ഫോട്ടോയ്ക്ക് പോസ് ചെയ്ത വയനാടൻ കടുവ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. മുൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേശ് വരെ ട്വിറ്റിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ ഇപ്പോൾ ആ വയനാടൻ കടുവയാണ് സൈബർ ലോകത്തെ താരം. പുൽപള്ളി റൂട്ടിൽ പാമ്പ്ര എസ്റ്റേറ്റിന് സമീപമാണ് യാത്രക്കാർക്കു മുൻപിൽ കടുവയെത്തിയത്. ഇത് ശരിക്കും അസാധാരണമാണ് ... കേരളത്തിലെ വയനാഡിലെ ചെതലയത്തിലെ പാംബ്ര എസ്റ്റേറ്റിന് സമീപമാണ് കടുവയെ ഇന്നലെ കണ്ടതെന്ന് മനോരമ ഓൺ‌ലൈൻ റിപ്പോർട്ട് ചെയ്യുന്നു. എസ്‌ബി‌ഐ ബ്രാഞ്ച് മാനേജർ സുൽത്താൻ ബത്തേരി ശ്രീ ഫ്രെഡറിക് ജോസ് അത്ഭുതപ്പെടുത്തുന്ന ഈ വീഡിയോ പകർത്തി!- വീഡിയോക്കൊപ്പം ജയറാം രമേശ് കുറിച്ചു.

ബത്തേരി എസ്‌ബിഐ മെയിൻ ബ്രാഞ്ച് മാനേജർ ഫ്രെഡറിക് ജോസാണ് റോഡിലേക്ക് ഇറങ്ങാനൊരുങ്ങി വഴിയരികിൽ നിൽക്കുന്ന കടുവയെ കണ്ടത്. ഇദ്ദേഹം പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ വൈറലാവുകയും ചെയ്തു. പുൽപള്ളിയിലുള്ള ബാങ്ക് ഇടപാടുകാരെ കാണാനാണ് ഡ്രൈവർ മുഹമ്മദ് ഷാഫിക്കൊപ്പം ഫ്രെഡറിക് ഇന്നലെ യാത്ര തിരിച്ചത്. ചെതലയം കഴിഞ്ഞ് 12 മണിയോടെ പാമ്പ്ര എസ്റ്റേറ്റിന് സമീപമെത്തിയപ്പോൾ കടുവയെ കണ്ടു. തങ്ങളെ കണ്ടതോടെ കടുവ അവിടെത്തന്നെ നിന്നുവെന്ന് ഫ്രെഡറിക് പറയുന്നു. അപ്പോൾ അതുവഴി വന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള ഇരുചക്ര വാഹന യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ആരും കടുവയെ ശല്യപ്പെടുത്തുകയോ ശബ്ദമുണ്ടാക്കുകയോ ചെയ്യാത്തിതിനാലാവണം കടുവ രണ്ടു ചുവട് പിന്നോട്ട് മാറി അവിടെ കിടന്നു.

കടുവ അവിടെ കിടക്കവേ തന്നെ ഇരുവരും വണ്ടിയെടുത്തു പോന്നു. മാനന്തവാടി കല്ലോടി സ്വദേശിയാണ് ഫ്രെഡറിക് ജോസ്. കഴിഞ്ഞ 20ന് ഇതേ ഭാഗത്ത് സ്കൂട്ടറിലെത്തിയ ബത്തേരി കേരള ബാങ്ക് ജീവനക്കാരി കെ.ജി.ഷീജയുടെ മുൻപിലേക്ക് കടുവയെത്തിയിരുന്നു. മറ്റു വാഹനങ്ങൾ എത്തിയതാണ് അവർക്ക് രക്ഷയായത്. രണ്ടു പേർ യാത്ര ചെയ്തെത്തിയ ബൈക്കിനു പിന്നാലെ കടുവ ഓടിയടുക്കുന്നതു കഴിഞ്ഞ വർഷം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതും ചെതലയത്തിനടുത്ത പ്രദേശമാണ്. കാറിലെത്തിയവരുടെ മുൻപിലേക്ക് വടക്കനാട് പച്ചാടിയിൽ കടുവ റോഡു മുറിച്ചു കടന്നെത്തിയതു രണ്ടു മാസം മുൻപാണ്.

കടുവയെ കണ്ടതോടെ ഇരുളം, മാതമംഗലം, പൊകലമാളം, പാമ്പ്ര തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണ്. സാധാരണ ഉൾവനങ്ങളിൽ കാണാറുള്ള കടുവയെ പാതയോരത്ത് കണ്ടതോടെ വഴിയാത്രക്കാരും ആശങ്കയിലാണ്. ജനങ്ങൾക്ക് ഭീഷണിയാകുന്ന കടുവയെ കൂട് വെച്ച് പിടികൂടി ഉൾവനങ്ങളിൽ കൊണ്ടുപോയി വിടണമെന്നാണ് ജനങ്ങളുടെ ആവശ്യം. മാസങ്ങൾക്ക് മുൻപ് ആദിവാസി യുവാവിനെ കടുവ ആക്രമിച്ച് കൊന്നു തിന്നിരുന്നു. വനം വകുപ്പ് പ്രദേശത്ത് നിരീക്ഷണമേർപ്പെടുത്തി.

ചെതലയം റേഞ്ചിന്റെയും വയനാട് വന്യജീവി സങ്കേതത്തിന്റെയും പരിധിയിലൂടെയാണ് ബത്തേരി-പുൽപള്ളി പാത കടന്നുപോകുന്നത്. ഈ വഴിയിൽ ഏതുനിമിഷവും കടുവയെത്താമെന്ന ഭീതിയിലാണു യാത്രക്കാർ. റോഡരികിലും റോഡിനു നടുവിലുമെല്ലാം കടുവയെ പലപ്പോഴായി കണ്ടവരുണ്ട്. അടുത്തിടെയായി കടുവ പകലും സാന്നിധ്യമറിയിച്ചു തുടങ്ങി. ഇരുചക്രവാഹനയാത്രക്കാർക്ക് കടുവ ഏറ്റവും വലിയ വെല്ലുവിളിയുയർത്തുന്നത്. കോവി‍ഡ് നിയന്ത്രണങ്ങളായതോടെ ബസ് സർവീസ് കുറഞ്ഞതിനാൽ ഈവഴി പോകുന്ന മിക്കവർക്കും ഇരുചക്രവാഹനങ്ങൾ മാത്രമാണ് ആശ്രയം. കടുവാ ഭീതിയേറിയതോടെ ഈ പാതയിൽ വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.