ന്യൂഡൽഹി:വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുർബലമായി പ്രഖ്യാപിച്ചത് കേരള സർക്കാറിന്റെ താൽപ്പര്യം പരിഗണിച്ചാണെന്ന് വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിക്കേണ്ട വില്ലേജുകളെ തിരഞ്ഞെടുക്കുന്നത് കേന്ദ്ര സർക്കാരല്ലെന്നും സംസ്ഥാന സർക്കാർ സമർപ്പിക്കുന്ന നിർദ്ദേശങ്ങളനുസരിച്ചാണ് കരട് വിജ്ഞാപനം ഇറക്കുന്നതെന്നും മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.

വയനാട് വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള സ്ഥലം പരിസ്ഥിതി ദുർബല മേഖലയാക്കാനുള്ള കരട് വിജ്ഞാപനം ഇറക്കിയ വിഷയം കെ.സി. വേണുഗോപാലാണ് ലോക്‌സഭയിൽ ഉന്നയിച്ചത്. ഈ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി സഭയിൽ ഉന്നയിച്ചതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കേന്ദ്ര സർക്കാരിന്റെ കരട് വിജ്ഞാപനം വയനാട്ടിൽ വലിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. സുൽത്താൻബത്തേരി ബസ് സ്റ്റാൻഡ് പോലുംപരിസ്ഥിതി ദുർബലമേഖലയാക്കുകയാണ്. ഇത്തരം വിജ്ഞാപനം ഇറക്കുംമുൻപ് പ്രദേശവാസികളുമായി കൂടിയാലോചനകൾ നടത്തി അഭിപ്രായം തേടണമായിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇതുസംബന്ധിച്ച് മന്ത്രിക്ക് കത്തുനൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ, കേന്ദ്ര സർക്കാർ ഏതെങ്കിലും വില്ലേജുകളെ തിരഞ്ഞെടുത്ത് പരിസ്ഥിതി ദുർബലമായി പ്രഖ്യാപിക്കുകയല്ല ചെയ്യുന്നതെന്ന് മന്ത്രി ജാവദേക്കർ വ്യക്തമാക്കി. സംസ്ഥാന സർക്കാർ നിർദ്ദേശിക്കുന്നതനുസരിച്ചാണ് കരട് തയ്യാറാക്കുന്നതെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുൻപ് അഭിപ്രായനിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വന്യജീവിമേഖലകളിൽ കേരളത്തിൽ പലയിടത്തും വന്യമൃഗങ്ങൾ മനുഷ്യരെ ഉപദ്രവിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങി ഗ്രാമവാസികളെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങൾ സമീപകാലത്ത് കേരളത്തിലുണ്ടായെന്നും അദ്ദേഹം അറിയിച്ചു. ഇത് വളരെ പ്രധാനപ്പെട്ടതും ഗുരുതരവുമായ വിഷയമാണെന്ന് മന്ത്രി ജാവഡേക്കർ സമ്മതിച്ചു. അതേസമയം ഇക്കാര്യത്തിൽ ജനങ്ങളുടെ ഭാഗത്തുനിന്നും സഹാനുഭൂതിയുള്ള സമീപനംവേണം. വന്യമൃഗങ്ങളുടെ അക്രമത്തിൽ കഴിഞ്ഞവർഷം രാജ്യത്ത് 500 മനുഷ്യർ കൊല്ലപ്പെട്ടു. നൂറ് ആനകളും കൊല്ലപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റർ സ്ഥലമാണ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാനുള്ള കരട് പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ 2020 ജനവരിയിൽ സമർപ്പിച്ച ഭേദഗതി ചെയ്ത ശുപാർശ പ്രകാരം 88.2 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ലോല മേഖലയായി വിജ്ഞാപനം ചെയ്യേണ്ടത്. എന്നാൽ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം 118.59 ചതുരശ്ര കിലോമീറ്ററാണ് ഉൾപ്പെടുത്തിയത്. പരിസ്ഥിതി ലോല മേഖലകൾ വിജ്ഞാപനം ചെയ്യുമ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. അതു കണക്കിലെടുത്ത് തോൽപ്പെട്ടി, കാട്ടിക്കുളം, പനവല്ലി , കുറുക്കന്മൂല, ചാലിഗഡ, കാപ്പിസ്റ്റോർ, ചീയാമ്പം, മൂടക്കൊല്ലി, ചീരാൽ എന്നീ പ്രദേശങ്ങൾ ഒഴിവാക്കണം.

