പെട്ടിരിക്കുന്നു. ജയ്പൂരിലാണ് മത്സരങ്ങൾ. ബംഗാൾ, സർവീസസ്, ജമ്മു കശ്മീർ, സൗരാഷ്ട്ര, ഹരിയാന, ഛണ്ഡീഗഡ് എന്നീ ടീമുകളടങ്ങിയ ഗ്രൂപ്പ് ഇയിലെ മത്സരങ്ങൾ കോൽക്കത്തയിൽ നടക്കും. ഉത്തരാഖണ്ഡ്, അസം, നാഗാലാൻഡ്, മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ്, മിസോറം, സിക്കിം എന്നീ ടീമുകൾ അടങ്ങിയതാണ് പ്ലേറ്റ് ഗ്രൂപ്പ്.