വയനാട്: കുറുക്കന്മൂല നിവാസികളെ ദിവസങ്ങളോളം ഭീതിയിലാഴ്‌ത്തിയ കടുവയെ വനം വകുപ്പ് കണ്ടെത്തി. കടുവ ഇപ്പോൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തിലാണെന്ന് സൗത്ത് വയനാട് ഡിഎപ്ഒ എ ഷജ്‌ന അറിയിച്ചു. കടുവയെ ഉടൻ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്നും ഡിഎഫ്ഒ പറഞ്ഞു.

വൈകാതെ കടുവയ്ക്ക് മയക്കുവെടി വയ്ക്കാനാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. വിദഗ്ധ സംഘം അവസരത്തിനായി കാത്തിരിക്കുകയാണ്. കുറുക്കന്മൂലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കിൽപ്പെട്ടതല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 20 ദിവസങ്ങളായി കടുവ കുറുക്കന്മൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു.

ഇരുപതോളം വളർത്തു മൃഗങ്ങളെയാണ് കടുവ ഇതുവരെ കൊന്നത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും പന്നിയെയും കുടുക്കാൻ മനുഷ്യർ ഒരുക്കിയ കുടുക്കിൽ പെട്ടാണ് മുറുവേറ്റതെന്നാണ് സൂചന. മുറിവുകളുള്ള കടുവ കാട്ടിൽ ഇര തേടാൻ കഴിയാതെ ജനവാസ മേഖലയിൽ തമ്പടിച്ചതായാണ് നിഗമനം.

കടുവയെ പിടിക്കാൻ പറ്റാതായതോടെ നാട്ടുകാർ വനംവകുപ്പിനെതിരെ തിരിയുന്ന സാഹചര്യവും ഉണ്ടായി. കുറുക്കന്മൂലയിൽ സംഘർഷത്തിനിടെ കത്തിയൂരിയ വനപാലകനെതിരെ കേസെടുത്തു. കടുവ ട്രാക്കിങ്ങ് ടീമിലെ ഹുസൈൻ കൽപ്പൂരിനെതിരെ നാട്ടുകാരെ തടഞ്ഞുവച്ച് മർദിച്ചെന്ന പരാതിയിലാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. വനംവകുപ്പിന്റെ പരാതിയിൽ നേരത്തേ നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാലനെതിരെ പൊലീസ് കേസെടുത്തിരുന്നു.

രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടിക്കാനായ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയത്. എന്നാൽ ഇത്രയും ദിവസം കടുവ തെരച്ചിൽ സംഘത്തിന് പിടി നൽകാതെ പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു.

കടുവഭീതി ഒഴിയാത്ത ദിനരാത്രങ്ങളാണ് കുറുക്കന്മൂല, പയ്യമ്പള്ളി, പുതിയിടം പ്രദേശങ്ങളിലുള്ളവർക്ക് കടന്നു പോയത്. പശുവിനെയും ആടിനെയും വളർത്തിയും കൃഷിയിലൂടെയും ഉപജീവനം കണ്ടെത്തുന്ന സാധാരണക്കാരുടെ പേടിസ്വപ്നമായി മാറിയിരുന്നു ഈ കടുവ.

എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി കടുവയ്ക്ക് ഭക്ഷണം ലഭിച്ചിട്ടില്ലെന്നാണ് സൂചന.രണ്ടു ദിവസമായി കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങളൊന്നും ചത്തിട്ടുമില്ല. ഇതോടെ നാട്ടുകാർ വീണ്ടും ഭീതിയിലാണ്.

വിശപ്പേറിയാൽ കടുവയുടെ അടുത്ത നീക്കമെന്താവുമെന്നതു പ്രവചനാതീതമാണ്. വ്യാഴം പുലർച്ചെയാണു കടുവ ഏറ്റവുമൊടുവിൽ ഇരയെ പിടികൂടിയത്. ഒരു ആടിനെയും മൂരിക്കുട്ടനെയും പിടിച്ചു. അതിൽ ആടിനെ കടുവ ഭക്ഷിച്ചു. പിന്നീട് കുറുക്കന്മൂലയിൽനിന്നു പയ്യമ്പള്ളി, പുതിയിടം പ്രദേശത്തേക്കു മാറിയെങ്കിലും ഇര കിട്ടിയില്ല. വീണ്ടും വെള്ളിയാഴ്ച രാവിലെ കുറുക്കന്മൂലയിലെത്തിയിട്ടുണ്ട്. പുതിയിടത്ത് സിസിടിവിയിലും കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു.

അതിനിടെ ശനിയാഴ്ച രാവിലെ കുറുക്കന്മൂലയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരിക്കുന്നു. വെള്ളിയാഴ്ച രാത്രി ഒരു പെൺകുട്ടി കടുവയെ കണ്ടു. അച്ഛനും വല്യച്ഛനും സഹാദരനുമൊപ്പം രാത്രി വീട്ടിലേക്ക് കാറിൽ വരുമ്പോഴായിരുന്നു മിഥുലയെന്ന പെൺകുട്ടി വഴിയിൽ കടുവയെ കണ്ടത്.

