തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖനിർമ്മാണം പൂർത്തിയാക്കാൻ സർക്കാർ നൽകിയ കരാർ കാലാവധി കഴിഞ്ഞിട്ടും പ്രധാന പ്രവർത്തിയായ കടൽഭിത്തി നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്. 20 ശതമാനം പണി മാത്രമാണ് കടൽ ഭാഗത്ത് പൂർത്തിയായതെന്ന് അദാനി തന്നെ സമ്മതിക്കുന്നു. എന്നാൽ കരഭാഗത്ത് 85 ശതമാനം പൂർത്തിയായെന്ന് അദാനി അവകാശപ്പെടുമ്പോളും നിർമ്മാണം പൂർത്തിയായ തുറമുഖഭാഗങ്ങൾ യഥാർത്ഥ ലക്ഷ്യത്തിൽ നിന്നും ഏറെ അകലെയുമാണ്.

ആറ് വർഷമായി വിഴിഞ്ഞം തുറമുഖം നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ട്. ഇതിനകം നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചത് വെറും 850 മീറ്റർ കടൽഭിത്തി മാത്രമാണ്. അതിനാൽ നിർമ്മാണം ഏറെക്കുറേ പൂർത്തിയായ ജട്ടി വരെയുള്ള കടൽഭാഗം നികത്താൻ അദാനിക്ക് കഴിയുന്നില്ല. മൂന്ന് കിലോമീറ്റർ കടൽ ഭിത്തിയിൽ ഇനിയും ഒരു കിലോമീറ്ററോളം കല്ലിടേണ്ടതുണ്ട്. എങ്കിൽ മാത്രമേ ബാക്കിയുള്ള കടൽഭാഗം കൂടി നികത്താൻ സാധിക്കുകയുള്ളു. എങ്കിൽമാത്രമേ കപ്പൽ നങ്കൂരമിടേണ്ട ഈ ജട്ടിയുടെ അവസാനഘട്ട പണികളും അദാനിക്ക് പൂർത്തിയാക്കാൻ സാധിക്കു.

കരഭാഗത്ത് 85 ശതമാനം പൂർത്തിയാക്കിയെന്ന് അദാനി അവകാശപ്പെടുമ്പോളും കരയിൽ പൂർത്തിയാക്കേണ്ട 22 തുറമുഖ കെട്ടിടങ്ങൾ ഇവിടെ ഇനിയും ഉയർന്നിട്ടില്ല. തുറമുഖത്തെ റെയിൽഗതാഗതവുമായി ബന്ധിപ്പിക്കേണ്ട റയിൽവേ പാളനിർമ്മാണം കേന്ദ്രസർക്കാരുമായുള്ള പ്രാരംഭഘട്ട ചർച്ചയിൽ മാത്രമാണ്.

നിർമ്മാണമാരംഭിച്ച് ആയിരം ദിവസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നാണ് 2015 ആഗസ്റ്റിൽ കരാർ ഒപ്പിടുമ്പോൾ ഗൗതം അദാനി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വേദിയിലിരുത്തി പ്രഖ്യാപിച്ചത്. പിന്നീട് 2019 ഡിസംബർ മൂന്ന് എന്ന സമയപരിധിയും പൂർത്തീകരിക്കാൻ അദാനിക്കായില്ല. പറഞ്ഞ സമയപരിധി ലംഘിച്ചാൽ അദാനിയിൽനിന്ന് ഈടാക്കേണ്ട നഷ്ടപരിഹാര തുകയെച്ചൊല്ലി വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡുമായുണ്ടായ തർക്കത്തെ തുടർന്ന് ആർബിട്രേഷൻ നടപടിയിലേക്ക് കടന്നിരുന്നു. പദ്ധതിയെച്ചൊല്ലി തർക്കമുണ്ടായാൽ ആദ്യം അനുരഞ്ജന ചർച്ച, അതും പരാജയപ്പെട്ടാൽ ആർബിട്രേഷൻ നടപടിയിലേക്ക് കടക്കാമെന്നതായിരുന്നു കരാർ വ്യവസ്ഥ.

