വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖത്തുകൊഴിയാള ചാകര. രാവിലെ തുടങ്ങിയ ചാകരക്കൊയ്ത്ത് വൈകീട്ടുവരെ നീണ്ടു. ചാകര എത്തിയതോടെ മീനിന്റെ വിലയും കുത്തനെ കുറഞ്ഞു. കൊഴിയാള വാങ്ങാൻ തുറമുഖത്തേക്ക് ആളുകൾ ഇടിച്ചുകയറി.

രാവിലെ കുട്ട ഒന്നിന് രണ്ടായിരം രൂപയായിരുന്നു വില. എന്നാൽ ഉച്ചയോടെ വില കുട്ടയൊന്നിന് 300 രൂപയിൽ എത്തി. വിലക്കുറവ് നാട്ടിൽ പാട്ടായതോടെ തുറമുഖത്തുണ്ടായത് മീൻ വാങ്ങാനെത്തിയവരുടെ തിക്കും തിരക്കും. ചുളുവിലയിൽ കൊഴിയാള സ്വന്തമാക്കാൻ തമിഴ്‌നാട്ടിൽ നിന്നുവരെ വണ്ടിയുമായി ആളുകളെത്തി. കോഴിത്തീറ്റ നിർമ്മാണ ഫാക്ടറിക്കാരാണ് വിലക്കുറവിൽ മീൻ വാങ്ങാൻ കുതിച്ചെത്തിയത്.

ടൺ കണക്കിന് കൊഴിയാള മത്സ്യം കരയിലെത്തിയതോടെ ഫിഷ്ലാൻഡിൽ മീനിടാൻ സ്ഥലമില്ലാതായി. മീനുമായി എത്തിയ വള്ളങ്ങൾ തുറമുഖത്തെ പഴയ വാർഫിലാണ് പിന്നീട് മീൻ ഇറക്കിയത്. കുറഞ്ഞ സമയം കൊണ്ട് വാർഫിലും മീൻ കുന്നുകൂടി.

തുറമുഖത്തെത്തിയവർ കുറഞ്ഞ വിലക്ക് കുട്ടിക്കണക്കിന് മീനുമായി സന്തോഷത്തോടെ മടങ്ങിയെങ്കിലും മത്സ്യത്തൊഴിലാളികൾ നിരാശയിലാണ്. ഇന്ധനവില കൂടി നിൽക്കുമ്പോൾ മീൻ വില കുറഞ്ഞത് മത്സ്യത്തൊഴിലാളികൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്