കർണാടകയിൽ നേരത്തേ വനംവകുപ്പിന്റെ കെണിയിൽ പെട്ട കടുവയാണ് വയനാട്ടിലേക്കു കടന്നതെന്നു സ്ഥിരീകരിച്ചിരുന്നു. തിരികെ വനത്തിലെത്തിയപ്പോൾ കുരുക്കിൽപ്പെട്ടോ മറ്റോ ആണ് കഴുത്തിലെ മാരക മുറിവ്. കർണാടകയുടെ ഡേറ്റ ബേസിൽ പെട്ടതാണ് വയനാട്ടിലെത്തിയ കടുവയെന്ന് വനംവകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്.

കുറുക്കന്മൂലയിലും പരിസരത്തുനിന്നുമായി മൃഗങ്ങളെ പിടിച്ചെങ്കിലും ഒരെണ്ണത്തെ മാത്രമാണു പൂർണമായും കടുവയ്ക്കു തിന്നാൻ കിട്ടിയത്. അതിനിടയിൽ പിടിച്ച ജീവികളെയൊന്നും പൂർണമായി ഭക്ഷിക്കാനായിട്ടില്ല. കുറെയെണ്ണത്തിനെ അപ്പോൾത്തന്നെ ആളുകൾ സ്ഥലത്തുനിന്നു മാറ്റി.

കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ ജഡവുമായിട്ടായിരുന്നു പിന്നീടുള്ള പ്രതിഷേധവും. പിടിച്ച ഇരയെ അപ്പോൾത്തന്നെ കടുവ ഭക്ഷണമാക്കാറില്ല. കുറച്ചു ദിവസം കാത്തിരുന്നശേഷമേ തിന്നാൻ എത്തൂ. അതുവരെ ജഡം എടുക്കാതിരുന്നാൽ പിന്നീട് കടുവയെത്തുമ്പോൾ പതിയിരുന്നു മയക്കുവെടി വയ്ക്കാമായിരുന്നു.

നാട്ടുകാരെ വിശ്വാസത്തിലെടുക്കുന്നതിൽ ചില ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായി. ഏറ്റവുമൊടുവിൽ, പ്രതിഷേധിച്ച നാട്ടുകാർക്കെതിരെ റാപ്പിഡ് റെസ്‌പോൺസ് ടീമിലെ അംഗം കത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു. തിരച്ചിലിന് എല്ലാ പിന്തുണയും നൽകിയ പ്രദേശവാസികളെ എതിരാക്കുന്ന സമീപനമാണു ചില ഉദ്യോഗസ്ഥർക്കെങ്കിലുമെന്ന വിമർശനം ഉയരുന്നുണ്ട്. എന്നാൽ, രാപകലില്ലാതെ ഊണും ഉറക്കവുമുപേക്ഷിച്ച് ആത്മാർഥമായി തിരച്ചിൽ നടത്തുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ സമാധാനമായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന സമീപനം ശരിയല്ലെന്ന് ജീവനക്കാരുടെ സംഘടനയും പറയുന്നു.

കുറുക്കന്മൂലയിലെ കടുവയെ കർണാടകയിൽനിന്നു തുറന്നുവിട്ടതാകാമെന്ന സാധ്യത വനപാലകർ തള്ളിക്കളയുന്നില്ല. അവിടെ കൂടുവച്ചു പിടികൂടിയതിനാൽ മറ്റൊരു കൂട്ടിലേക്ക് ഇനി കടുവ കയറില്ല. ആദ്യദിവസങ്ങളിലെ തിരച്ചിലിലെ പ്രധാന പരിപാടി കടുവയെ കൂട്ടിൽക്കയറ്റാനുള്ള ശ്രമമായിരുന്നു. മാനന്തവാടി നഗരസഭയിലെ 3 ഡിവിഷനുകളിലായി 5 കൂട് വച്ചിട്ടും കടുവ കൂട്ടിലേക്കു തിരിഞ്ഞുനോക്കിയില്ല. ഒരു കൂടിനടുത്തു വന്നു ചുറ്റിത്തിരിഞ്ഞെങ്കിലും ഇരയെ കണ്ടിട്ടും കടുവ കൂട്ടിൽ കയറിയില്ല. കൂടിനു തൊട്ടടുത്താണു കടുവയുടെ കാൽപാടുകൾ കണ്ടത്.

പിന്നീട് മുറിവേറ്റ നിലയിലുള്ള കടുവയുടെ ചിത്രം കിട്ടിയപ്പോൾ മാത്രമാണ് കൂടു പരിപാടി ഉപേക്ഷിക്കാമെന്നും മയക്കുവെടി വയ്ക്കാമെന്നുമുള്ള തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്. പക്ഷേ, അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധവും കനത്തു. കഴിഞ്ഞ ദിവസം കർണാടകയിലെ കുട്ടയ്ക്കു സമീപത്തും ഒരു കടുവയെ അധികൃതർ മയക്കുവെടി വച്ച് പിടിച്ചിട്ടുണ്ട്. അതിനെയും ഇനി വയനാട് വനാതിർത്തിയോടു ചേർന്നു തുറന്നുവിട്ടേക്കുമോ എന്ന ആശങ്കയും ഇവിടുത്തുകാർക്കുണ്ട്.