കോട്ടയം: വിതുര പെൺവാണിഭ കേസിൽ ഒന്നാം പ്രതി കൊല്ലം ജുബൈദ മൻസിലിൽ സുരേഷിന് ഇരുപത്തിനാലു വർഷം തടവുശിക്ഷ. പ്രതി ഒരു ലക്ഷത്തി ഒൻപതിനായിരം രൂപ പിഴ ഒടുക്കണമെന്നും ഈ തുക പെൺകുട്ടിക്കു നൽകാനും കോട്ടയം അഡീഷണൽ സെഷൻസ് കോടതി രണ്ട് ജഡ്ജി ജോൺസൻ ജോൺ വിധിച്ചു.വിവിധ വകുപ്പുകളിലായി വിധിച്ച തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ പത്തു വർഷം ജയിലിൽ കിടന്നാൽ മതിയാവും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വയ്ക്കുകയും വിവിധയാളുകൾ പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്. ഇതിൽ രജിസ്റ്റർ ചെയ്ത 24 കേസുകളിൽ ഒരു കേസിലാണ് ഇന്നലെ സുരേഷ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. മറ്റു കേസുകളിൽ വിചാരണ തുടരും.പ്രതി കുറ്റക്കാരനാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. പെൺകുട്ടിയെ അന്യായമായി തടങ്കലിലാക്കൽ, വ്യഭിചാരത്തിനായി വിൽപ്പന, വ്യഭിചാരശാല നടത്തിപ്പ് എന്നീ കുറ്റകൃത്യം പ്രതിക്കെതിരെ തെളിഞ്ഞു. ബലാത്സംഗം, പ്രേരണാക്കുറ്റം എന്നിവ കണ്ടെത്താനായില്ല.

1996 ജൂലൈ 16 നു ഒരു പ്രതിയോടൊപ്പം പെൺകുട്ടി പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണു സംഭവങ്ങൾ പുറത്തറിയുന്നത്. ജൂലൈ 23 നൽകിയ മൊഴിയെ തുടർന്നാണ് പീഡന കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ രജിസ്റ്റർ ചെയ്ത 24 കേസുകളിലും ഒന്നാം പ്രതിയാണ് സുരേഷ്.2019 ഒക്ടോബർ 17 മുതലാണു പീഡനക്കേസിലെ മൂന്നാം ഘട്ട വിചാരണ കോട്ടയത്തെ പ്രത്യേക കോടതിയിൽ ആരംഭിച്ചത്. കേസിലെ മറ്റു പ്രതികളെ വെറുതേ വിട്ടപ്പോൾ ഇയാൾ ഒന്നാം പ്രതി താനാണെന്നു വ്യക്തമാക്കി കോടതിയിൽ സ്വയം കീഴടങ്ങിയതാണെന്നു പ്രോസിക്യൂഷൻ വാദിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ രാജഗോപാൽ പടിപ്പുരയ്ക്കൽ ഹാജരായി.

1995 ഒക്ടോബർ 23ന് രാത്രി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അയൽവാസി അജിതാബീഗമാണ് തട്ടിക്കൊണ്ടുപോയി സുരേഷിന് വിൽക്കുന്നത്. സുരേഷ് പീഡിപ്പിച്ചശേഷം പ്രമുഖ വ്യക്തികൾ ഉൾപ്പെടെയുള്ളവർക്ക് പണം കൈപ്പറ്റി കൈമാറ്റം ചെയ്തെന്നും അവർ കേരളത്തിനകത്തും പുറത്തും കൊണ്ടുപോയി പീഡിപ്പിച്ചെന്നുമാണ് കേസ്.നടൻ ജഗതി ശ്രീകുമാർ ഉൾപ്പെടെ പ്രതിചേർക്കപ്പെട്ടതോടെയാണു വിതുര കേസ് സമൂഹശ്രദ്ധയാകർഷിച്ചത്. ഒൻപതുമാസം നീണ്ട ക്രൂരപീഡനമാണു പെൺകുട്ടിക്കു നേരിടേണ്ടിവന്നത്.