കൊല്ലം: കരുനാഗപ്പള്ളി ചിറക്കൽ ക്ഷേത്രത്തിന് സമീപത്തെ കുളത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സിനിമാ നടിയും താമരക്കുളം പച്ചക്കാട് അമ്പാടിയിൽ പ്രദീപിന്റെ ഭാര്യയുമായ വിജയലക്ഷ്മി എന്ന ഉണ്ണിയാർച്ച ഏറെ തകർന്നതുകൊലപാതക കേസിൽ ഭർത്താവ് പ്രതിയായതോടെ.

പ്രദീപ് കഴിഞ്ഞ ഡിസംബർ 3 ന് ബംഗളൂരുവിൽ വയോധികയെ കൊലപ്പെടുത്തി സ്വർണ്ണ കവർച്ച നടത്തിയ കേസിൽ ഡിസംബർ 29 ന് ബൊമ്മന ഹള്ളി പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിജയ ലക്ഷ്മി തന്റെ ഭർത്താവിന്റെ ക്രൂര മുഖം തിരിച്ചറിഞ്ഞത്. മോഷ്ടാവാണെങ്കിലും ഒരാളെ കൊല്ലാനുള്ള മനസ് ഉള്ളയാളാണെന്നറിഞ്ഞതോടെ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. പാവുമ്പയിലെ അറിയപ്പെടുന്ന കുടുംബത്തിന് താൻ മൂലം അപമാനം നേരിട്ടതിന്റെ മനോ വിഷമം താങ്ങാനാവാതെയാവാം ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ നിഗമനം.

ഡിസംബർ 3 നാണ് ബംഗളൂരു ബൊമ്മന ഹള്ളി മൂനീശ്വരാ ലേഔട്ട്, കൊടിച്ചിക്കനഹള്ളിയിൽ താമസിച്ചിരുന്ന നിർമ്മലാ മേരി(65)യെ പ്രദീപും ഷാഹുൽ ഹമീദ് എന്നയാളും ചേർന്ന് കൊലപ്പെടുത്തിയത്. ഇവരുടെ പക്കലുണ്ടായിരുന്ന 48 ഗ്രാം സ്വർണ്ണവും വീട്ടിലും ഷോപ്പിലുമായി സൂക്ഷിച്ചിരുന്ന പണവും കവർന്നു. ഒരുമാസക്കാലമായി ഇരുവരും കൊല ചെയ്യപ്പെട്ട നിർമ്മലാ മേരിയെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവരുടെ വീടിന്റെ ഒരു ഭാഗം വാടകയ്ക്ക് എടുക്കാനെന്ന വ്യാജേന എത്തിയായിരുന്നു കൊലപാതകവും കവർച്ചയും. കവർച്ചയ്ക്ക് ശേഷം കേരളത്തിലേക്ക് കടന്ന ഇവരെ ബൊമ്മനഹള്ളി പൊലീസ് പിടികൂടുകയായിരുന്നു. നിലവിൽ ഈ കേസിൽ പ്രദീപ് അറസ്റ്റിലാണ്.

വിവാഹം കഴിക്കുന്നതിന് മുൻപ് പ്രദീപ് കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്നു. അവിടെ സൂപ്പർ മാർക്കറ്റുകളിൽ കയറി വില കൂടിയ ഉൽപ്പന്നങ്ങളിൽ വില കുറഞ്ഞ സ്റ്റിക്കർ പതിപ്പിച്ച് കുറഞ്ഞ വില നൽകി പുറത്തെത്തിച്ച് കൂടിയ വിലക്ക് മറിച്ചു വിൽക്കുന്നത് പതിവായിരുന്നു. പല തവണ ഇതാവർത്തിച്ചപ്പോൾ സൂപ്പർമാർക്കറ്റ് ഉടമൾ സിസിടിവി നിരീക്ഷിച്ചപ്പോഴാണ് പ്രദീപിന്റെ മോഷണം ശ്രദ്ധയിൽപെട്ടത്.

ഇതോടെ പൊലീസിൽ അറിയിക്കുകയും ജയിലിലാവുകയുമായിരുന്നു. ജയിൽ മോചിതനായി നാട്ടിലെത്തിയ ശേഷമാണ് വിജയലക്ഷ്മിയുമേയി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ആഡംബര ജീവിതം നയിച്ചു വരികയായിരുന്ന പ്രദീപ് തനിക്ക് ബിസിനസാണ് എന്നാണ് പറഞ്ഞിരുന്നത്. വ്യത്യസ്ഥ ജാതിയായതിനാലും കുടുംബ പശ്ചാത്തലം മോശമായതിനാലും വീട്ടുകാർക്ക് ആദ്യം എതിർപ്പായിരുന്നു. എന്നാൽ വിജയ ലക്ഷ്മിയുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം നടത്തി കൊടുക്കുകയായിരുന്നു.