ലോക്ക്ഡൗൺ കാലയളവിൽ പണിമുടങ്ങി എന്ന വാദം കമ്പനി ഉന്നയിച്ചതോടെ 34 ദിവസം ആ ഇനത്തിൽ സർക്കാർ ഒഴിവാക്കി നൽകിയിരുന്നു. അതുകഴിഞ്ഞ് ഒരു വർഷം കൂടി നീട്ടി നൽകി. കരാറിലെ സമയപരിധി ലംഘിച്ചാൽ ഒരു ദിവസം 12 ലക്ഷം രൂപവെച്ച് നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ അനുസരിച്ച് സംസ്ഥാനം നോട്ടീസ് നൽകി. എന്നാൽ ഓഖി ചുഴലിക്കാറ്റ്, വലിയ തിരമാല, ക്വാറികളുടെ ക്ഷാമം, പാറയുടെ ലഭ്യതയില്ലായ്മ, കോവിഡ് തുടങ്ങി 21 കാരണങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ അംഗീകരിക്കാൻ അദാനി ഗ്രൂപ്പ് തയ്യാറായില്ല. കരാറിൽ പറയുന്ന പ്രകാരം സ്റ്റുപ് സർവ്വീസ് കൺസൾട്ടൻസി പരിശോധിച്ച് നൽകിയ റിപ്പോർട്ടും അദാനി ഗ്രൂപ്പ് അംഗീകരിച്ചില്ല.

കേരളത്തിലെ ഭരണകക്ഷികളും പ്രതിപക്ഷവും ബിജെപി ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും വിഴിഞ്ഞം പദ്ധതിക്ക് അനുകൂല നിലപാടായിരുന്നു പൊതുവിൽ സ്വീകരിച്ചത്. 7,525 കോടി രൂപ ചെലവു വരുന്ന പദ്ധതിയിൽ 2,454 കോടി രൂപ അദാനിഗ്രൂപ്പിന്റെ സ്വന്തം ഫണ്ടാണ്. 1,635 കോടി രൂപ കേന്ദ്രസർക്കാർ വയബിലിറ്റി ഗ്യാപ് ഫണ്ടായി നൽകാനാണ് തീരുമാനം. സംസ്ഥാന സർക്കാരിൽനിന്നുള്ള വിഹിതം 3,436 കോടി രൂപയാണ്. അതായത്, ഒരു രൂപ പോലും കൈയിൽനിന്ന് മുടക്കാതെ 7,525 കോടി രൂപയുടെ ആസ്തി കരാറുകളാണ് അദാനിക്ക് കിട്ടുക. ഏറ്റവും കുറഞ്ഞത് 40 വർഷത്തേക്കെങ്കിലും. സാധാരണ ഇത്തരം വലിയ പദ്ധതികൾ ദൈർഘ്യമേറിയ കാലയളവിലേക്കാണ് കരാറുകൾ ഒപ്പിടുക.

പദ്ധതി രേഖകൾ പറയുന്നത് പ്രകാരം, രാജ്യത്തിന്റെ 80 ശതമാനം ചരക്ക് കൈമാറ്റവും കൈകാര്യം ചെയ്യാൻ കഴിയുന്ന ഇന്ത്യയുടെ ഏറ്റവും ആഴമേറിയ തുറമുഖമാണിത്. കരാർ പ്രകാരം 40 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് തുറമുഖം പ്രവർത്തിപ്പിക്കാം; ഇത് 20 വർഷം കൂടി നീട്ടുകയും ചെയ്യാം; 15 വർഷത്തിനു ശേഷം സംസ്ഥാന സർക്കാരിന് തുറമുഖത്തുനിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം ലഭിക്കും. ഇത് സാധാരണ പദ്ധതി പ്രവർത്തനങ്ങളിൽനിന്നു വ്യത്യസ്തമായ രീതിയാണെന്ന് അന്നുതന്നെ വിമർശനം ഉയർന്നിരുന്നു. സാധാരണ സർക്കാർ നൽകുന്ന വി.ജി.എഫ്. എന്ന ധനസഹായം പദ്ധതിയുടെ ഒരു ഘട്ടം പൂർത്തിയായിക്കഴിയുമ്പോൾ അതിന്റെ വിടവു നികത്താൻ കരാറുകാർക്കു നൽകുകയാണ് ചെയ്യുന്നത്. പദ്ധതി പാതിവഴിയിൽ അവർ ഉപേക്ഷിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

