ഇരിട്ടി: വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റുമായി കുടകിലേക്ക് എത്തിയെന്ന പേരിൽ കാസർകോട് സ്വദേശികളായ ദമ്പതികളെ വീരാജ്പേട്ട റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി സയ്യിദ് മുഹമ്മദ് (32) ഇദ്ദേഹത്തിന്റെ ഭാര്യ കുടക് എരുമാട് സ്വദേശിനി ബി.എം അയിഷത്ത് റഹ്മാൻ (22) എന്നിവരാണ് വീരാജ്പേട്ടയ്ക്ക് സമീപം അമ്മത്തിയിലെ ആരോഗ്യ വകുപ്പിന്റെ കോവിഡ് പരിശോധന ചെക്ക്പോസ്റ്റിൽ വച്ച് പിടിയിലായത്. മഞ്ചേശ്വരത്ത് വച്ച് കോവിഡ് സർട്ടിഫിക്കറ്റ് വ്യാജമായി നിർമ്മിച്ചാണ് സിംപാജെ ചെക്ക്പോസ്റ്റ് വഴി ഏരുമാട് എത്തിയതെന്ന് സയ്യിദ് മുഹമ്മദ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഇതേ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇവിടെ നിന്ന് സിദ്ധാപുരത്തെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് പരിശോധനയിൽ കുടുങ്ങിയത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.