101 പവൻ സ്വർണം നൽകിയാണ് വിവാഹം കഴിച്ചു കൊടുത്തത്. 2007 ലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വർഷം പിന്നിട്ടപ്പോഴാണ് 2008 ജൂലൈയിൽ പ്രദീപ് ആദ്യമായി മോഷണക്കേസിൽ അറസ്റ്റിലായി. ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, കുറത്തികാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 18 കേസുകളാണ് ഇയാളുടെ പേരിൽ അന്നുണ്ടായിരുന്നത്. മൂന്നുമാസത്തിനുശേഷം ജയിൽമോചിതനായ പ്രദീപ് 2015ൽ കൊട്ടാരക്കര പൊലീസിന്റെ പിടിയിലായി. കൊട്ടാരക്കര, ഓച്ചിറ, കൊല്ലം വെസ്റ്റ്, കുണ്ടറ, പുത്തൂർ, അടൂർ, ചവറ പൊലീസ് സ്റ്റേഷനുകളിലായി 28 കേസുകൾ തെളിയിക്കപ്പെട്ടു. കൊല്ലം, ആലപ്പുഴ ജില്ലകളിൽ നോട്ടപ്പുള്ളിയായതോടെ പത്തനംതിട്ടയിലേക്ക് തട്ടകം മാറുകയായിരുന്നു.

2016 ൽ തിരുവല്ലയിൽ വച്ച് പ്രദീപിനെയും സഹായികളെയും പൊലീസ് മോഷണക്കേസിൽ അറസ്റ്റ് ചെയ്തു. ഇയാളുടെ അയൽവാസി ഇടകണ്ടത്തിൽ വീട്ടിൽ രഞ്ചു (നമ്പോലൻ 21), കായംകുളം കൃഷ്ണപുരം ആഞ്ഞിലിമൂട്ടിൽ മിനി (കൊച്ചുമോൾ 34) എന്നിവരെയാണ് തിരുവല്ല പൊലീസ് അറസ്റ്റ്ചെയ്തത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ 'ഓപ്പറേഷൻ സ്ത്രീസുരക്ഷ' പദ്ധതിയുടെ ഭാഗമായാണ് സംഘം പിടിയിലായത്. പ്രദീപും രഞ്ചുവും ബൈക്കിലെത്തിയാണ് സ്ത്രീകളുടെ മാല കവരുന്നത്.

മൂന്നു ജില്ലകളിൽനിന്നായി പത്തിലധികംപേരുടെ മാല ഇവർ തട്ടിയതായി തെളിഞ്ഞു. മിനിയാണ് സ്വർണാഭരണങ്ങൾ വിറ്റഴിച്ചിരുന്നത്. വിവിധ സ്ഥാപനങ്ങളിലായി വിറ്റ 23 പവൻ സ്വർണം പൊലീസ് കണ്ടെടുത്തു. എറണാകുളത്ത് ക്വാളിറ്റി കൺട്രോൾ വിദ്യാർത്ഥിയാണ് രഞ്ചു. ശനി, ഞായർ ദിവസങ്ങളിൽ വീട്ടിലെത്തുന്ന രഞ്ചുവിനെ ബൈക്കിൽ ഒപ്പംകൂട്ടിയാണ് പ്രദീപ് കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. ഇതിനായി രണ്ടുപേരും ചേർന്ന് ബൈക്ക് വാങ്ങി. 10,000 രൂപ പ്രതിമാസ വാടകയുള്ള ഫ്ളാറ്റിലാണ് ഇയാൾ ആർഭാടജീവിതം നയിച്ചിരുന്നത്.

എഴുപതിലധികം മോഷണക്കേസുകളിൽ പ്രതിയായ ഇയാളെ രണ്ടു മക്കൾ ഉള്ളതിന്റെ പേരിൽ വിജയ ലക്ഷ്മി ഉപേക്ഷിക്കാതിരുന്നതാണ്. ഇയാളുടെ സ്വഭാവ ദൂഷ്യം മാറ്റാനായി ബംഗളൂരുവിലേക്ക് പോയി ബിസിനസ് തുടങ്ങുകയായിരുന്നു വിജയലക്ഷ്മി. എന്നാൽ അവിടെയും മോഷണം നടത്തുന്നത് ഇയാൾ പതിവാക്കിയിരുന്നു. അതിനിടയിലാണ് ഡിസംബറിൽ കൊലപാതകം നടത്തിയത്. ഈ കേസിൽ അറസ്റ്റിലായി റിമാൻഡിലായതോടെ വിജലക്ഷ്മിയും കുട്ടികളും തിരികെ നാട്ടിലേക്ക് എത്തുകയായിരുന്നു.

ഒടുവിൽ അപമാനം സഹിക്ക വയ്യാതെ ആത്മഹത്യ ചെയ്തു. 12 വയസ്സുള്ള ഒരു പെൺകുട്ടിയും 9 വയസ്സുള്ള ഒരു ആൺകുട്ടിയുമുണ്ട്. പട്ടാഭി രാമൻ എന്ന സിനിയമയിൽ ജസീക്ക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിജയ ലക്ഷ്മിയായിരുന്നു. ചെറിയ വേഷങ്ങൾ മറ്റ് ചില ചിത്രങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്.