തിരുവനന്തപുരം: കോവിഡ് ചികിത്സതേടി സ്വകാര്യ ആശുപത്രിയിൽ എത്തുന്ന രോഗികളിൽ നിന്നും അമിത തുക ഈടാക്കുന്ന സാഹചര്യത്തിൽ സർക്കാരിതര ആശുപത്രികളിലെ കോവിഡ് ചികിത്സയുടെ ചാർജ് നിയന്ത്രിക്കുന്നതിന് പ്രത്യേക സമിതിയെ ചുമതലപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ അതിതീവ്ര സ്വഭാവത്തിൽ കോവിഡ് വ്യാപനം നടക്കുന്നതിനാൽ ജനങ്ങൾക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട നിർബന്ധ സാഹചര്യം വന്നിരിക്കുകയാണ്. ഈ അവസരം മുതലാക്കി 250- 300 രൂപയുള്ള പി.പി.ഇ കിറ്റിന് 7000 മുതൽ 12,000 വരെ ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾ സംസ്ഥാനത്തുണ്ട്. വാർഡുകളിൽ കിടത്തി ചികിത്സ നടത്തുന്നതിന് സാധാരണ വാങ്ങുന്ന തുകയുടെ അഞ്ചിരട്ടി മുതൽ പത്തിരട്ടി വരെ വർധിപ്പിച്ചാണ് ഈടാക്കുന്നത്.

ഐസിയു, വെന്റിലേറ്റർ പോലുള്ളവയ്ക്ക് അനിയന്ത്രിതമായ തുകയാണ് ഓരോ ആശുപത്രിയും ഈടാക്കുന്നത്. ഇത് സംബന്ധിച്ച് പരാതിപ്പെടാൻ ഒരു സംവിധാനം പോലും നിലവിലില്ല. അമിത ചാർജ്ജ് ഈടാക്കുന്നതിനെ കർശനമായി നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.

കോവിഡ് ചികിത്സ തേടുന്നവരിൽ നിന്നും അമിത ചാർജ് ഈടാക്കാൻ പാടില്ല എന്ന കോടതിയുടെയും സർക്കാറിന്റെയും നിർദ്ദേശം നിലനിൽക്കുന്നുണ്ടെങ്കിലും അവയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകൾ ഇത്തരം കൊള്ളലാഭവുമായി മുന്നോട്ടുപോകുന്നത്. കേരളത്തിൽ ആയിരത്തിമുന്നൂറോളം സ്വകാര്യ ആശുപത്രികൾ ഉണ്ടെങ്കിലും മുന്നൂറിൽ താഴെ മാത്രമാണ് കോവിഡ് ചികിത്സാകേന്ദ്രങ്ങളായി നിലവിലുള്ളത്.

കൂടുതൽ സ്വകാര്യ ആശുപത്രികൾ കോവിഡ് ചികിത്സാകേന്ദ്രങ്ങൾ ആക്കാൻ സർക്കാർ മുൻകൈയെടുക്കണം. സ്വകാര്യ ആശുപത്രികളുടെ ഇത്തരം അനീതികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ ജാഗ്രത പാലിക്കുന്നില്ലെങ്കിൽ ജനങ്ങൾ കൂടുതൽ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വരുമെന്ന് അദ്ദേഹം പറഞ്ഞു.