ന്യൂയോർക്ക്: ലോകത്തിലെ അശ്ളീല ഭീമൻ എന്നറിയപ്പെടുന്ന പോൺഹബ് അതിന്റെ ചരിത്രത്തിൽ ഇല്ലാത്തവിധം പ്രതിഷേധം നേരിട്ടുകൊണ്ടിരിക്കതാണ്. അശ്ലീല കണ്ടെന്റ് നിർമ്മിക്കാനായി കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നുവെന്ന ന്യൂയോർക്ക് ടൈംസ് വാർത്തയെതുടർന്ന് ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന കാമ്പയിനാണ് ഈ സൈറ്റ് നേരിടുന്നത. പോൺഹബ് ഡോട്ട് കോമിനെതിരായ ആരോപണങ്ങൾ മാസ്റ്റർകാർഡും അന്വേഷിക്കുന്നണ്ട്. പോൺഹബ് വെബ്‌സൈറ്റിൽ പേയ്‌മെന്റുകൾ സ്വീകരിക്കുന്ന ക്രെഡിറ്റ് കാർഡ് കമ്പനിയാണ് മാസ്റ്റർകാർഡ്.

ഞായറാഴ്ച മുതൽ തങ്ങളുടെ പെയ്മെന്റ് നെറ്റ്‌വർക്ക് പോൺഹബിലെ പെയ്മെന്റ് അനുവദിക്കില്ലെന്നും എല്ലാ ഇടപാടുകളും നിർത്തുമെന്നും അറിയിച്ചിരിക്കുകയാണ്. നിയമപാലകരുമായും നാഷണൽ ആൻഡ് ഇന്റർനാഷണൽ സെന്റർ ഫോർ മിസ്സിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ എന്നിവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും മാസ്റ്റർകാർഡ് അറിയിച്ചു. അത്തരം ഇടപാടുകൾ കണ്ടെത്തി തടയുക തന്നെ ചെയ്യുമെന്നാണ് വ്യക്തമാക്കിയത്. മാസ്റ്റർകാർഡിന് പുറമെ മറ്റു ചില പെയ്മെന്റ് കമ്പനികളും പോൺഹബിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

ലോകത്തെ ഇന്റർനെറ്റ് അശ്ലീല പ്രചാരത്തിന്റെ മുൻപന്തിയിലുള്ള പോൺഹബ് പൂട്ടിക്കാൻ ലക്ഷങ്ങളാണ് ക്യാംപെയിൻ നടത്തുന്നത്. പോൺഹബ് തുടങ്ങുന്നത് 2007ൽ ആണ്. ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വെബ്‌സൈറ്റുകളിലൊന്നാണിത്. ലോകത്തെ മൊത്തം ഇന്റർനെറ്റ് ട്രാഫിക്ക് റാങ്കിങ്ങിൽ പത്താം സ്ഥാനമാണ് പോൺഹബിനുള്ളത്. മൈൻഡ്ഗീക്ക് എന്ന വെബ്‌സൈറ്റിനു പിന്നിലുള്ളവരാണ് പോൺഹബ് നടത്തുന്നത്. ഇന്റർനെറ്റ് പോണോഗ്രാഫിയുടെ കുത്തക അവരുടെ കയ്യിലാണ്.

പോൺ വ്യവസായത്തിന്റെ മറവിൽനടക്കുന്ന ഹീനമായ കുറ്റകൃത്യങ്ങൾ, ബലാത്സംഗങ്ങളും തട്ടിക്കൊണ്ടുപോക്കും ഉൾപ്പടെ, ഇല്ലാതാക്കണം എന്നാണ് കാമ്പയിനിൽ ആളുകൾ ആവശ്യപ്പെടുന്നത്. പോൺഹബിനെതിരെ അടുത്തിടെ പല ക്രിമിനൽ കേസുകളും ഉണ്ടായിട്ടുണ്ട്. ഫ്‌ളോറിഡക്കാരൻ ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി അവരെ ഉപയോഗിച്ച് 58 പോൺ വിഡിയോകൾ നിർമ്മിച്ച് അപ്ലോഡു ചെയ്തു എന്നത് ഇക്കൂട്ടത്തിൽ ഉള്ളതാണ്. ബലമായി അവർക്ക് ഗർഭച്ഛിദ്രം നടത്തി എന്നതും ഈ കേസിലുണ്ട്. മറ്റൊരു 14 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം വിഡിയോ പോൺഹബിലിട്ട കേസ് ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്.

