ന്യൂഡൽഹി: അഭിഭാഷകരായ മുഹമ്മദ് നിയാസ്, വിജു എബ്രഹാം എന്നിവരെ കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി.

പി.എസ്.സി. മുൻ ചെയർമാൻ കെ. സി. സാവൻ കുട്ടിയുടെ മകനാണ് മുഹമ്മദ് നിയാസ്. തലശേരി സ്വദേശിയായ നിയാസ് കോഴിക്കോട് ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. കൊച്ചി ജിസിഡിഎ, കാലിക്കറ്റ് സർവ്വകലാശാല, സ്റ്റേറ്റ് കോർപറേറ്റിവ് യൂണിയൻ, റബ്കോ എന്നിവയുടെ അഭിഭാഷകനായിരുന്നു. കോർപറേറ്റ് ലോയിൽ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള നിയാസ് പല പ്രമുഖ സ്വകാര്യ കമ്പനികളുടെയും അഭിഭാഷകനായിരുന്നു.

എറണാകുളം സ്വദേശിയായ വിജു എബ്രഹാം ഹൈക്കോടതി അഭിഭാഷകനായിരുന്ന എ.കെ. അവിരായുടെ മകനാണ്. എറണാകുളം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 2004 മുതൽ 2007 വരെ കേരള ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡറായും 2011 മുതൽ 2016 വരെ സീനിയർ ഗവൺമെന്റ് പ്ലീഡറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2010-ൽ കേരള ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ സെക്രട്ടറി ആയിരുന്നു.

2019 മാർച്ചിൽ ചേർന്ന കൊളീജിയം മുഹമ്മദ് നിയാസ്, കെ.കെ.പോൾ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ കേന്ദ്ര നിയമന്ത്രാലയത്തോട് ശുപാർശ ചെയ്തിരുന്നു. 2019 മെയ് മാസം ചേർന്ന കൊളീജിയമാണ് വിജു എബ്രഹാമിനെ ഹൈക്കോടതി ജഡ്ജിയായി ഉയർത്താൻ ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഈ മൂന്ന് ശുപാർശകളും പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയം മടക്കിയിരുന്നു. ഈ വർഷം മാർച്ചിൽ ചേർന്ന കൊളീജിയം മൂന്ന് പേരെയും ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാർശ വീണ്ടും കേന്ദ്ര സർക്കാരിന് അയച്ചിരുന്നെങ്കിലും നിയമന ഉത്തരവ് ഇറക്കാൻ വൈകുകയായിരുന്നു.

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനം വൈകിക്കുന്നതിനെ സംബന്ധിച്ച് രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജുജു നൽകിയ മറുപടി വിവാദമായിരുന്നു. മറുപടിക്ക് എതിരെ ജോൺ ബ്രിട്ടാസ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര നിയമ മന്ത്രാലയം നിയമന ഉത്തരവ് പുറത്ത് ഇറക്കിയത്. കൊളീജിയം രണ്ടാമത് ശുപാർശ ചെയ്തിട്ടും കെ.കെ. പോളിന്റെ നിയമന ഉത്തരവ് ഇത് വരെയും കേന്ദ്ര സർക്കാർ പുറത്തിറക്കിയിട്ടില്ല.