തിരുവനന്തപുരം: സംസ്ഥാന ഭരണപരിഷ്‌ക്കരണ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തു നിന്നും വി എസ് അച്യുതാനന്ദൻ രാജിവെച്ചു. നാലര വർഷമായി കാബിനെറ്റ് പദവിയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷൻ എന്ന നിലയിൽ നാലര വർഷമായി പ്രവർത്തിക്കുകയും 13 പഠന റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിക്കുകയും ചെയ്തുകഴിഞ്ഞു. ഇന്നലെ മൂന്ന് റിപ്പോർട്ടുകൾ കൂടി വി എസ് സമർപ്പിച്ചിരുന്നു. ആരോഗ്യപരമായ പ്രശ്‌നങ്ങളെ തുടർന്നാണ് രാജിയെന്ന് വി എസ് അറിയിച്ചു.

ഭരണപക്ഷിക്കരണ കമ്മീഷൻ ചെയർമാനെന്ന നിലയിൽ റിപ്പോർട്ടുകൾ തയ്യാറാക്കാൻ സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തിരുന്നു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിർദ്ദേശങ്ങൾ ശാസ്ത്രീയമായ പഠനങ്ങൾക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോർട്ടുകൾ രൂപപ്പെട്ടത്. രണ്ട് റിപ്പോർട്ടുകൾകൂടി തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ പ്രിന്റിങ്ങ് ജോലികൾ തീരുന്ന മുറയ്ക്ക് അതും സർക്കാരിന് സമർപ്പിക്കാനാവുെന്ന് വിഎ അറിയിച്ചു.

എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ അദ്ധ്യക്ഷൻ എന്ന നിലയിൽ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടർന്ന് ഡോക്ടർമാരുടെ കർശന നിബന്ധനകൾക്ക് വിധേയമായി തുടരുന്നതിനാൽ, യോഗങ്ങൾ നടത്താനോ, ചർച്ചകൾ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ, 31-01-2021 തിയ്യതി വെച്ച് ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഞാൻ സർക്കാരിനെ അറിയിച്ചതായി അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്‌നത്തിന്റെ ഫലമായാണ് കമ്മീഷന്റെ പഠന റിപ്പോർട്ടുകളുണ്ടായത്. ഈ യജ്ഞത്തിൽ സഹകരിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. സർക്കാരിന് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകളിൽ കൈക്കൊള്ളുന്ന തുടർ നടപടികളാണ് കമ്മീഷൻ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും വി എസ് വ്യക്തമാക്കി.

നേരത്തെ വി എസ് കവടിയാറിലെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. ബാർട്ടൻ ഹില്ലിലെ മകന്റെ വീട്ടിലാണ് ഇപ്പോൾ വിഎസിന്റെ താമസം. 2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി വി എസ് ചുമതലയേറ്റത്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് സ്ഥാനം ഒഴിയാൻ തീരുമാനിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തിന് മുമ്പ് തന്നെ ആരോഗ്യപ്രശനങ്ങൾ കാരണം വി എസ് പൊതുരംഗത്ത് നിന്ന് വിട്ടു നിൽക്കുകയാണ്. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ വിഎസിന് വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിന് വോട്ട്. തിരുവനന്തപുരത്ത് താമസിക്കുന്ന വിഎസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാൻ കഴിയാതെ വന്നതോടെയാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യം വന്നത്.