തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്തെ മണൽത്തിട്ട ഒരാഴ്ച കൊണ്ട് നീക്കും. വ്യാഴാഴ്ചയാണ് മണൽ നീക്കാൻ തുടങ്ങിയത്.മൺസൂൺ ശക്തമാകുന്നതിന് മുൻപ് മണ്ണ് നീക്കം ചെയ്യുകയാണ് ലക്ഷ്യം. തുറമുഖത്തിന്റെ പ്രവേശനകവാടത്തിന്റെ ചാലിന് ഇപ്പോൾ എട്ട് മീറ്റാണ് ആഴം. ഏഴ് ദീവസം കൊണ്ട് ആഴം പത്ത് മീറ്ററാക്കാനാണ് ലക്ഷ്യം. എടുക്കുന്ന മണ്ണ് ആഴക്കടലിൽ നിക്ഷേപിക്കും.

കഴിഞ്ഞ ചൊവ്വാഴ്ച ശക്തമായ തിരയിലും കാറ്റിലും പെട്ട് വിഴിഞ്ഞത്ത് മൂന്ന് പേർ മരിച്ചതാണ് അടിയന്തരനടപടിയിലേക്ക് നീങ്ങാൻ കാരണം. അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടയാണ് അപകടത്തിന് കാരണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി.കടലിനടിയിലെ മണ്ണ് നീക്കാനുള്ള ഡ്രജർ ഇവിടെ ഇല്ലായിരുന്നു. തുടർന്ന് മണ്ണുമാന്തിയന്ത്രം വിശാലമായ ബാർജിൽ സജ്ജമാക്കിയാണ് മണ്ണ് നീക്കുന്നത്

മന്ത്രി സജീ ചെറിയാന്റെ നിർദ്ദേശപ്രകാരം അദാനി ഗ്രൂപ്പാണ് മണൽ നീക്കൽ പ്രവൃത്തി നടത്തുന്നത്.അതേസമയം തുറമുഖത്ത് അപകടത്തിന് കാരണം മണൽ തിട്ടയല്ലെന്ന നിലപാടിലാണ് അദാനി പോർട്ട് ട്രസ്റ്റ്.മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെട്ടത് പോലെ മണൽത്തിട്ട അധികമില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയതെന്ന് അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു.