കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി ആദ്യ ആഴ്ചയിലുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. മുഖ്യ തിരഞ്ഞടുപ്പ് കമ്മീഷണർ സുനിൽ അറോറ ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. കോവിഡ് കണക്കിലെടുത്ത് ഏഴ് മുതൽ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് കമ്മീഷൻ ആലോചിക്കുന്നത്. മെയ് അഞ്ചിനുള്ളിൽ നടപടി പൂർത്തിയാക്കാനാണ് തീരുമാനം.

ഇത്തവണ കോവിഡ് നിയന്ത്രണം കണക്കിലെടുത്ത് പോളിങ് ബൂത്തുകളുടെ എണ്ണം കഴിഞ്ഞ തവണത്തതേിനേക്കാൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 1,01,790 പോളിങ് സ്റ്റേഷനുകളാണ് ഇത്തവണ ഒരുക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് സുരക്ഷയിൽ നിന്ന് ബംഗാൾ പൊലീസിനെ ഒഴിവാക്കണമെന്ന് ബിജെപി ഉൾപ്പടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. അതിനാൽതന്നെ സി.ആർ.പി.എഫിന് സുരക്ഷാ ചുമതല നൽകാൻ സാധ്യത. ബംഗാൾ പൊലീസിനെ വിന്യസിക്കില്ലെന്ന് സുനിൽ അറോറ വ്യക്തമാക്കിയിരുന്നു. ബിജെപി-തൃണമൂൽ പ്രവർത്തകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടർന്ന് സംസ്ഥാനത്ത് സിആർപിഎഫ്. ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. എന്നാൽ സി.ആർ.പി.എഫിനെ സംസ്ഥാനത്ത് വിന്യസിപ്പിക്കുന്നതിനു പിന്നിൽ ബിജെപി.യുടെ രാഷ്ട്രീയ തന്ത്രമാണെന്നുന്നയിച്ച് തൃണമൂൽ നേതാക്കൾ രംഗത്തുവന്നു.

ലോക്ഡൗൺ കാരണം നീട്ടിവച്ച പത്ത്, പ്ലസ് ടു പരീക്ഷകൾ കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ നിർബന്ധിതമായതെന്ന് കമ്മിഷൻ വൃത്തങ്ങൾ പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത്തവണ വിവധ ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പു നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷൻ ലക്ഷ്യമിടുന്നത്.