ദുബായ്: യുഎഇയിൽ അടുത്തമാസം നടക്കുന്ന ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുശേഷം ട്വന്റി 20 ടീമിന്റെ നായക സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ജോലിഭാരം കണക്കിലെടുത്താണ് ട്വന്റി 20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി അറിയിച്ചു.

എം എസ് ധോണി നായകസ്ഥാനം ഒഴിഞ്ഞ ശേഷം ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത വിരാട് കോലി 45 ട്വന്റി 20 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. 27 ജയങ്ങൾ സ്വന്തമാക്കി. 14 മത്സരങ്ങൾ തോറ്റു. കരിയറിൽ 89 ട്വന്റി 20 മത്സരങ്ങൾ ഇന്ത്യൻ കുപ്പായത്തിൽ കളിച്ചിട്ടുള്ള കോലി 52.65 ശരാശരിയിൽ 3159 റൺസ് നേടിയിട്ടുണ്ട്.

ക്യാപ്റ്റനെന്ന നിലയിൽ ദക്ഷിണാഫ്രിക്കയിലും ന്യൂസിലൻഡിലും ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടി20 പരമ്പര നേടിയ ഒരേയൊരു ഇന്ത്യൻ നായകനാണ് കോലി. വിരാട് കോലിക്ക് കീഴിൽ അവസാനം കളിച്ച 10 ടി20 പരമ്പരകളിൽ ഒരെണ്ണത്തിൽ മാത്രമാണ് ഇന്ത്യ തോറ്റത്. ഇന്ത്യയിൽ നടന്ന പരമ്പരയിൽ ഓസ്‌ട്രേലിയക്കെതിരെ ആയിരുന്നു അത്.

കഴിഞ്ഞ പത്ത് ടി20 പരമ്പരകളിൽ ഇംഗ്ലണ്ടിനെതിരെ(32), ഓസട്രേലിയക്കെതിരെ(21), ന്യൂസിലൻഡിനെതിരെ(50), ശ്രീലങ്കക്കെതിരെ(20), വെസ്റ്റ് ഇൻഡീസിനെതിരെ(21), ദക്ഷിണാഫ്രിക്കക്കെതിരെ(11), വെസ്റ്റ് ഇൻഡീസിനെതിരെ(20), ഓസ്‌ട്രേലിയക്കെതിരെ(11), ഇംഗ്ലണ്ടിനെതിരെ(21) എന്നിങ്ങനെയാണ് കോലിയുടെ റെക്കോർഡ്.



കഴിഞ്ഞ എട്ടോ ഒമ്പതോ വർഷമായി മൂന്നു ഫോർമാറ്റിലും കളിക്കുന്നതിന്റെയും അഞ്ചോ ആറോ വർഷമായി മൂന്ന് ഫോർമാറ്റിലും ക്യാപ്റ്റനാവുന്നതിന്റെയും ജോലിഭാരം കണക്കിലെടുത്ത് ട്വന്റി 20 ക്യാപ്റ്റൻ സ്ഥാനം ലോകകപ്പിന് ശേഷം ഒഴിയുകയാണ്. ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ തുടർന്നും നയിക്കും. ട്വന്റി 20 ക്യാപ്റ്റനെന്ന നിലയിൽ കഴിവിന്റെ പരമാവധി ടീമിന് നൽകാൻ ശ്രമിച്ചിട്ടുണ്ട്. ഒരു ബാറ്റ്‌സ്മാനെന്ന നിലയിൽ ട്വന്റി 20യിൽ തുടർന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും.

 

ഒരുപാട് സമയമെടുത്താണ് ഈ ഒരു തീരുമാനമെടുത്തത്. അതിനുമുമ്പ് ടീം നേതൃത്വത്തിന്റെ ഭാഗമായ രവി ശാസ്ത്രിയുമായും രോഹിത് ശർമയുമായും കൂടിയാലോചിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെയും സെക്രട്ടറി ജയ് ഷായെയും സെലക്ടർമാരെയും ഈ തീരുമാനം അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിനായിതുടർന്നും കഴിവിന്റെ പരമാവധി പുറത്തെടുക്കുമെന്നും കോലി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

കോലിക്കു പകരം രോഹിത് ശർമ ക്യാപ്റ്റൻ സ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ട്. കോലി ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഒഴിയുന്നതായി കഴിഞ്ഞ ദിവസം മുതൽ വാർത്തകൾ പ്രചരിച്ചിരുന്നു. ട്വന്റി20 ലോകകപ്പിനുശേഷം രോഹിത് ശർമ നായകസ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ വാർത്തകൾ നിഷേധിച്ച് ബിസിസിഐ നേതൃത്വം തന്നെ നേരിട്ട് രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിരാട് കോലി തന്നെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി അറിയിച്ചത്.

