കവരത്തി: ലക്ഷദ്വീപിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. എഡിഎമ്മിന്റെ അനുമതി ഉള്ളവർക്ക് മാത്രമാണ് തിങ്കളാഴ്ച മുതൽ ദ്വീപിലേക്ക് സന്ദർശനാനുമതി. നിലവിൽ സന്ദർശനത്തിനെത്തി ദ്വീപിലുള്ളവർക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിന്റെ അനുമതി വേണം.

കോവിഡ് വ്യാപനത്തിന്റെ പേരിലാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ, ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ വിമർശനവുമായി മുൻ അഡ്‌മിനിസ്‌ട്രേറ്റർ ഉമേഷ് സൈഗാൾ രംഗത്തെത്തി.

പുതിയ തീരുമാനങ്ങൾ ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് ഉമേഷ് സൈഗാൾ അഭിപ്രായപ്പെട്ടു. ഗുണ്ട ആക്ടും അംഗനവാടികൾ അടച്ചു പൂട്ടിയതും ഉദ്യോഗസ്ഥരെ മാറ്റിയതും മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചതും തെറ്റായ നടപടികളാണ്.

അഡ്‌മിനിസ്‌ട്രേറ്റർക്ക് പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നതായും ഉമേഷ് സൈഗാൾ പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് അയച്ച കത്തിലാണ് ഉമേഷ് സൈഗാളിന്റെ പരാമർശം.

പുതിയ നിയമപരിഷ്‌കാരങ്ങളിൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷനും ജില്ലാപഞ്ചായത്തും തുറന്ന പോരിലേക്ക് കടന്നു. വകുപ്പ് സെക്രട്ടറി എ ടി ദാമോദർ അമിതാധികാരം ഉപയോഗിക്കുന്നു എന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബി ഹസ്സൻ കത്തയച്ചു.

അഡിമിനിസ്‌ട്രേഷന് എതിരെ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് അഡ്‌മിനിസ്‌ട്രേഷനെതിരെ പ്രത്യക്ഷ പോരുമായി ജില്ലാപഞ്ചായത്തും രംഗത്തെത്തിയിരിക്കുന്നത്.

ജില്ലാ പഞ്ചായത്തിന് കീഴിലെ അധികാരങ്ങൾ അഡ്‌മിനിസ്‌ട്രേഷൻ ഏറ്റെടുക്കണമെങ്കിൽ ഇക്കാര്യം കാണിച്ച് വിഞ്ജാപനം പുറപ്പെടുവിക്കുകയും അതിന് കേന്ദ്രസർക്കാരിന്റെയും രാഷ്ട്രപതിയുടെയും അംഗീകാരം ലഭിക്കുകയും വേണമെന്ന് കാണിച്ചാണ് കത്ത്. ഇതിന് മുമ്പ് വകുപ്പുകൾ ഏറ്റെടുത്ത് സെക്രട്ടറി ഉത്തരവുകളിറക്കുന്നത് ശരിയല്ലെന്നും കത്തിൽ പറയുന്നു.

വികസന പദ്ധതികളും നിയമപരിഷ്‌കാരങ്ങളും നടപ്പിലാക്കുമ്പോൾ പഞ്ചായത്തുകളോട് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടാണ് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കിയത്. അഡ്‌മിനിസ്‌ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളിലും കളക്ടർ അസ്‌കറലിയുടെ പ്രസ്താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്.

ഇതിനിടെ തീരപ്രദേശത്തെ സുരക്ഷ ലെവൽ രണ്ട് ആക്കി വർധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഉത്തരവിറക്കി. ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് നടപടി.