കൊല്ലം : വിസ്മയ കേസിൽ ഭർത്താവ് കിരണിന് ജാമ്യം അനുവദിക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി. വിധി പറയാൻ ഈ മാസം 5 ലേക്ക് മാറ്റി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസന്വഷണം പുരോഗമിക്കുന്നതെന്നും, രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെന്നും പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ.ബി.എ.ആളൂർ വാദിച്ചു. വീടുകളിൽ സാധാരണയായി ഭാര്യ - ഭർത്താക്കന്മാർ തമ്മിൽ ഉണ്ടാവുന്ന തരത്തിലുള്ള ചെറിയ വഴക്കുമാത്രമെ കിരൺ -വിസ്മയ ദമ്പതികൾ തമ്മിലും ഉണ്ടായിട്ടുള്ളു എന്നും ആളൂർ വാദിച്ചു.ശാസ്താംകോട്ട കോടതിയിലായിരുന്നു വാദം.

അതേസമയം, കേസന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഈ ഘട്ടത്തിൽ പ്രതിക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കുന്നതിന് സാധ്യതയുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കരുത് എന്നുമായിരുന്നു പ്രൊസിക്യൂഷൻ ഭാഗത്തിന്റെ വാദം. ഓൾ കേരള മെൻസ് അസ്സോസിയേഷൻ പ്രവർത്തകർ കേസ്സിൽ കിരണിന് പിൻതുണ പ്രഖ്യാപിച്ച് പ്ലാകാർഡുകളുമേന്തി കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു.

അഡ്വ.ആളൂർ മാധ്യമങ്ങളോട് പറഞ്ഞത്:

'കോടതിയിൽ പ്രതിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം മീഡിയ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ്. പ്രതിക്ക് പറയാനുള്ളത് പറയാൻ ഇന്നാണ് അവസരം ലഭിച്ചത്. എത്രയോ മരണങ്ങൾ, തൂങ്ങിമരണങ്ങൾ, കൊലപാതകങ്ങൾ കേരളത്തിലും ഇന്ത്യയിലും നടക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് മീഡിയ സ്റ്റാൻഡ് ഉള്ളതുകൊണ്ട് പ്രചാരണം നടക്കുന്നു. പൊളിറ്റിക്കൽ സപ്പോർട്ട് ഉണ്ട്. കിരൺ കുമാറിന്റെ പിതാവും, ഓൾ കേരള മെൻസ് അസ്സോസിയേഷനും വിളിച്ചത് അനുസരിച്ചാണ് കേസിൽ ഹാജരായത്.

അവർ പറയുന്ന കാര്യമിതാണ്, സ്ത്രീകൾക്ക് മാത്രമാണോ വീടുകളിൽ പീഡനം അനുഭവിക്കേണ്ടി വരുന്നത്? പുരുഷന്മാർക്കും വീടുകളിൽ പീഡനം നേരിടേണ്ടി വരുന്നില്ല? ഇപ്പോൾ സ്ത്രീപീഡനത്തിന് എതിരെ കൈയുയർത്തുന്നവർ എന്തുകൊണ്ട് പുരുഷ പീഡനങ്ങൾക്കെതിരെ കൈ ഉയർത്തുന്നില്ല? ഇതാണ് മെൻസ് അസ്സോസിയേഷൻ പ്രവർത്തകരുടെ ഈ കേസിലെ നിലപാട്.

ഈ കേസിനെ സംബന്ധിച്ചിടത്തോളം വ്യക്തമായ തെളിവുകൾ ഇല്ലാതെ പൊലീസ് കസ്റ്റഡി നൽകുകയും, അതനുസരിച്ച് പൊലീസിനെ കൊണ്ട് അന്വേഷണം നടത്തിക്കുന്ന രീതിയാണ്, പൊളിറ്റിക്കലി മോട്ടിവേറ്റഡ് ആണ്. മിനിസ്റ്റർ അടക്കമുള്ള എല്ലാ വ്യക്തികളും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

കിരൺ കുമാർ ഒരു ആർടിഒ ഓഫീസറായി ജോലി ചെയ്യുന്നു. അയാൾ തികച്ചും നിരപരാധിയാണ്. എന്തോ ചെറിയ കലാപങ്ങളോ..വീട്ടിലുണ്ടായ ചീത്തവിളിയോ, അല്ലെങ്കിൽ ചെറിയ ഉപദ്രവമോ ആണ് ഇതിലേക്ക് നയിച്ചത് എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. അത് എല്ലാ കുടുംബത്തിലും ഉണ്ടാകുന്ന സ്വരച്ചേർച്ചയില്ലായ്മ, അതിനെ ഇത്രയും പർവതീകരിച്ച് കാണിക്കുന്ന രീതി നമ്മുടെ നാട്ടിലുണ്ട്. തെളിവാണ് പ്രതികൾക്കെതിരെ കൊണ്ടുവരേണ്ടത്..അല്ലാതെ ഇത്തരം ഗോസിപ്പുകളല്ല.