സമുദ്രത്തിൽനിന്ന് 130 ഏക്കർ നികത്തിയെടുക്കാൻ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകിയതിനു പുറമേ 360 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ നിലവിൽ സംഭാവന ചെയ്തു. സർക്കാർ മുതൽമുടക്കിനുശേഷം മാത്രമേ അദാനിഗ്രൂപ്പിന്റെ നിക്ഷേപം ആരംഭിക്കൂവെന്നതാണ് വസ്തുത. അതായത്, സ്ഥലം ഏറ്റെടുക്കലും കപ്പൽച്ചാലിന് ആഴംകൂട്ടലും യാർഡ് നിർമ്മാണവും പൂർത്തിയാക്കിയാൽ മാത്രമാണ് അദാനിക്ക് പാർപ്പിട സമുച്ചയവും വ്യാപാര സ്ഥാപനങ്ങളും ഹോട്ടലുകളും നിർമ്മിക്കുക. ഇത്തരം യുക്തിരഹിതമായ പല കാര്യങ്ങളും പദ്ധതി കരാറിലുണ്ടെന്ന് 2017-ലെ സിഎജി റിപ്പോർട്ടിൽ പറയുന്നുണ്ട്. 40 വർഷത്തെ ഇളവ് കാലാവധി അവസാനിക്കുമ്പോൾ പദ്ധതിക്ക് 5,608 കോടി രൂപയുടെ നഷ്ടമാകും സംഭവിക്കുക. മറ്റ് സംസ്ഥാനങ്ങളിലെ സമാന തുറമുഖങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തം പദ്ധതിച്ചെലവിൽ വരെ കാര്യമായ പിഴവുകളും സിഎജി കണ്ടെത്തിയിരുന്നു. ഇതെല്ലാം ചർച്ചയായിട്ടും പദ്ധതിയിൽനിന്ന് പിറകോട്ട് പോയില്ലെന്നു മാത്രമല്ല, ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടത്.

ആകെ നിർമ്മിക്കേണ്ട 4.5 കിലോമീറ്റർ ബ്രേക്ക് വാട്ടർ നിർമ്മിതിയുടെ വെറും 800 മീറ്റർ മാത്രമാണ് അഞ്ചുവർഷംകൊണ്ട് പൂർത്തിയാക്കിയത്. ഇതിൽ ഒരു കിലോമീറ്റർ കടലിലേക്ക് ഇറക്കിയാണ് പുലിമുട്ട് ഇടേണ്ടിയിരുന്നത്. ഓഖി വന്നപ്പോഴും 2019-ലെ കടൽ ക്ഷോഭത്തിലുമായി നിർമ്മിച്ചതിൽ ഏകദേശം 700 മീറ്റർ നിർമ്മിതി കടൽ കൊണ്ടുപോയി. ജനുവരിയിൽ നിയമസഭയിൽ തുറമുഖ വ്യവസായമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നൽകിയ മറുപടിയിൽ തുറമുഖ നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ടെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടി മാത്രമാണ് നൽകിയത്. നിർമ്മാണം മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിയും വിലയിരുത്തുന്നുണ്ടെന്നും ഓരോ മാസവും അവലോകനം ചെയ്യുന്നുണ്ടെന്നുമാണ് സർക്കാരിന്റെ മറുപടി. ഇതിനായി ഒരു സ്‌പെഷ്യൽ പ്രൊജക്ട് ഡയറക്ടറെ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു വർഷം മുൻപ്, 2020 ഫെബ്രുവരിയിൽ മന്ത്രിസഭയിൽ വ്യക്തമാക്കിയത് അനുസരിച്ച് 3100 മീറ്റർ വരുന്ന പുലിമുട്ട് നിർമ്മാണം പൂർത്തിയായത് 20 ശതമാനം മാത്രമാണ്. ഡ്രെഡ്ജിങ്ങും റിക്ലമേഷനും നടന്നത് 40 ശതമാനം മാത്രം. തുറമുഖത്തിനാവശ്യമായ എട്ട് ക്രെയിനുകൾക്ക് നിർമ്മാണക്കരാർ നൽകിയിട്ടുണ്ടെന്നും അന്ന് മന്ത്രിസഭയിൽ അറിയിച്ചിരുന്നു.

2016-ൽ അധികാരത്തിൽ വന്നപ്പോൾ കേരളത്തിന്റെ അഭിമാന പദ്ധതിയാണ് ഇതെന്നാണ് പിണറായി വിജയൻ പ്രഖ്യാപിച്ചത്. മാത്രമല്ല, വിഴിഞ്ഞത്തുനിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള കുളച്ചലിൽ തുറമുഖത്തിന് അനുമതി നൽകിയതിലുള്ള ആശങ്ക അറിയിക്കുകയും ചെയ്തു.

പദ്ധതി നടപ്പാക്കി പതിനഞ്ചാം വർഷം വരുമാനത്തിന്റെ ഒരു ശതമാനമാണ് സർക്കാരിന് വാഗ്ദാനം ചെയ്യുന്നത്. അതായത് 2027-ൽ 640 കോടി രൂപയുടെ വരുമാനം ഉണ്ടാവുകയും 140 കോടി ലാഭത്തിലെത്തുകയും ചെയ്താൽ സംസ്ഥാന സർക്കാരിന് അതിന്റെ ഒരു ശതമാനം ലഭിക്കും. തുടർന്നുള്ള വർഷങ്ങളിൽ ഓരോ ശതമാനം വീതം അധികം തുകയും ലഭിക്കും. ഇനി 640 കോടി രൂപയുടെ വരുമാനത്തിലേക്ക് എത്തണമെങ്കിൽ പന്ത്രണ്ടര ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്യാൻ ലഭിക്കണം.

