തിരുവനന്തപുരം: തമിഴ്‌നാട്ടിൽ അധികാരത്തിലെത്തിയാൽ ഗോവധനിരോധനനിയമം നടപ്പിലാക്കുമെന്നാണ് തമിഴ്‌നാട് ബിജെപി പ്രകടനപത്രികയിലെ വാാഗ്ദാനം. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള അറവുമാടുകളുടെ നീക്കം തടയുമെന്നും ബിജെപി പ്രകടനപത്രികയിലൂടെ പറയുന്നു. എന്നാൽ, കേരളത്തിൽ ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് നേമത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ പറഞ്ഞു.

മലയാളികൾക്ക് അവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്നും കുമ്മനം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് എല്ലാ സംസ്ഥാനങ്ങളിലും, അധികാരത്തിലേറിയാൽ ഗോവധ നിരോധനനിയമം നടപ്പിലാക്കുമെന്നാണ് ബിജെപിയുടെ പ്രകടനപത്രിയിൽ പറയുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് കേരളത്തിലെ ബിജെപി സ്വീകരിച്ചിരിക്കുന്നത്.

കുമ്മനം പറഞ്ഞത് ഇങ്ങനെ: 'സംസ്ഥാനത്ത് ബീഫ് നിരോധനം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവർക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്.''ഇന്ത്യ ടുഡേ കൺസൾട്ടിങ് എഡിറ്റർ രജ്ദീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിലാണ് കുമ്മനം ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യം സർദേശായി ട്വീററിലൂടെ അറിയിച്ചു.

ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാൻ കേന്ദ്ര സർക്കാർ നീക്കമുണ്ട്. ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021 എന്ന പേരിൽ നിയമത്തിന്റെ കരട് പുറത്തിറക്കി. ജനങ്ങൾ അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ഇന്നാണ്.

പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നതും ഗോമാംസം കൈവശം വെക്കുന്നതും കുറ്റകരമാവും. പോത്ത്, എരുമ എന്നിവയെ കശാപ്പ് ചെയ്യുന്നതിന് പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തിൽ പറയുന്നു.ഗോവധത്തിന് 10 വർഷം മുതൽ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ എന്ന നിയമം താമസിയാതെ നടപ്പിലാക്കും.