മുംബൈ: ന്യൂസീലൻഡിനെതിരായ മൂംബൈ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോലി പുറത്തായതുമായി ബന്ധപ്പെട്ട് വിവാദം. ചെറിയ ഇടവേളയ്ക്കുശേഷം രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ എത്തിയ കോലി അക്കൗണ്ട് തുറക്കും മുൻപേ പുറത്തായിരുന്നു. നാലു പന്തുകൾ മാത്രം നേരിട്ട കോലി, അജാസ് പട്ടേലിന്റെ പന്തിൽ എൽബിയിൽ കുരുങ്ങിയാണ് പുറത്തായത്. അംപയറുടെ തീരുമാനം കോലി റിവ്യൂ ചെയ്‌തെങ്കിലും തേഡ് അംപയറും ഓൺഫീൽഡ് അംപയറുടെ തീരുമാനം ശരിവച്ചു.

എൽ.ബി.ഡബ്ല്യു അപ്പീലിൽ പന്ത് ആദ്യം ബാറ്റിൽ തട്ടിയെന്ന് മനസിലായ കോലി റിവ്യൂ എടുത്തെങ്കിലും തേർഡ് അമ്പയർ ഔട്ട് വിളിക്കുകയായിരുന്നു. എന്നാൽ കോലി യഥാർഥത്തിൽ പുറത്തായിരുന്നില്ലെന്നാണ് വാദം. പന്ത് പാഡിലിടിക്കുന്നതിനു മുൻപ് ബാറ്റിൽ തട്ടിയിരുന്നുവെന്നും ഇത് അംപയർ ഗൗനിച്ചില്ലെന്നുമാണ് ആക്ഷേപം. അംപയറുടെ തീരുമാനത്തിനെതിരെ കോലിയും ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡും ഉടനടി രംഗത്തെത്തുകയും ചെയ്തു.

ഇന്ത്യൻ ഇന്നിങ്‌സിലെ 30ാം ഓവറിലാണ് വിരാട് കോലി ക്രീസിലെത്തുന്നത്. ചേതേശ്വർ പൂജാരയെ അജാസ് പട്ടേൽ പുറത്താക്കിയതിനു പിന്നാലെയായിരുന്നു കോലിയുടെ വരവ്.

പട്ടേലിന്റെ ആദ്യ മൂന്നു പന്തുകളും കോലി വിജയകരമായി പ്രതിരോധിച്ചു. എന്നാൽ, നാലാം പന്താണ് പാഡിലിടിച്ചത്. ന്യൂസീലൻഡ് താരങ്ങളുടെ അപ്പീൽ സ്വീകരിച്ച് അംപയർ അനിൽ ചൗധരി ഔട്ട് അനുവദിക്കുകയും ചെയ്തു. അപംയറുടെ തീരുമാനം കോലി ഉടൻതന്നെ റിവ്യൂ ചെയ്തു.

റീപ്ലേയിൽ പന്ത് കോലിയുടെ ബാറ്റിൽ തട്ടിയെന്ന് വ്യക്തമായിരുന്നു. എന്നാൽ ആദ്യം പാഡിലാണോ ബാറ്റിലാണോ പന്തു തട്ടിയതെന്ന കാര്യത്തിൽ സംശയമുയർന്നു. വിശദമായ പരിശോധനയ്‌ക്കൊടുവിൽ തേഡ് അംപയർ വീരേന്ദർ ശർമ ഓൺഫീൽഡ് അംപയറുടെ തീരുമാനം ശരിവച്ചതോടെ കോലി പുറത്ത്!

വിവിധ ആംഗിളുകൾ പരിശോധിച്ചിട്ടും പന്ത് ആദ്യം പാഡിലാണോ ബാറ്റിലാണോ ഇനി ഒരേസമയം രണ്ടിടത്തും തട്ടിയതാണോ എന്ന് ടിവി അമ്പയർ വീരേന്ദർ ശർമയ്ക്ക് സംശയമുയർന്നു. ഇതോടെ അദ്ദേഹം ഓൺഫീൽഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നിൽക്കുകയായിരുന്നു. എന്നാൽ ചില റീപ്ലേകളിൽ പന്ത് ആദ്യം ബാറ്റിലിടിച്ച് ഗതിമാറിയതായി കാണുന്നുണ്ടായിരുന്നു.

ഔട്ട് തീരുമാനം സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനിൽ തെളിഞ്ഞപ്പോൾത്തന്നെ കോലി അതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹം ഓൺഫീൽഡ് അംപയറുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ഡ്രസിങ് റൂമിൽ പരിശീലകൻ രാഹുൽ ദ്രാവിഡും തീരുമാനത്തിൽ തൃപ്തനല്ലെന്ന് ടിവി ദൃശ്യങ്ങൾ വ്യക്തമാക്കി. പവലിയനിൽ തിരിച്ചെത്തിയശേഷവും ഔട്ടിനെക്കുറിച്ച് കോലിയും ദ്രാവിഡും സംസാരിക്കുന്നത് കാണാമായിരുന്നു.