അതെത്രമാത്രം പ്രായോഗികമാണെന്നതാണ് സംശയം. വല്ലാർപാടം പത്തുവർഷംകൊണ്ട് കൈകാര്യം ചെയ്തത് 46 ലക്ഷം കണ്ടെയ്‌നറുകളാണ്. കഴിഞ്ഞ ജനുവരിയിൽ ആദ്യമായി കണ്ടെയ്‌നറുകളുടെ എണ്ണം 70,000 കടന്നു. മൂന്നര ലക്ഷത്തിലും നാലര ലക്ഷത്തിനുമിടയിൽ മാത്രം കൈകാര്യം ചെയ്ത് വല്ലാർപാടം നിൽക്കുന്നു. 41 ലക്ഷം കണ്ടെയ്‌നർ കൈകാര്യം ചെയ്യാൻ ഇപ്പോൾത്തന്നെ ശേഷിയുള്ള കൊളംബോയോടാണ് 2053-ൽ 12.5 ലക്ഷം കണ്ടെയ്‌നർ മാത്രം കൈകാര്യം ചെയ്യാൻ പോകുന്ന വിഴിഞ്ഞം മത്സരിക്കുക.

നിർമ്മാണപിഴവുകളോടെയാണ് ഇതുവരെയുള്ള പ്രവർത്തനങ്ങൾ എന്ന് ഭുവിജ്ഞാനീയ പഠനകേന്ദ്രം മുന്നറിയിപ്പു നല്കിയിട്ടുണ്ട്. പുലിമുട്ടുനിർമ്മാണം പൂർത്തിയാക്കാത്തതും വിനയായി. സമുദ്രത്തിൽ നിന്നു കര വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ പ്രാരംഭഘട്ടത്തിലായപ്പോൾതന്നെ കടലാക്രമണം രൂക്ഷമായി. വിഴിഞ്ഞം തുറമുഖ നിർമ്മാണംമൂലം അറുപതിനായിരത്തോളം മത്സ്യത്തൊഴിലാളികളുടെ പട്ടിണിക്കഞ്ഞിയിലാണ് കല്ലിടുന്നത്. തുറമുഖത്തും സമീപത്ത് പൂന്തുറ, വലിയതുറ, തോപ്പ്, ശംഖുംമുഖം, വേളി എന്നിവിടങ്ങളിൽ കടൽ കവർന്നത് റോഡുകളും വിസ്തൃതമായ കരയുമാണ്. അടുത്തിടെയുണ്ടായ യാസ് ചുഴലിക്കാറ്റിൽ സംസ്ഥാനത്ത് ഏറ്റവമുധികം ഭൂമി കടലെടുത്തത് ഈ മേഖലയിലാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗവും അവരുടെ നൂറുകണക്കിനു പാർപ്പിടങ്ങളും കടലെടുത്ത ദുരന്തത്തിന്റെ പ്രഭവകേന്ദ്രവും വിഴിഞ്ഞം തുറമുഖനിർമ്മാണത്തിലെ അപാകതകളാണെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പു നല്കിക്കഴിഞ്ഞു.

നിർമ്മാണത്തിന്റെ ആദ്യഘട്ടം വൈകിപ്പിച്ചതിന് പാറക്ഷാമത്തേയും കോവിഡിനെയുമാണ് അദാനിഗ്രൂപ്പ് പഴിചാരുന്നത്. തുറമുഖനിർമ്മാണത്തിന് സംസ്ഥാന സർക്കാർ പാറനല്കുമെന്ന വ്യവസ്ഥ കരാറിലില്ലാതിരിക്കേ കമ്പനിക്ക് ഗുജറാത്തിൽ നിന്നും കടൽമാർഗം ആവശ്യാനുസരണം പാറകൊണ്ടു വരാവുന്നതേയുള്ളു. കോവിഡ് വ്യാപനമില്ലാത്ത ഘട്ടത്തിൽപോലും തുറമുഖനിർമ്മാണം നാമമാത്രമായേ നടന്നുള്ളു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തേക്കാൾ മുൻഗണന അദാനി ഗ്രൂപ്പ് നല്കുന്നത് അടുത്തിടെ ഏറ്റെടുത്ത തിരുവനന്തപുരം അടക്കമുള്ള വിമാനത്താവളങ്ങൾക്കാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.