മലപ്പുറം: ബസ് സ്റ്റാൻഡിൽവെച്ച് ബസ് ദേഹത്തിലൂടെ കയറിയിറങ്ങി പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മേലെകാപ്പിച്ചാലിൽ ശിവദാസന്റെ മകൻ നിഥിൻ(17)ആണ് മരിച്ചത്. വണ്ടൂർ മണലിമ്മൽപ്പാടം ബസ് സ്റ്റാൻഡിലാണ് അപകടം നടന്നത്.

ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. ബസ് സ്റ്റാൻഡിൽ നിന്ന് ബസ് മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസിന് മുൻപിൽ നിൽക്കുകയായിരുന്ന നിഥിൻ ബസിനടിയിൽ പെടുകയായിരുന്നു. ബസിന്റെ മുൻചക്രം നിഥിന്റെ ദേഹത്തൂടെ കയറുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ നിഥിൻ മരിച്ചു.

കോഴിക്കോട്-കാളികാവ് റോഡിലോടുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. നിഥിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മമ്പാട് ജി.വി.എച്ച്.എസ്.എസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് നിഥിൻ. മാതാവ്: നിഷ, സഹോദരങ്ങൾ: ഷിജിൻ,ശിവാനി.