കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കൊല്ലം എൻഫോഴ്‌സ്‌മെന്റിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാറിനെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.സ്ത്രീധന പീഡനത്തിന്റെ പേരിൽ ജീവനൊടുക്കിയ വിസ്മയയുടെ മരണത്തിനു ഉത്തരവാദിയായ കിരൺകുമാറിനെതിരെ സസ് പെൻഷൻ ഉൾപ്പെടെ വകുപ്പ് തല നടപടി കൂടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനോട് ആവശ്യപ്പെട്ടിരുന്നു. നടപടി ഉണ്ടാകുമെന്ന് രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

സംഭവത്തിലെ പൊലീസ് അന്വേഷണത്തിന് ദക്ഷിണ മേഖല ഐജി ഹർഷിത അത്തല്ലൂരി മേൽനോട്ടം നിർവ്വഹിക്കും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നടപടികളുടെ ഭാഗമായി ഐ.ജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. പെൺകുട്ടിയുടെ മരണത്തിൽ കുറ്റവാളികൾക്കെതിരെ മുൻവിധി ഇല്ലാതെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുള്ള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

അതിനിടെ, വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് കിരൺകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കിരൺകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കൂടിയായ കിരൺകുമാറിനെതിരെ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കാനാണ് പൊലീസ് നീക്കം. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

യുവതിയുടെ മരണത്തിൽ ഭർത്താവിനെ കൂടാതെ മാതാപിതാക്കളും സഹോദരിയും ഉൾപ്പെട്ടേക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ഷാഹിദാ കമാൽ പറഞ്ഞു. വിസ്മയ മരണപ്പെട്ടതിന്റെ തലേദിവസം കിരണിന്റെ സഹോദരി വീട്ടിലുണ്ടായിരുന്നുവെന്നാണ് പെൺകുട്ടിയുടെ സഹോദരനോട് കൂട്ടുകാരി പറഞ്ഞതെന്നും അത് പരിശോധിക്കപ്പെടണമെന്നും ഷാഹിദാ കമാൽ പറഞ്ഞു. വിസ്മയയെ കിരണിന്റെ മാതാപിതാക്കൾ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും സഹോദരൻ പറഞ്ഞതായി ഷാഹിദ കമാൽ മാധ്യമങ്ങളോട് പറഞ്ഞു. വിസ്മയയുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, വിസ്മയയെ കഴിഞ്ഞ ദിവസം മർദ്ദിച്ചിട്ടില്ലെന്നും, പുറത്ത് വന്ന ദൃശ്യങ്ങൾ ഉൾപ്പെടെ മുൻ താൻ മുമ്പ് മർദിച്ചതിന്റെ് പാടുകളാണെന്നും ഇയാൾ മൊഴി നൽകിയെന്നാണ് പുറത്ത് വരുന്ന വിവരം. തിങ്കളാഴ്ച പുലർച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. ഇതിന് ശേഷം രാത്രി തന്നെ വീട്ടിൽപോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടു. ആ സമയം മാതാപിതാക്കൾ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷം ശൗചാലയത്തിൽപോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. വാതിൽ ചവിട്ടിത്തുറപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നും കിരൺ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.