ചെന്നൈ: രാജ്യത്തെ കർഷക പ്രക്ഷോഭത്തെ കുറിച്ച് ടീം യോഗത്തിൽ ചർച്ച ചെയ്തതായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. ചർച്ചയിൽ എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചെന്നും കോലി പറഞ്ഞു. അതേ സമയം ചെറിയ രീതിയിൽ നടന്ന ചർച്ച സംബന്ധിച്ച വിശംദാശങ്ങൾ പങ്കുവെക്കാൻ കോലി തയ്യാറായില്ല.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഓൺലൈനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ. രാജ്യത്ത് നിലവിലുള്ള ഏത് പ്രശ്നത്തെ കുറിച്ചും ഞങ്ങൾ സംസാരിച്ചിട്ടുണ്ട്. എല്ലാവരും ഈ വിഷയത്തെ കുറിച്ച് അവർക്ക് പറയാനുള്ളത് പറഞ്ഞു. ടീം മീറ്റിങിൽ ഇത് സംബന്ധിച്ച് ഞങ്ങൾ ഹ്രസ്വമായ ചർച്ചയാണ് നടത്തിയത്. തുടർന്ന് ടീമിന്റെ പദ്ധതികൾ ആലോചിച്ചു' കോലി പറഞ്ഞു.

കർഷക സമരത്തിന് അന്താരാഷ്ട്ര പിന്തുണ ലഭിക്കുന്നതിനെ പ്രതിരോധിക്കുന്നതിനായുള്ള കേന്ദ്ര സർക്കാരിന്റെ ഹാഷ്ടാഗ് കാമ്പയിനിൽ കോലിയും കഴിഞ്ഞ ദിവസം പങ്കാളിയായിരുന്നു.

അഭിപ്രായവ്യത്യാസങ്ങളുടെ ഈ മണിക്കൂറിൽ നമുക്കെല്ലാവർക്കും ഐക്യത്തോടെ തുടരാം. കർഷകർ നമ്മുടെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്, സമാധാനം കൈവരിക്കാനും ഒരുമിച്ച് മുന്നോട്ട് പോകാനും എല്ലാ പാർട്ടികൾക്കും ഇടയിൽ ഒരു സൗഹാർദ്ദപരമായ പരിഹാരം കണ്ടെത്തുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കോലി ട്വിറ്ററിൽ കുറിച്ചു.