പാലക്കാട്: സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലെങ്കിൽ എന്തിനാണ് ഭരണം? ഈ മുദ്രാവാക്യവുമായി വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന യാത്രക്ക് ഇന്ന് തുടക്കമായി. ഇന്ന് തുടങ്ങിയ യാത്ര ഇരുപതാംദിവസം മാർച്ച് 29 ന് പാലക്കാട് സമാപിക്കും. ശേഷം മാർച്ച് 30 മുതൽ ഏപ്രിൽ നാല് വരെ പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലും പര്യടനം നടത്തും. കാസർഗോഡ് മുതൽ പാറശാല വരെ വാളയാർ നീതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള യാത്ര രാവിലെ കാസർഗോഡ് വെച്ച് എൻ.എ. നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു.

2017 ൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വാളയാർ സഹോദരിമാരുടെ ഘാതകരെ നിയമത്തിന്റ മുന്നിൽ കൊണ്ടു വരണമെന്നാവശ്യപ്പെട്ടാണ് കുട്ടികളുടെ അമ്മ യാത്ര നടത്തുന്നത്. 140 നിയോജക മണ്ഡലങ്ങളിലും യാത്രയ്ക്ക് സ്വീകരണം ഉണ്ട്. നീതി നിഷേധം പൊതുജന മധ്യത്തിൽ അവതരിപ്പിച്ച് ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലെങ്കിൽ എന്തിനാണ് ഭരണം എന്തിനാണ് തെരഞ്ഞെടുപ്പ് തുടങ്ങിയ ചോദ്യങ്ങൾ നീതിയാത്രയിൽ ഉന്നയിക്കും. സംഭവം സംബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ച തുടരന്വേഷണത്തിന് പകരം പുനരന്വേഷണമാണ് വേണ്ടതെന്ന നിലപാടിലാണ് അമ്മ.

2017 ജനുവരി 13 നും മാർച്ച് നാലിനുമായി വാളയാർ അട്ടപ്പള്ളത്തെ ഒറ്റമുറി വീട്ടിൽവച്ചാണ് പതിമൂന്നും ഒമ്പതു വയസായ പെൺകുട്ടികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇളയകുട്ടിയുടേതുകൊലപാതകം ആയിരിക്കാൻ സാധ്യതയുണ്ടെന്നും സൂചനകൾ ഉണ്ടായിരുന്നു. 2019 ഒക്ടോബറിൽ പാലക്കാട് പോക്സോ കോടതി പ്രതികളെ കുറ്റവിമുക്തമാക്കിയിരുന്നു. തുടർന്ന് ശക്തമായ പ്രതിഷേധം ഉണ്ടായി . പെൺകുട്ടികളുടെ അമ്മയും വാളയാർ സമരസമിതിയും ഹൈക്കോടതി മുതൽ സെക്രട്ടറിയേറ്റ് വരെ പദയാത്ര നടത്തി. രണ്ട് മാസത്തോളം സത്യഗ്രഹമിരുന്നു. പിന്നീട് കോവിഡ് നിയന്ത്രണങ്ങൾ വന്നപ്പോൾ സത്യഗ്രഹം നിർത്തി.

വിചാരണ കോടതി വിധിക്കെതിരെ അമ്മയും സർക്കാറും ഹൈക്കോടതിയിൽ നൽകിയ അപ്പീലുകൾ പരിഗണിച്ചുകൊണ്ട് വിചാരണകോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കേസ് സിബിഐക്ക് സർക്കാർ വിട്ടെങ്കിലും മൂത്തകുട്ടിയുടെ മരണം മാത്രം അന്വേഷിക്കാനാണ് വിജ്ഞാപനം ഇറക്കിയത്. ഇതിനെതിരെ തുടർന്നും ഹൈക്കോടതിയെ സമീപിച്ചതുകൊണ്ടാണ് ആദ്യ വിജ്ഞാപനം തിരുത്തി രണ്ട് കുട്ടികളുടേയും മരണം ഉൾപ്പെടുത്താൻ തയ്യാറായതെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു.