കൊല്ലം: സ്ത്രീപീഡനത്തെ തുടർന്ന് വിസ്മയ എന്ന യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച കേസിലെ പ്രതി കിരൺ കുമാർ അഭിഭാഷകരെ മാറ്റി. അഡ്വ. സി. പ്രതാപചന്ദ്രൻ പിള്ള, അഡ്വ. ഷൈൻ എസ് പട്ടംതുരുത്ത് എന്നിവരെയാണ് കിരൺ കുമാറിന് വേണ്ടി നിയോഗിച്ചത്. ഇതിന് ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതി അനുവാദം നൽകി. അതേസമയം നേരത്തെ കേസ് വാദിച്ച അഡ്വ. ആളൂരിന്റെ അഭിഭാഷകൻ കോടതിയിൽ ഹാജരായതും നാടകിമായി.

കേസിലെ പ്രതി വിസ്മയയുടെ ഭർത്താവ് കിരൺകുമാർ അഭിഭാഷകനെ മാറ്റാൻ കോടതിയുടെ അനുവാദം വാങ്ങിയെങ്കിലും നേരത്തേ വക്കാലത്ത് എടുത്ത അഡ്വ. ആളൂരിന്റെ ജൂനിയർ ഇന്നലത്തെ കോടതി നടപടികളിൽ പങ്കെടുത്തതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്. കേസ് നിലവിൽ പരിഗണിക്കുന്ന ശാസ്താംകോട്ട മജിസ്‌ട്രേട്ട് കോടതിയിലാണ് അഭിഭാഷകനെ മാറ്റാൻ അനുവാദം തേടി അപേക്ഷിച്ചത്.

ഇതനുസരിച്ചു മജിസ്‌ട്രേട്ട് കോടതിയിലേക്കും കിരൺകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജില്ലാ സെഷൻസ് കോടതിയിലേക്കുമുള്ള വക്കാലത്ത് കിരൺകുമാറിൽ നിന്ന് ഒപ്പിട്ടു സമർപ്പിക്കുകയും ചെയ്തു. ഇന്നലെ സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ അഡ്വ. സി. പ്രതാപചന്ദ്രൻപിള്ള ഹാജരായി കേസ് പഠിക്കാൻ ഒരു ദിവസത്തെ സമയം ആവശ്യപ്പെട്ടു. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് എതിർത്തതുമില്ല.

ഇതേസമയം അഡ്വ. ആളൂരിന്റെ ജൂനിയറും ഓൺലൈൻ ആയി നടന്ന കോടതി നടപടികളിൽ പങ്കെടുത്തു. ലഭ്യമായ രേഖകൾ പ്രകാരം അഭിഭാഷകനെ മാറ്റിയതായി ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കുകയും ചെയ്തതോടെയാണ് ആശയക്കുഴപ്പം നീങ്ങിയത്. അഡ്വ. ആളൂരിന്റെ ജൂനിയർ പിന്നീട് ഇടപെട്ടതുമില്ല. കേസ് ഇനി 31നു പരിഗണിക്കും.

വിസ്മയ കേസുമായി ബന്ധപ്പെട്ട് പ്രതിയും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺകുമാറിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. കേരള സിവിൽ സർവീസ് ചട്ടം അനുസരിച്ചാണ് നടപടി. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് കൊല്ലം റീജണൽ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാറിനെ പിരിച്ചിവിട്ടത്.

അന്വേഷണം പൂർത്തിയാകും മുൻപ് പിരിച്ചുവിടുന്നത് അത്യപൂർവ നടപടിയായിരിരുന്നു ഇത്. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല. പിരിച്ചുവിട്ടതിനാൽ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇനി കിരണിന് ലഭിക്കില്ല. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്തിരുന്നു.

ജൂൺ 21നാണ് വിസ്മയയെ കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീപീഡനത്തെ തുടർന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ കിരൺകുമാർ സ്ത്രീധനത്തിന്റെ പേരിൽ വിസ്മയയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.