കേസിൽ ഇപ്പോൾ ചാർജ്ജുചെയ്തിട്ടുള്ളത് ഗാർഹിക പീഡനം സംബന്ധിച്ചുള്ള വകുപ്പുകളാണെന്നും നിലവിലെ തെളിവുകൾ പ്രകാരം അരുണിനെ കൊലപാതക കേസ്സിൽ ഉൾപ്പെടുത്താനാവില്ലന്നും ആളൂർ കൂട്ടിച്ചേർത്തു.മോട്ടോർവാഹന വകുപ്പ് ജീവനക്കാരനായ കിരൺ കേസിൽ കുടുങ്ങിയതോടെ സർവ്വീസിൽ നിന്നും പുറത്താക്കാൻ വകുപ്പുതല നീക്കം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം കിരണിന്റെ വീട്ടിൽ ലഭിച്ചിരുന്നു.

പൊലീസ് കേസിനൊപ്പം സർക്കാർ നടപടിക്കെതിരെയും നിയമനടപടിയുമായി മുന്നോട്ടുപോകുന്നതിനാണ് കുടുംബം തീരുമാനിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തിൽ അടുത്ത ബന്ധുക്കൾ നിയമോപദേശം തേടിയതായും ആളൂർ അറിയിച്ചു. കേസ് നടപടികൾക്കായി ആളൂരിനെ ചുമതലപ്പെടുത്തിയിട്ടുള്ളതായി കിരണിന്റെ പിതാവ് സദാശിവൻ മറുനാടനോട് സമ്മതിച്ചു.

കഴിഞ്ഞ മാസം 19-ന് പുലർച്ചെയാണ് കിരണിന്റെ വീട്ടിലെ ശുചിമുറിയിൽ ടൗവ്വൽ ഉപയോഗിച്ച് ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ വിസ്മയയുടെ ജഡം കാണപ്പെട്ടത്. സംഭവത്തിന് ശേഷം വീട്ടിൽ നിന്നും മാറിനിന്ന കിരൺ പൊലീസ് അന്വേഷണം മുറുകിയതോടെ ശൂരനാട് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. അസ്വാഭാവിക മരണത്തിനാണ് സംഭവത്തിൽ പൊലീസ് ആദ്യം കേസെടുത്തിരുന്നത്. ഗാർഹിക പീഡനം നടന്നതായി തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ഇതുസംബന്ധിച്ച വകുപ്പുകൾ കൂടി കേസ്സിൽ ഉൾപ്പെടുത്തുകയും കിരണിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേസ്സിൽ പൊലീസ് പഴുതടച്ചുള്ള അന്വേഷണമാണ് നടത്തിവരുന്നത്. കഴിഞ്ഞ ദിവസം കിരണിന്റെ വീട്ടിലെത്തിയ പൊലീസ് സംഘം ഡമ്മിപരീക്ഷണം ഉൾപ്പെടെയുള്ള ശാസ്ത്രീയ പരീക്ഷണവും നടത്തിയിരുന്നു. വിസ്മയയ്ക്ക് ജനലിന്റെ കമ്പിയിൽ സ്വയം കുടുക്കിട്ട് തൂങ്ങാനാവില്ലെന്നും കൊന്നശേഷം കിരൺ കെട്ടിത്തൂക്കിയതാവുമെന്നും ബന്ധുക്കൾ സംശയമുന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നതിനാണ് പൊലീസ് ഡമ്മിപരീക്ഷണത്തിന് തയ്യാറായത്. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

2020 മെയ് 31 നായിരുന്നു ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്രവിലാസത്തിൽ ശിവദാസന്റെ മകൻ കിരണും നിലമേൽ കൈതോട് കുളത്തിൻകര പുത്തൻവീട്ടിൽ ത്രിവിക്രമൻ നായരുടെ മകൾ വിസ്്മയയും തമ്മിലുള്ള വിവാഹം.രാത്രിയിൽ താനും ഭാര്യയും തമ്മിൽ വഴക്കുണ്ടായി എന്നും ഇതിനുേശഷം വിസമയ ബാത്ത്റൂമിൽ കയറി കതകടച്ചുവെന്നും ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനാൽ വാതിൽ ചവിട്ടിപ്പൊളിച്ചു നോക്കിയപ്പോൾ തൂങ്ങി നിൽക്കുന്നത് കണ്ടു എന്നുമാണ് കിരൺ പൊലീസിൽ നൽകിയിട്ടുള്ള മൊഴി.

