തിരുവനന്തപുരം: ടൂ ജി സ്‌പെക്ട്രം വിവാദത്തിൽ മുൻ സിഎജി വിനോദ് റായ് മാപ്പ് പറയേണ്ടത് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിനോടെന്ന് ടൂ ജി കേസ് അന്വേഷിച്ച സംയുക്ത പാർലമെന്ററി സമിതി അധ്യക്ഷനായിരുന്ന പി സി ചാക്കോ. ടൂ ജി വിവാദത്തിൽ മന്മോഹൻ സിങ്ങിന്റെ പേരൊഴിവക്കാൻ കോൺഗ്രസ് എംപി സഞ്ജയ് നിരുപം തന്നെ സ്വാധീനിച്ചുവെന്നാണ് വിനോദ് റായ് ആരോപിച്ചത്.

ഈ വിഷയത്തിൽ സഞ്ജയ് നിരുപം സമർപ്പിച്ച മാനനഷ്ട കേസിൽ ബോംബെ ഹൈക്കോടതിയിൽ വിനോദ് റായ് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ കോടതിയിൽ മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും മന്മോഹൻ സിങ്ങിനോട് മാപ്പ് പറയുകയാണ് ചെയ്യേണ്ടതെന്നും എൻ.സി.പി സംസ്ഥാന അധ്യക്ഷനായ പി സി ചാക്കോ പ്രതികരിച്ചു.

തന്റെമേൽ സമ്മർദ്ദം ചെലുത്തിയ പാർലമെന്റ് അംഗങ്ങളിൽ ഒരാളാണ് നിരുപം എന്ന് 2014ൽ റായ് അവകാശപ്പെട്ടിരുന്നു. റായ് മാപ്പ് പറഞ്ഞത്. 2ജി സ്‌പെക്ട്രം കേസിൽ സംസ്ഥാന ഓഡിറ്ററുടെ റിപ്പോർട്ടിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംങിന്റെ പേര് ഉൾപ്പെടുത്താതിരിക്കാൻ കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം ഉൾപ്പടെയുള്ളവർ സമ്മർദ്ദം ചെലുത്തി എന്ന വിനോദ് റായിയുടെ വെളിപ്പെടുത്തലിനെതിരെയാണ് അദ്ദേഹം മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

മന്മോഹൻ സിങ്ങിനെ പോലെ അഴിമതിയുമായി ഒരു തരത്തിലും സമരസപ്പെടാത്ത ഒരു പ്രധാനമന്ത്രിയ അപമാനിക്കുന്ന പ്രസ്താവനയാണ് വിനോദ് റായ് അന്ന് നടത്തിയത്. അപ്പോൾ കോടതിയിൽ മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും മന്മോഹൻ സിങ്ങിനോട് നേരിട്ടാണ് മാപ്പ് പറയേണ്ടതെന്നും ചാക്കോ ആവശ്യപ്പെട്ടു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും ക്ലീൻ വ്യക്തിത്വത്തിന് ഉടമയാണ് മന്മോഹൻ സിങ്ങെന്നും ചാക്കോ പറഞ്ഞു. ഇല്ലാത്ത ഒരു സംഭവം ഊതിപ്പെരുപ്പിച്ച സംഭവമായിരുന്നു ഇതെന്നും ചാക്കോ പറഞ്ഞു. ടെലിഫോൺ കോളുകൾ ഇത്രയും നിരക്ക് കുറച്ച് നൽകാൻ കഴിഞ്ഞത് പോലും സ്പെക്ട്രം വില കുറച്ച് നൽകിയതിനാലാണ്. അതിന്റെ നല്ല വശങ്ങൾ കാണാതെയാണ് അന്ന് റിപ്പോർട്ട് തയ്യാറാക്കിയതെന്നും ചാക്കോ പറയുന്നു.