തിരുവനന്തപുരം:കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് സീരിയൽ താരം മനോജ് കുമാറിന്റെ വീഡിയോ ആണ്. തനിക്ക് വന്ന ഒരു അസുഖത്തെ കുറിച്ചുള്ള ബോധവത്കരണ വീഡിയോ ആയിരുന്നു. ഒന്ന് ഉറങ്ങി ഉണർന്നപ്പോഴേക്കും തന്റെ മുഖം കോടി പോയ അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്.

സ്വന്തം യുട്യൂബ് ചാനലിലും ഫേസ്‌ബുക്ക് പേജിലും പ്രസിദ്ധീകരിച്ച 'വിധി അടിച്ച് ഷേപ്പ് മാറ്റിയ എന്റെ മുഖം' എന്ന പേരിലെ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

നവംബർ 27-ാം തീയതി രാത്രി മുഖത്ത് അസ്വസ്ഥത തോന്നി. പിറ്റേന്ന് രാവിലെയാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. സ്‌ട്രോക്ക് ആണെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് ബെൽസ് പാൾസിയാണെന്ന് തിരിച്ചറിഞ്ഞത്. ഈശ്വരന്റെ ഓരോ കുസൃതികളാണിത്. ദൈവം തന്റെയടുത്ത് ഒരു കുസൃതി കാണിച്ചതാണ്. അസുഖം വന്നാൽ ആരും ഭയപ്പെടരുത്, മരുന്നെടുത്താൽ വേഗം മാറും. താൻ ഇപ്പോൾ ഫിസിയോതെറാപ്പി തുടങ്ങിയെന്നും മനോജ് പറയുന്നു.

മനോജിന്റെ വാക്കുകൾ

ഈ അസുഖത്തിന്റെ പേര് ബെൽസ് പാൾസി. ഇതേപറ്റി ഞാൻ അറിയുന്നത് കഴിഞ്ഞ നവംബർ 28നാണ്.
രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ എന്തോ തോന്നി. രാവിലെ മാറുമെന്ന് കരുതി. പക്ഷേ മുഖം താൽക്കാലികമായി കോടിപ്പോയി. തുപ്പിയപ്പോൾ ഒരു സൈഡിൽ കൂടിയാണ് വായിൽ കൊണ്ട വെള്ളം പുറത്തേക്ക് പോയത്. പല്ല് തേക്കുന്നതിനിടയിൽ ഒരു അരിക് താഴ്ന്നിരിക്കുന്നു. ഒരു ഭാഗം എന്തോ വീക്കായതു പോലെ. മുഖത്തിന്റെ ഒരു ഭാഗം വർക്ക് ചെയ്യുന്നില്ലെന്ന് എനിക്ക് മനസിലായി.

ബീനയോട് പറഞ്ഞപ്പോൾ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. ഡോക്ടർ കൂടിയായ എന്റെ അച്ഛന്റെ അനിയനെ വിളിച്ചു. വീഡിയോ കോളിലൂടെ അദ്ദേഹവുമായി സംസാരിച്ചു. എന്റെ പ്രശ്‌നങ്ങളെല്ലാം പറഞ്ഞു. ടെൻഷനടിക്കേണ്ട, ബെൽസ് പാൾസിയാണെന്ന് അദ്ദേഹമാണ് പറഞ്ഞത്. ആശുപത്രിയിലെത്തുമ്പോൾ എംആർഐ എടുത്തു നോക്കാൻ പറഞ്ഞു. തലയിൽ വേറെ പ്രശ്നമൊന്നും ഇല്ലെന്നറിഞ്ഞു. ഇത്രയും കാലത്തിനിടയിൽ ആദ്യമായിട്ടാണ് ഇങ്ങെയൊക്കെ ചെയ്തത്. ബെൽസ് പൾസി തന്നെയായിരുന്നു. രണ്ടാഴ്ചത്തേക്ക് മെഡിസിൻ തുടങ്ങി.