2017ൽ മഹേന്ദ്രസിങ് ധോണി ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് വിരാട് കോലി തൽസ്ഥാനത്തെത്തുന്നത്. വിവിധ ഫോർമാറ്റുകളിൽ കോലിക്കു കീഴിൽ മികച്ച പ്രകടനം നടത്തുമ്പോഴും പ്രധാനപ്പെട്ട ഐസിസി ടൂർണമെന്റുകളിലൊന്നും ടീമിന് കിരീടം സമ്മാനിക്കാൻ കോലിക്ക് സാധിച്ചിട്ടില്ല.

ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകനാണെങ്കിലും അവിടെയും ഇതുവരെ കിരീടം നേടാൻ കോലിക്ക് സാധിച്ചിരുന്നില്ല. എന്നാൽ ഐപിഎലിൽ മുംബൈ ഇന്ത്യൻസ് നായകനെന്ന നിലയിൽ മികച്ച റെക്കോർഡാണ് രോഹിത് ശർമയ്ക്കുള്ളത്. രോഹിത്തിനു കീഴിലാണ് 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ ജേതാക്കളായത്.

ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിലും രോഹിത്തിന് മികച്ച റെക്കോർഡാണുള്ളത്. കോലിയുടെ അഭാവത്തിൽ ഇന്ത്യയെ നയിച്ച 10 ഏകദിനങ്ങളിൽ എട്ടിലും വിജയം. ഇതിനു പുറമേ ഏഷ്യാകപ്പ് കിരീടവും ചൂടി. 18 ട്വന്റി20 മത്സരങ്ങളിൽ ഇന്ത്യയ്ക്ക് 15 വിജയങ്ങൾ സമ്മാനിച്ചു. ഇതിനു പുറമേ 2018ലെ നിദാഹാസ് ട്രോഫിയിലും ടീമിനെ ജേതാക്കളാക്കി. രോഹിത്തിനെ നായകനാക്കണമെന്ന് മുൻ താരങ്ങൾ അടക്കമുള്ളവർ ആവശ്യം ഉന്നയിച്ച് പല തവണ രംഗത്ത് എത്തിയിരുന്നു.

കുറിപ്പിന്റെ പൂർണരൂപം:

രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ കഴിവിനൊത്ത് നയിക്കാനും ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകനായുള്ള യാത്രയിൽ എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. ഇന്ത്യൻ ടീമംഗങ്ങളുടെയും സപ്പോർട്ട് സ്റ്റാഫിന്റെയും സിലക്ഷൻ കമ്മിറ്റിയുടെയും പരിശീലകരുടെയും ഈ ടീമിന്റെ വിജയത്തിനായി പ്രാർത്ഥിച്ച നിങ്ങൾ ഓരോരുത്തരുടെയും പിന്തുണ ഇല്ലാതെ മികച്ച പ്രകടനം നടത്തുക സാധ്യമായിരുന്നില്ല.

ജോലിഭാരം ക്രമീകരിക്കുന്നത് കരിയറിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. കഴിഞ്ഞ 89 വർഷമായി മൂന്നു ഫോർമാറ്റിലും ഇന്ത്യൻ താരമെന്ന നിലയിലും 56 വർഷമായി ക്യാപ്റ്റനെന്ന നിലയിലും വലിയ ജോലിഭാരമാണ് ഞാൻ അനുഭവിക്കുന്നത്. ഇനിയങ്ങോട്ട് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യൻ ടീമിനെ നയിക്കാൻ ഞാൻ ജോലിഭാരം ക്രമീകരിക്കേണ്ടതുണ്ടെന്ന് കരുതുന്നു. ട്വന്റി20 ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ സാധ്യമായതെല്ലാം ഞാൻ ഇന്ത്യൻ ടീമിനായി ചെയ്തിട്ടുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയിൽ എന്റെ കഴിവിന്റെ പരമാവധി തുടർന്നും ചെയ്യും.

'ശരിയാണ്, ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ ഒരുപാട് സമയമെടുത്തു. നീണ്ട വിചിന്തനത്തിനും ഉറ്റ സുഹൃത്തുക്കളുമായുള്ള ചർച്ചകൾക്കും ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്. നേതൃസംഘത്തിന്റെ ഭാഗങ്ങളായ രവി ഭായിയോടും (മുഖ്യ പരിശീലകൻ രവി ശാസ്ത്രി) രോഹിത്തിനോടും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബറിൽ യുഎഇയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുശേഷം ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകസ്ഥാനം ഞാൻ രാജിവയ്ക്കുകയാണ്. ഇതേക്കുറിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവർക്കൊപ്പം എല്ലാ സിലക്ടർമാരുമായും സംസാരിച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിനെയും ക്രിക്കറ്റ് ടീമിനേയും എന്റെ കഴിവിന്റെ പരമാവധി സേവിക്കുന്നത് ഇനിയും തുടരും.

വിരാട് കോലി, ഒപ്പ്.