കെട്ടഴിച്ച് താഴെ ഇറക്കിയെന്നും ഉടൻ ശാസ്താകോട്ട പത്മാവതി ആശുപത്രിയിൽ എത്തിച്ചുവെന്നും ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചതെന്നും മൊഴിയെടുപ്പിൽ കിരൺ പൊലീസിന് മുമ്പാകെ സമ്മതിച്ചിട്ടുണ്ട്. വിവാഹശേഷം വലിയ സന്തോഷത്തിലായിരുന്നു ഇവരുടെ ദാമ്പത്യം മുന്നോട്ടു പോയിരുന്നതെന്നാണ് വിശ്വസിച്ചിരുന്നതെന്നും എന്നാൽ മാസങ്ങൾക്കകം തന്നെ മദ്യപിച്ച് ലെക്കുകെട്ട് കിരൺ അക്രമാസക്തനായത് നേരിൽ കാണേണ്ടിവന്നെന്നും ഇതുതങ്ങളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചെന്നും വിസ്മയുടെ മരണത്തിന് പിന്നാലെ ഉറ്റവർ വ്യക്തമാക്കിയിരുന്നു.

2021 ജനുവരിയിൽ മദ്യപിച്ച് കാലു നിലത്തുകുത്താൻ കഴിയാതെ എത്തിയ കിരൺ വിസ്മയയെ നിലമേലിലെ വീട്ടിൽ കൊണ്ടുവന്ന ശേഷവും മർദ്ദിച്ചതായും പിടിച്ചുമാറ്റാൻ ശ്രമിച്ച സഹോദരൻ വിജിത്തിനെ ക്രൂരമായി മർദ്ദിക്കുകയും കൈയിൽ പിടിച്ച് തിരിക്കുകയും ഇതെത്തു
ടർന്ന് ഇയാൾക്ക് തോളെല്ലിന് പരിക്കേറ്റതായും ബന്ധുക്കൾ വെളിപ്പെടുത്തി.

സ്വന്തം നാട്ടിൽ ആരോടും വലിയ അടുപ്പമില്ലാത്തയാളായിരുന്നു കിരൺ. പ്ലസ്ടു വിദ്യാഭ്യാസം കഴിഞ്ഞ് കോഴിക്കോട് കെ.എം.സി.ടി എഞ്ചിനീയറിങ് കോളേജിൽ ബിടെക്ക് പഠിക്കാനായി പോയി. ഓട്ടോമൊബൈലിൽ ബിടെക്ക് എടുത്തശേഷം കെ.എസ്.ആർ.ടി.സി യിൽ താൽക്കാലിക ജീവനക്കാരാനായി ജോലിയിൽ കയറി. പിന്നീട് വിവിധ വർക്ക്ഷോപ്പുകളിലും ജോലി ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാകണമെന്ന അതിയായ ആഗ്രഹംമൂലമാണ് എ.എം വിഐ പരീക്ഷ എഴുതിയത്. ഇതിൽ സെലക്ടാവുകയും ആദ്യ പോസ്റ്റിങ് കോഴിക്കോട് ആർ.ടി.ഓഫീസിലുമായിരുന്നു. ഒരു വർഷത്തോളം അവിടെ ജോലി ചെയ്ത ശേഷം കൊല്ലത്തേക്ക് വരികയും വീടിന് സമീപത്ത് തന്നെയുള്ള കുന്നത്തൂർ സബ് ആർ.ടി.ഓഫീസിൽ എ.എം വിഐ ആയി എത്തുകയായിരുന്നു. നിയമലംഘകരോട് യാതൊരു വിട്ടു വീഴ്ചയും ചെയ്യാതെ കടുത്ത പിഴയാണ് ഈടാക്കിയിരുന്നത്. കുന്നത്തൂരിൽ നിന്നും ഇയാൾ പിന്നീട് കൊല്ലം എൻഫോഴ്സ്മെന്റ് ആർ.ടി.ഒയിലേക്ക് പോകുകയായിരുന്നു.

ഇവിടെ ജോലിചെയ്യുന്ന സമയമാണ് ജനുവരിയിൽ വിസ്മയയെ നിലമേലിലെ വീട്ടിൽ കൊണ്ടു പോയി തല്ലുകയും മർച്ചന്റ് നേവിക്കാരനായ സഹോദരന്റെ തോളെല്ല് ഇടിച്ച് തകർക്കുകയും ചെയ്തത്. ഈ സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യാനൊരുങ്ങിയപ്പോൾ സഹപ്രവർത്തകരും ബന്ധുക്കളും എത്തി വിസ്മയയുടെ പിതാവിനോടും സഹോദരനോടും സംസാരിച്ച് കേസ് പിൻവലിപ്പിക്കുകയായിരുന്നു. ഈ പ്രായത്തിൽ ജോലി പോയാൽ പിന്നീട് ഒരിക്കലും കിട്ടില്ല അതിനാൽ ക്ഷമിക്കണമെന്നായിരുന്നു അവരുടെ അപേക്ഷ. ഈ സംഭവത്തിന് ശേഷം കൊല്ലം ആർ.ടി.ഫീസിൽ സഹപ്രവർത്തകരും മേലുദ്യോഗസ്ഥരും ഇയാളെ പലതവണ ഉപദേശിച്ചു. എന്നാൽ വീണ്ടും പഴയപടിതുടരുകയായിരുന്നു.