രാവിലെ ഒരു മണിക്കൂർ നേരത്തെ എഴുന്നേറ്റാൽ ഡിപ്രഷൻ സാധ്യത 23 ശതമാനം കുറയ്ക്കാമെന്ന് ജനിതക പഠന റിപ്പോർട്ടുകൾ. കോളറാഡോ ബോൾഡർ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ 84000 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. നേരത്തെ ഉറങ്ങുകയും നേരത്തെ ഉണരുകയും ചെയ്താൽ ഗുരുതരമായ ഡിപ്രഷൻ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടാമെന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

'ഉറക്ക സമയവും മാനസികാവസ്ഥയും തമ്മിൽ ഒരു ബന്ധമുണ്ടെന്ന് ഞങ്ങൾ കുറച്ചുകാലമായി അറിയാം, പക്ഷെ എത്ര സമയം ഉറങ്ങിയാലാണ് മാനസികമായ ഉന്മേഷം ലഭിക്കുന്നതെന്ന് പലരും ഞങ്ങളോട് ചോദിക്കാറുണ്ടായിരുന്നു. അതിന് അന്ന് ഞങ്ങൾക്ക് കൃത്യമായൊരു ഉത്തരം ഉണ്ടായിരുന്നില്ല. പക്ഷെ ഉറങ്ങുന്നതിലെ ഒരു മണിക്കൂർ വ്യത്യാസം പോലും വിഷാദരോഗത്തിന്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഇപ്പോൾ ഞങ്ങൾ കണ്ടെത്തി.' സി.യു ബോൾഡറിലെ ഇന്റഗ്രേറ്റീവ് ഫിസിയോളജി അസിസ്റ്റന്റ് പ്രൊഫസർ  സെലിൻ വെറ്റർ പറയുന്നു.

ഏഴ് ദിവസത്തേക്ക് ധരിക്കാവുന്ന സ്ലീപ്പ് ട്രാക്കറുകൾ ധരിച്ച 85,000 ആളുകളിൽ നിന്നും സ്ലീപ്പ്-പ്രിഫറൻസ് ചോദ്യാവലി പൂരിപ്പിച്ച 250,000 പേരിൽ നിന്നുമുള്ള ഡാറ്റ ഈ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ സർവേയിൽ പങ്കെടുത്ത മൂന്നിലൊന്ന് ആളുകൾ നേരത്തെ ഉറങ്ങാൻ പോകുകയും, നേരത്തെ എഴുന്നേൽക്കുകയും ചെയ്യുമായിരുന്നു. ഒമ്പത് ശതമാനം പേർ രാത്രി വൈകി ഉറങ്ങുകയും, വൈകി എഴുന്നേൽക്കുകയുമായിരുന്നു. ബാക്കിയുള്ളവർ കൃത്യസമയമില്ലാതെ ഏതെങ്കിലുമൊക്കെ സമയത്ത് ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്തിരുന്നു.

ഉറക്കത്തിൽ കൃത്യസമയം പാലിക്കുന്നവരിൽ ജനിതകപ്രശ്‌നങ്ങൾ ഉള്ളവർക്ക് പോലും വിഷാദരോഗ സാധ്യത കുറവാണെന്ന് ഈ പഠനത്തിലൂടെ ഗവേഷകർ കണ്ടെത്തി.

ഓരോ മണിക്കൂർ മുമ്പുള്ള സ്ലീപ്പ് മിഡ്പോയിന്റും (ഉറക്കസമയം, ഉണരുന്ന സമയം എന്നിവയ്ക്കിടയിലുള്ള പകുതി) ഗുരുതരമായ വിഷാദരോഗത്തെ 23 ശതമാനം കുറയ്ക്കുന്നു. സാധാരണ പുലർച്ചെ ഒരു മണിക്ക് ഉറങ്ങാൻ കിടക്കുന്ന ഒരാൾ അർദ്ധരാത്രിയിൽ ഉറങ്ങാൻ കിടക്കുകയും അതേ സമയം ഉറങ്ങുകയും ചെയ്താൽ അവർക്ക് അവരുടെ അപകടസാധ്യത 23 ശതമാനം കുറയ്ക്കാൻ കഴിയും. രാത്രി 11 മണിക്ക് ഉറങ്ങാൻ പോയാൽ അവർക്ക് 40 ശതമാനം കുറയ്ക്കാമെന്നും ഗവേഷകർ പറയുന്നു.