ജീവിക്കാൻ പ്രയാസപ്പെടുന്നവരാണ് ഈ മേഖലകളിൽ അധിവസിക്കുന്നതെന്ന് കൂടി കണക്കിലെടുത്ത് കരടു വിജ്ഞാപനത്തിൽ ആവശ്യമായ മാറ്റം വരുത്താൻ വനം - പരിസ്ഥിതി മന്ത്രാലയത്തോട് നിർദ്ദേശിക്കണമെന്നും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വയനാട് വന്യജിവി സങ്കേതത്തിന്റെ അതിർത്തിക്ക് ചുറ്റും 3.4 കിലോമീറ്റർ പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി (ഇക്കോ-സെൻസിറ്റീവ് സോൺ) പ്രഖ്യാപിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ മേഖലയിൽ വിജ്ഞാപനം പുറത്തിറങ്ങുന്ന തീയതിമുതൽ മലിനീകരണമുണ്ടാകുന്ന ഒരു വ്യവസായവും തുടങ്ങാൻ പാടില്ല. ഹോട്ടലുകളും റിസോർട്ടുകളും തുറക്കുന്നത് നിരോധിച്ചു. റോഡ് നിർമ്മാണം ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങളും നിയന്ത്രിക്കും. വാണിജ്യലക്ഷ്യത്തോടെയുള്ള ഖനനം, പാറപൊട്ടിക്കൽ തുടങ്ങിയവ പാടില്ല. മരം മുറിക്കരുത്.

മലിനീകരണമില്ലാത്ത ചെറുകിട വ്യവസായങ്ങൾ, പ്രദേശവാസികളുടെ കൃഷി, തോട്ടക്കൃഷി തുടങ്ങിയവ അനുവദിക്കും. തദ്ദേശവാസികളുടെ ഗാർഹികാവശ്യങ്ങൾക്കുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അവരുടെ ഭൂമിയിൽ നടത്താമെന്നും നിർദ്ദേശിക്കുന്നു. പരിസ്ഥിതി ദുർബലമേഖലയുടെ മൊത്തം വിസ്തീർണം 118.59 ചതുരശ്ര കിലോമീറ്ററാണ്. ഇതിൽ 99.5 ചതുരശ്ര കിലോമീറ്റർ പ്രദേശം വന്യജീവി സങ്കേതത്തിന് പുറത്താണ്. തിരുനെല്ലി റിസർവ് വനത്തിന്റെ 8.89 ചതുരശ്ര കിലോമീറ്ററും ചെതലയം റേഞ്ചിന്റെ ഭാഗമായ 17.67 ചതുരശ്ര കിലോമീറ്ററും ഈ 99.5 ചതുരശ്ര കിലോമീറ്ററിൽ ഉൾപ്പെടുന്നു. പരിസ്ഥിതി ദുർബല മേഖലയുടെ മൊത്തം വിസ്തീർണത്തിൽ ബാക്കിയുള്ള 19.09 ചതുരശ്ര കിലോമീറ്റർ പ്രദേശം വന്യജീവി സങ്കേതത്തിനകത്തുള്ള ആറ് റവന്യൂ വില്ലേജുകളാണ്.

കരട് വിജ്ഞാപനത്തെക്കുറിച്ച് അഭിപ്രായങ്ങൾ അറിയിക്കാൻ ജനങ്ങൾക്ക് അറുപതുദിവസത്തെ സമയം അനുവദിച്ചു. അഭിപ്രായങ്ങൾ ലഭിച്ചശേഷമായിരിക്കും അന്തിമവിജ്ഞാപനം. വയനാട് വന്യജീവി സങ്കേതം അപൂർവമായ സസ്യജാലങ്ങളുടെയും കടുവ ഉൾപ്പടെയുള്ള ജീവജാലങ്ങളുടെയും ആവാസകേന്ദ്രമാണെന്നും അത് സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും വിലയിരുത്തിയാണ് പരിസ്ഥിതിലോലമേഖലാ പ്രഖ്യാപനം. 1986-ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ വിവിധ വ്യവസ്ഥകൾ പ്രകാരമാണ് തീരുമാനം.