ഈ വീഡിയോ ഇടുന്നതിനോട് വീട്ടിൽ എതിർപ്പുണ്ടായിരുന്നു. നമ്മളനുഭവിച്ച് പോകുന്ന ടെൻഷനും കാര്യവും മറ്റുള്ളവർ കൂടി അറിയണം എന്നുള്ളതുകൊണ്ടാണിത്. ഇതു വന്നാൽ ആരും ടെൻഷനടിക്കേണ്ട, ഭയപ്പെടണ്ടേ ഇപ്പോൾ ഓകെ ആയി തുടങ്ങി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. ഇതിനെക്കാൾ ഭീകരമായിരുന്നു തുടക്കക്കാലത്ത്. ആസ്റ്ററിലും പോയി ഒരു ചെക്കപ്പ് നടത്തി. മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നറിഞ്ഞു. എ സി ഡയറക്ട് ആയി നമ്മുടെ മുഖത്തടിക്കുക, ഫുൾടൈം എ സിയിൽ ജോലി ചെയ്യുന്നവർ, അതൊക്കെ വളരെ അപകടകരമാണ്. അത് നിങ്ങൾ ശ്രദ്ധിക്കണം. ആർക്കും വരാവുന്ന ഒരു രോഗമാണ്. വന്നാലും പേടിക്കരുത്.

ഇതൊക്കെ ഈശ്വരന്റെ കുസൃതികൾ ആയി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കൊച്ചു കുട്ടികളോട് നമ്മൾ കാണിക്കുമ്പോലെ ദൈവം എന്നോട് ഒരു കുസൃതികാണിച്ചു. വേറെ ഒന്നമുമില്ല. ഇതൊക്കെ മാറിക്കോളും.

മനോജ് കുമാറിന് ബെൽസ് പാൾസ് വരികയും അദ്ദേഹം വീഡിയോ ഇടുകയും ചെയ്തതോടെ എല്ലാവരും ഈ അസുഖത്തെ കുറിച്ച് ശ്രദ്ധിച്ചു.അതിന് മനോജിന് നന്ദി പറയാം. സ്‌ട്രോക്കാണ് എന്ന് തെറ്റിദ്ധരിച്ചേക്കാം എന്നതാണ് ബെൽസ് പാൾസിയുടെ ഒരു പ്രശ്‌നം. എന്നാൽ ബെൽസ് പാൾസി സ്‌ട്രോക്കല്ല. പൂർണമായി ചികിത്സിച്ച് ഭേദമാക്കാവുന്ന സർവ സാധാരണമായ രോഗമാണ് ബെൽസ് പാൾസി. മുഖത്തെ ഞരമ്പുൾക്ക് ഉണ്ടാകുന്ന തളർച്ചയാണ് ഇത്. നമ്മൾ നെറ്റി ചുളിക്കുന്നതും കണ്ണടയ്ക്കുന്നതും ചിരിക്കുന്നതും എല്ലാം മുഖത്തെ പേശികളുടെ സഹായത്തോടെയാണ്. ഈ പേശികളെ പിന്തുണയ്ക്കുന്നത് ഫേഷ്യൽ നേർവുകളാണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെൽസ് പാൾസി. മുഖം ഒരു വശത്തേക്ക് കോടുന്ന അവസ്ഥ.

