അബുദാബി: ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ യുഎഇയിലും കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്ച മുതൽ യുഎഇയുടെ കിഴക്കൻ തീരങ്ങളിൽ ചുഴലിക്കാറ്റിന്റെ ആഘാതങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളിൽ ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുക്കുമെന്നും അറിയിപ്പിൽ പറയുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതൽ രാജ്യത്തെ ചില പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് കാരണമായി കാലാവസ്ഥാ മാറ്റമുണ്ടാകും. അൽ ഐൻ ഉൾപ്പെടെയുള്ള കിഴക്കൻ പ്രദേശങ്ങളിലാണ് പ്രധാനമായും ഇത് പ്രതീക്ഷിക്കപ്പെടുന്നത്.

ഒപ്പം രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്ന് ചില മദ്ധ്യമേഖലാ പ്രദേശങ്ങളിലേക്കും വ്യാപിച്ചേക്കും. ഈ പ്രദേശങ്ങളിൽ വിവിധ തീവ്രതയിലുള്ള മഴ പെയ്യും. ഇത് താഴ്ന്ന പ്രദേശങ്ങളിൽ അപ്രതീക്ഷിതമായി വെള്ളക്കെട്ട് രൂപപ്പെടാനും കാരണമായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ശക്തമായ പൊടിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത ദൂരക്കാഴ്ചയെ ബാധിക്കും. ഒമാൻ കടൽ പൊതുവെ പ്രക്ഷുബ്ധമായിരിക്കും. കിഴക്കൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ കടൽവെള്ളം കയറാനുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. അറേബ്യൻ ഗൾഫിൽ പൊതുവേ കടലുകൾ പ്രക്ഷുബ്ധമായിരിക്കും.

ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സദാസമയവും സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ കാലാവസ്ഥാ ബുള്ളറ്റിനുകളും അറിയിപ്പുകളും ശ്രദ്ധിക്കണമെന്നും അധികൃതർ നിർദേശിച്ചു. മണിക്കൂറിൽ 11 കിലോമീറ്റർ വേഗതയിലാണ് ഇപ്പോൾ ചുഴലിക്കാറ്റ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.