ചെന്നൈ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കുമെന്ന് തമിഴ്‌നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ. നവംബർ 30-ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്തുമെന്നാണ് മന്ത്രിയുടെ പ്രതികരണം. ജലനിരപ്പ് ഉയർത്താത്തതിൽ എഐഎഡിഎംകെ അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ പ്രതിഷേധം ഉയർത്തിയതോടെയാണ് ജലനിരപ്പ് ഉയർത്തുമെന്ന് മന്ത്രി അറിയിച്ചത്.

മുല്ലപ്പെരിയാറിലെ കാര്യങ്ങൾ സുപ്രീം കോടതി പറയുന്നത് അനുസരിച്ചാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേരളവുമായി പ്രശ്നങ്ങൾക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ സന്ദർശിച്ച ദുരൈമുരുകൻ ഉൾപ്പെടെയുള്ള തമിഴ്‌നാട് മന്ത്രി സംഘം ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്നാണ് പ്രതികരിച്ചിരുന്നത്.

ബേബി ഡാം പരിസരത്തെ മരങ്ങൾ മുറിക്കാനുള്ള ഉത്തരവ് കേരള സർക്കാർ റദ്ദാക്കിയതിൽ ഇടപെടാനാകില്ലെന്നും ദുരൈമുരുകൻ നേരത്തെ പ്രതികരിച്ചിരുന്നു. വൈകാരികമായ വിഷയമാണെന്നും അനാവശ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഡാം തുറന്നത് നടപടിക്രമങ്ങൾ പാലിച്ചാണെന്നും അദ്ദേഹം പറഞ്ഞു.

മരം മുറിക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ ഉത്തരവ് മരവിപ്പിക്കാൻ തയ്യാറായത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുമുണ്ടായത് ഗുരുതര വീഴ്ചയാണെന്നും കർശന നടപടി സ്വീകരിക്കുമെന്നുമാണ് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചത്.

ഉത്തരവിനെതിരെ പ്രതിപക്ഷ കക്ഷികളും രംഗത്തെത്തി. മരംമുറി വിഷയം സർക്കാർ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് മുല്ലപ്പെരിയാറിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നതിന് തെളിവുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഉത്തരവ് മരവിപ്പിച്ചത്.

വർഷങ്ങളായി നീറിപ്പുകയുന്ന അന്തർ സംസ്ഥാന നദീജലതർക്കത്തിൽ ഒരു ഉദ്യോഗസ്ഥന് മാത്രം എങ്ങിനെ തീരുമാനമെടുക്കാൻ കഴിയുമെന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുകയാണ്. 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകിയതിൽ പിണറായി വിജയന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ നന്ദി പറഞ്ഞ് പ്രസ്താവന ഇറക്കുമ്പോൾ മാത്രമാണ് മുഖ്യമന്ത്രിയും വനം മന്ത്രിയുമൊക്കെ അറിഞ്ഞതെന്നാണ് മന്ത്രിമാർ നൽകിയ വിശദീകരണം.

പിസിസിഎഫും ചീഫ് വൈൽഡ് ലൈഫ് വാർഡനുമായ ബെന്നിച്ചൻ തോമസ് മരം മുറിക്ക് അനുമതി നൽകിയത് വെള്ളിയാഴ്ചയാണ്. ഉത്തരവിന്റെ പകർപ്പ് ജലവിഭവവകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറി ടികെ ജോസിനും വെച്ചിട്ടുണ്ട്. ടികെ ജോസാണ് മുല്ലപ്പെരിയാർ ഉന്നതാധികാര സമിതിയിലെ കേരള പ്രതിനിധി. സ്റ്റാലിന്റെ പ്രസ്താവന വരും മുമ്പ് ടികെ ജോസ് എന്തുകൊണ്ട് ഇക്കാര്യം മുഖ്യമന്ത്രിയെയും ജലവിഭവമന്ത്രിയെയും അറിയിച്ചില്ല എന്നുള്ളതും പ്രധാന ചോദ്യവും അവശേഷിക്കുന്നുണ്ട്.

അതേസമയം ജലനിരപ്പ് 136 അടിയാക്കണമെന്നാണ് മുല്ലപ്പെരിയാർ സമരസമിതി ഉന്നയിക്കുന്ന ആവശ്യം. കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷ, തമിഴ്‌നാടിന് വെള്ളം എന്നതായിരിക്കണം നിലപാട്. ജല കമ്മിഷൻ ശുപാർശ ചെയ്തിരുന്നത് 136 അടിയായി ജലനിരപ്പ് നിജപ്പെടുത്തണമെന്നാണ്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

അതേ സമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന മേൽനോട്ട സമിതിയുടെ റിപ്പോർട്ട് അംഗീകരിക്കരുതെന്ന് സുപ്രീംകോടതിയിലെ ഹർജിക്കാരനായ ജോ ജോസഫ് ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ നൽകിയ മറുപടി സത്യവാംങ്മൂലത്തിലാണ് ഈ ആവശ്യം.

അശ്രദ്ധമായി അണക്കെട്ടിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്നതിലൂടെ ജനങ്ങളുടെ ജീവൻ വെച്ച് കളിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. അണക്കെട്ടിന്റെ റൂൾകർവും ഗേറ്റ് ഓപ്പറേഷൻ ഷെഡ്യൂളും ഇതുവരെ അന്തിമമായിട്ടില്ല. സുരക്ഷ സംബന്ധിച്ച മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചല്ല അണക്കെട്ട് പ്രവർത്തിപ്പിക്കുന്നത് എന്നും ജോ ജോസഫ് സുപ്രീംകോടതിയെ അറിയിച്ചു. മേൽ നോട്ട സമിതിയുടെ റിപ്പോർട്ടിൽ സംസ്ഥാന സർക്കാരും ഉടൻ സുപ്രീംകോടതിയിൽ മറുപടി സത്യവാംങ്മൂലം സമർപ്പിക്കും.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നവംബർ 10 വരെ 139.5 അടിയായി ക്രമീകരിക്കാനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഈ അളവിന് മുകളിൽ ജലനിരപ്പ് ഉയർത്തണോ എന്നത് നവംബർ 11 ന് സുപ്രീംകോടതി പരിശോധിക്കും. മുല്ലപ്പെരിയാർ വിഷയത്തിലെ തർക്കം പരിഹരിക്കുന്നതിൽ മേൽനോട്ട സമിതി കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.