ഡോ.മനോജ് വെള്ളനാട് മുമ്പ് എഴുതിയ ഒരു കുറിപ്പ് കൂടി വായിക്കാം:

 ബെൽസ് പാൾസി 

പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ലാതെ മുഖത്തിന് ഒരു വശത്തുള്ള പേശികളുടെ ചലനശേഷി നഷ്ടപ്പെടുന്ന (PARALYSIS) അവസ്ഥയാണ് BELLS PALSY

മുഖപേശികളിലേയ്ക്കുള്ള ഞരമ്പുകളുടെ വിതരണം മനസിലാക്കിയാലേ ഈ അസുഖത്തിന്റെ വരവ് മനസിലാകൂ. തലച്ചോറിൽ നിന്നും പുറപ്പെടുന്ന 7-ആം നമ്പർ ക്രേനിയൽ നെർവായ ഫേഷ്യൽ നെർവാണ് ആ ഞരമ്പ്. അതിന്റെ പാത വളരെ ഇടുങ്ങിയതും ധാരാളം വളവുകളും തിരിവുകളും നിറഞ്ഞതുമാണ്. പാതയുടെ ഈ ഞെരുക്കമാണ് പലപ്പോഴും ബെൽസ് പാൾസി പോലുള്ള രോഗങ്ങൾക്ക് കാരണവും. മാത്രമല്ല, ചെവിയിലെ കർണപുടത്തിനോട് ചേർന്ന് പെട്ടന്ന് ക്ഷതം സംഭവിക്കാവുന്ന വിധത്തിലാണതിന്റെ കീഴോട്ടുള്ള പോക്ക്.

ഈ ഇടുങ്ങിയ പാതയിലുണ്ടാകുന്ന ചെറിയ നീർവീക്കം പോലും ഞരമ്പിനെ ഞെരുക്കും. ഞരമ്പ് തളരും. ആ ഞരമ്പിന്റെ നിയന്ത്രണത്തിലുള്ള മുഖപേശികൾ പ്രവർത്തിക്കാതാകും. അതാണ് ബെൽസ് പാൽസി.

തലച്ചോറിൽ നിന്നും മുഖത്തെ പേശികളിലെക്കുള്ള മേൽപ്പറഞ്ഞ ഞരമ്പിൽ വൈറസ് ബാധ ഉണ്ടാകുകയോ, അതിന്റെ പാതയിൽ നീര് വയ്ക്കുകയോ ചെയ്യുന്നതാണ് ഈ രോഗം വരാനുള്ള പ്രധാനകാരണം. ട്രെയിനിലോ ബസിലോ രാത്രിയിൽ സൈഡ് സീറ്റിലിരുന്ന് യാത്രചയ്യുന്നവരിൽ, ഒന്ന് ഉറങ്ങിയെണീക്കുമ്പോൾ മുഖം ഇതുപോലെ കോടിയിരിക്കാം. കാറ്റിന്റെ തണുപ്പുകൊണ്ട് ഈ ഞരമ്പിന്റെ ചെവിയുടെ ഭാഗത്തെ പാതയിൽ ഞെരുക്കമുണ്ടായതാണ്.HERPES എന്ന വൈറസിനെ ആണ് സാധാരണയായി രോഗകാരിയായി കരുതുന്നതെങ്കിലും മറ്റ് ചില അസുഖങ്ങളുടെ ഭാഗമായും ഇതേ രോഗ ലക്ഷണങ്ങൾ കാണാറുണ്ട്. ഉദാ:

പ്രായമായവരിൽ പക്ഷാഘാതത്തോടൊപ്പം (HEMIPLEGIA)
ചെവിയിൽ പഴുപ്പ് ഉണ്ടാകുന്ന അവസ്ഥ (MIDDLE EAR INFECTION)
ആക്‌സിഡെന്റിലോ മറ്റോ ചെവിയുടെ ഭാഗത്തെ എല്ലിനു (TEMPORAL BONE FRACTURE) പൊട്ടൽ ഉണ്ടാകുക, തുടങ്ങിയവ..

(ലക്ഷണങ്ങൾ ഒരുപോലെ ആണെങ്കിലും ഈ മൂന്നും ബെൽസ് പാൾസിയുടെ കൂട്ടത്തിൽ പെടില്ല.)

