ന്യൂഡൽഹി: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകും എന്നുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ അതോ അപ്രതീക്ഷിതമായി ഒരാളോ എന്ന ചർച്ചകൾക്കിടെയാണ് പ്രതികരണവുമായി കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ രംഗത്തെത്തിയിരിക്കുന്നത്.

കോൺഗ്രസിന് മുൻകാലങ്ങളിലൊന്നും കോൺഗ്രസ് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല. അതു തന്നെയാകും ഇക്കുറിയുമെന്ന് താരിഖ് അൻവർ വ്യക്തമാക്കി. സംസ്ഥാനത്ത് കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയും, രമേശ് ചെന്നിത്തലയും ജനകീയരും പരിചയസമ്പന്നരുമാണ്. രണ്ട് പേരും പാർട്ടിക്കായി ജോലി ചെയ്യട്ടേയെന്നും, തിരഞ്ഞെടുപ്പ് ഫലമനുസരിച്ച് തീരുമാനമെടുക്കാമെന്നും താരിഖ് അൻവർ വ്യക്തമാക്കി.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായുള്ള സഹകരണത്തിൽ ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്നാണ് താരിഖ് അൻവർ പറയുന്നത്. ഇതിന് പ്രധാന കാരണം കോൺഗ്രസ് വർഗീയ കക്ഷികളുമായി കൂട്ടകൂടുന്നു എന്ന പ്രചരണം ബിജെപി ശക്തമാക്കുന്നു എന്നതു കൊണ്ടാണ്. ബംഗളിൽ അടക്കം കോൺഗ്രസിന്റെ വർഗീയ കൂട്ടുകെട്ട് തുറന്നു കാണിക്കാനാണ് ബിജെപിയുടെ ശ്രമം. അതുകൊണ്ട് കൂടിയാണ് ഈ മുൻകരുതൽ കൈക്കൊല്‌ളൽ.

യുഡിഎഫിന് പുറത്തുള്ള കക്ഷിയുമായുള്ള സഹകരണമെന്നത് പൊതു തീരുമാനമല്ലെന്നും നീക്ക് പോക്കിനെ കുറിച്ച് അറിവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാവരുമായി ആലോചിച്ച് വേണം തീരുമാനമെടുക്കേണ്ടത്. സംസ്ഥാന നേതൃത്വത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് കരുതി സീമകൾ ലംഘിക്കരുതെന്നും താരിഖ് അൻവർ മുന്നറിയിപ്പ് നൽകി.

അതേസമയം മുസ്ലിംലീഗിന്റെ താൽപ്പര്യത്തിന് വഴങ്ങിയാണ് കോൺഗ്രസ് വെൽഫെയർ പാർട്ടിയുമായി നീക്കുപോക്കിന് തയ്യാറായത്. ഇത് തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ പ്രചരണത്തിന് ശ്രമിക്കുകയും ചെയ്യുന്നു. മലപ്പുറത്ത് അടക്കം ഈ സഖ്യത്തിന്റെ പേരിൽ പൊട്ടിത്തെറികൾ ഉണ്ടായിരുന്നു. നേരത്തെ വെൽഫെയർ പാർട്ടിയുമായി കേരള നേതാക്കൾ ചർച്ച നടത്തിയത് ആരുടെ നിർദ്ദേശ പ്രകാരമാണെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി ആവശ്യപ്പെട്ടിരുന്നു.

വെൽഫെയർ പാർട്ടിയുമായുള്ള സഹകരണം കോൺഗ്രസ് ദേശീയ നേതൃത്വത്തെ അടിക്കാനുള്ള വടിയാക്കുകയാണ് ബിജെപി. തീവ്രവാദ ശക്തികളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള കോൺഗ്രസിന്റെ ബാന്ധവമാണ് പുറത്ത് വരുന്നത്. ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട് എന്നീ സംഘടനകളുമായി കോൺഗ്രസിന് ബന്ധമുണ്ട്. വയനാട്ടിൽ രാഹുുൽഗാന്ധിയുടെ പ്രചാരണത്തിൽ ജമാ അത്തെ ഇസ്ലാമിയുടെ കൊടി കണ്ടത് യാദൃശ്ചികമല്ലെന്നും മുക്താർ അബ്ബാസ് നഖ് വി വിമർശിച്ചിരുന്നു. ഈ വിമർശനം ദേശീയ തലത്തിൽ കൂടുതൽ കടുപ്പിക്കാനാകും ഇവരുടെ ശ്രമം.