ലോകത്തെ പുരോഗമനവാദികളുടെ പോലും കോപം ക്ഷണിച്ചുവരുത്തിയത് പോൺഹബും ഗേൾസ് ഡൂ പോൺ എന്ന വെബ്‌സൈറ്റുമായുള്ള കൂട്ടുകെട്ടായിരുന്നു. ഗേൾസ് ഡൂ പോൺ എന്ന വെബ്‌സൈറ്റ് തങ്ങളെ ഇരകളാക്കി എന്ന് അവകാശപ്പെട്ട് നൂറിലേറെ സ്ത്രീകളാണ് രംഗത്തെത്തിയത്. ഇതേ തുടർന്ന് പോൺഹബ് തങ്ങൾക്കിനി ഗേൾസ് ഡൂ പോണുമായി യാതൊരു ഔദ്യോഗിക ബന്ധവും ഉണ്ടായരിക്കില്ലെന്നു പറയുകയായിരുന്നു. ഗേൾസ് ഡൂ പോണിന്റെ ഉടമകളെ, ലൈംഗിക ആവശ്യത്തിനായി സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾക്കായി അറസ്റ്റു ചെയ്തിരുന്നു.

എന്നാൽ, പോൺഹബ് ഒരു 15-വയസുകാരി പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ 58 വിഡിയോകൾ അപ്ലോഡ് ചെയ്യാൻ അനുവദിക്കുകയും അതിൽനിന്ന് കാശുണ്ടാക്കുകയും ചെയ്തുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ കുട്ടിയെക്കുറിച്ചുള്ള കാര്യങ്ങൾ പരിശോധിക്കുമെന്ന് പോൺഹബ് പറഞ്ഞുവെങ്കിൽ പിന്നീട് ഒന്നും സംഭവിച്ചില്ല. എന്നാൽ, പരിശോധിച്ച് അതു സത്യമാണെന്നു കണ്ടപ്പോൾ അവർ ട്വീറ്റ് ഡിലീറ്റു ചെയ്യുകയാണ് ചെയ്തത്. ഇത്തരം ഉള്ളടക്കം നീക്കം ചെയ്യാനായി നടപടികൾ കൈക്കൊള്ളുമെന്ന ഒരു പ്രസ്താവന മാത്രമാണ് പോൺഹബിന്റെ ഭാഗത്തു നിന്നുണ്ടായത്.

പോൺഹബ് പരിപൂർണമായി അടച്ചുപൂട്ടണമെന്ന ആവശ്യവുമായാണ് മിക്കവരും രംഗത്തുവരുന്നത്. ഏകദേശം മൂന്ന് ലക്ഷം പേരാണ് പോൺഹബിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ളത്. പോൺഹബിനായി വിഡിയോ സൃഷ്ടിക്കുന്നവരുടെ വലയിൽ വീഴുന്ന കുട്ടികളുടെ പ്രായം പരിശോധിക്കാൻ പോലും പോൺഹബ് തയാറാകുന്നില്ല എന്ന ആരോപണമാണ് ഇപ്പോൾ ഉയർത്തുന്നവയിൽ പ്രധാനം ആരോപണം. ഇത്ര വലിയ കമ്പനിക്ക് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയെക്കുറിച്ച് ഒരു ബോധവുമില്ലാതെ എങ്ങനെ പെരുമാറാനാകുമെന്നാണ് നിയമവിദഗ്ദ്ധർ ചോദിക്കുന്നത്.

സ്ത്രീകളുടെ സമ്മതത്തോടെയാണോ അവരുടെ വിഡിയോ സൃഷ്ടിച്ചിരിക്കുന്നതെന്നും കുട്ടികളെപ്പോലെ തോന്നിക്കുന്നവരുടെ ശരിക്കുള്ള പ്രായമെന്താണെന്നും പരിശോധിക്കാതെ അവ വിറ്റു കാശുണ്ടാക്കുന്നുവെന്ന ആരോപണമാണ് പലരും ഉന്നയിക്കുന്നത്. ആർക്കും വെബ്‌സൈറ്റിലേക്ക് കണ്ടെന്റ് അപ്ലോഡ് ചെയ്യാം. ഒരു വേരിഫിക്കേഷനും ഇല്ലെന്നും അവർ പറയുന്നു. ഇതു പോലെ തന്നെ ആർക്കും ഡൗൺലോഡ് ചെയ്യാനും കഴിയും.