ലക്ഷണങ്ങൾ

രോഗലക്ഷണങ്ങൾ മുഖത്തിന്റെ ഒരു വശത്ത് മാത്രമേ കാണൂ.
ഗർഭിണികളിലും പ്രമേഹരോഗികളിലും ഇതു വരാനുള്ള സാധ്യത കൂടുതലാണ്.
ഈ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ജലദോഷമോ ചെവി വേദനയോ ചിലരിലെങ്കിലും കാണാറുണ് .

വായ ഒരു വശത്തേക്ക് (അസുഖമുള്ളതിന് എതിർദിശയിലേക്ക്) കോടിയിരിക്കുക.
അസുഖമുള്ള വശത്തെ കണ്ണ് പൂർണമായും അടക്കുവാനുള്ള ബുദ്ധിമുട്ട്.
ഉമിനീരും കഴിക്കുന്ന ഭക്ഷണവും വെള്ളവും വായുടെ ഒരു വശത്ത് കൂടെ ഒലിച്ചിറങ്ങുക
ചവക്കാനോ, ചിരിക്കാനോ, വിസിലടിക്കാനോ ഉള്ള ബുദ്ധിമുട്ട്.
നെറ്റി ചുളിക്കുമ്പോൾ അസുഖമുള്ള വശത്തെ പാതി നെറ്റി ചുളിയില്ലാ.
ചിലരിൽ തലവേദന, രുചിയില്ലായ്മ, കണ്ണുകൾ എപ്പോഴും തുറന്നിരിക്കുന്നതുകൊണ്ടുള്ള അസ്വസ്ഥത എന്നിവയും കാണാറുണ്ട്..

രോഗനിർണയം

ഈ പറഞ്ഞ രോഗ ലക്ഷണങ്ങൾ നോക്കി , മറ്റു പരിശോധനകൾ ഇല്ലാതെ തന്നെ രോഗനിർണയം നടത്താവുന്നത് ആണ്. എന്നാൽ പ്രയമായവരിലും മറ്റു രോഗങ്ങൾ സംശയിക്കുന്നവരിലും ഒരു സി.ടി അല്ലെങ്കിൽ MRI സ്‌കാൻ വഴി മറ്റു രോഗങ്ങളുടെ ഭാഗമല്ല ഇത് എന്ന് ഉറപ്പിക്കാവുന്നതാണ്.

ചികിത്സ

ചികിത്സ ഇല്ലാതെ തന്നെ ഇത് ഭേദമാകാറുണ്ടെങ്കിലും അതിനു ദീർഘനാൾ വേണമെന്നതിനാല് തുടക്കത്തിലേ തന്നെ ഡോക്ടറെ കാണുന്നതാണ് ഉചിതം.

ഹ്രസ്വകാലത്തേക്കുള്ള STEROID THERAPY ആണ് പ്രധാനമായും ഇതിന്റെ ചികിത്സ.
രോഗകാരണം ഹെർപസ് വൈറസ് ആയതിനാൽ ANTIVIRAL മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സയും ഫലപ്രദമാണ്. കണ്ണുകളുടെ സുരക്ഷയ്ക്ക് കൃത്രിമ കണ്ണുനീർ തുള്ളികൾ ഉപയോഗിക്കാം.മുഖപേശികൾക്ക് വ്യായാമം (FACIAL PHYSIOTHERAPY) കൊടുക്കുന്നത് ചികിത്സ ത്വരിതപ്പെടുത്താൻ സഹായിക്കും.

മനസ്സിലാക്കേണ്ടത്:

ഏതു പ്രായത്തിലും വരാവുന്ന ഒരു സാധാരണ രോഗം മാത്രമാണ് ബെൽസ് പാൾസി ഇത് കാൻസസിന്റെയോ ഞരമ്പ് സംബന്ധമായ മാരക രോഗങ്ങളുടെയോ ഭാഗമല്ല.
തുടക്കത്തിലേ ചികിത്സിച്ചാൽ വളരെ വേഗം, പൂർണമായും ഭേദപ്പെടുത്താവുന്ന രോഗമാണ്