കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ ഭരണം എത്തുമ്പോൾ ആ സമൂഹത്തിന് എന്താണ് സംഭവിക്കുക? ആ ആകാംക്ഷയാണ് ലോകം മുഴുവനും. പൗരാവകാശങ്ങൾ ഇല്ലാത്തവരായി അഫ്ഗാൻ ജനത മാറുമെന്ന വിലയിരുത്തലുകളാണ് എങ്ങും പുറത്തുവരുന്നത്. സ്ത്രീകളാകും ഇവരുടെ ആദ്യ ഉന്നം എന്നതിനാൽ തന്നെ സ്ത്രീകൾക്ക് ഇനി മുഖം മറയ്ക്കാതെ പുറത്തിറങ്ങാൻ സാധിക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് ഏതാണ്ട് ഉറപ്പാണ്.

അഫ്ഗാന്റെ നിയന്ത്രണം ഒരിക്കൽ കൂടി താലിബാന്റെ കൈകളിലെത്തിയതോടെ ഭീതിയിലാണ് രാജ്യത്തെ സ്ത്രീകളും പെൺകുട്ടികളുമടങ്ങുന്ന വിഭാഗം. മാധ്യമപ്രവർത്തകരും ജഡ്ജിമാരും മനുഷ്യാവകാശപ്രവർത്തകരും അവരുടെ ലക്ഷ്യമാണ്. ഈ വിഭാഗത്തോടുള്ള താലിബാന്റെ കടുത്തനയം മാറാൻ പോകുന്നില്ലെന്നാണ് വിലയിരുത്തൽ.

പ്രസിഡന്റ് അഷറഫ് ഗനി രാജ്യം വിട്ട് തജിക്കിസ്ഥാനിലേക്ക് പലായനം ചെയ്തതോടെ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്ഥാൻ ഇല്ലാതായി. താലിബാൻ വിഭാവനം ചെയ്യുന്ന ഇസ്ലാമിക് ഇമാറത്തിലേക്ക് അഫ്ഗാനിസ്ഥാൻ തിരിച്ചുനടക്കുമ്പോൾ തികഞ്ഞ അനിശ്ചിതത്വമാണ് അഫ്ഗാനെ കാത്തിരിക്കുന്നത്. അതേസമയം ബലപ്രയോഗം കൂടാതെ കാബൂൾ അവർ പിടിച്ചെടുത്തത് നേരിയ പ്രതീക്ഷ നൽകുന്നുണ്ട്. താലിബാൻ ആരോടും പ്രതികാര ബുദ്ധിയോടെ പെരുമാറില്ലെന്ന താലിബാൻ വാക്കു വിശ്വസിക്കയല്ലാതെ മറ്റു വഴികൾ ഇല്ല അഫ്ഗാൻ ജനതയ്ക്ക്.

സ്ത്രീകളുടെ അവകാശങ്ങൾ തട്ടിത്തെറിപ്പിച്ച പാരമ്പര്യമാണ് താലിബാനുള്ളത്. അതിൽ നിന്നു താലിബാൻ ഒട്ടും പിന്നോട്ടു പോയിട്ടില്ല. വരും നാളുകളിൽ അത് വെളിപ്പെടുമെന്നാണ് ഒരു ടെലിവിഷൻ സിഇഒയും അഭിപ്രായപ്പെട്ടത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളിൽ പരിമിതമായ അളവിലെങ്കിലും സ്വാതന്ത്ര്യം അനുഭവിച്ച തലമുറയാണ് അഫ്ഗാനിസ്ഥാനിലുള്ളത്. ജനസംഖ്യയുടെ 70 ശതമാനവും 30 വയസ്സിൽ താഴെയുള്ളവരാണ്. ടെലിവിഷനും സോഷ്യൽ മീഡിയയും പാട്ടും സിനിമയും കണ്ടു വളർന്നവരാണവർ. ഇവർക്ക് പൗരാവകാശങ്ങളെ കുറിച്ച് ധാരണയുണ്ട്. എന്നാൽ താലിബാന്റെ ഭരണം സോഷ്യൽ മീഡിയയെ ഇല്ലാതാക്കുമോ എന്നാണ് അറിയേണ്ടത്.

ജനാധിപത്യത്തോട് താൽപ്പര്യമില്ലാത്തവരാണ് താലിബാനികൾ. അവർ ജനാധിപത്യ വഴിയിൽ വരില്ലെന്നത് ഉറപ്പാണ്. ദക്ഷിണേഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ വനിതാപ്രാതിനിധ്യമുള്ള പാർലമെന്റാണ് അഫ്ഗാനിസ്ഥാന്റേത്. 27 ശതമാനത്തിലധികം വരും അത്. താലിബാൻ ഭരണത്തിൽ ഇത് അസംഭവ്യമാണ്. രണ്ട് പതിറ്റാണ്ടിനിടയിൽ അഫ്ഗാനിസ്ഥാൻ മാറിയിട്ടുണ്ട്. പരിമിതമായ അളവിലാണെങ്കിലും ജനാധിപത്യം തുറന്നിടുന്ന സാധ്യതകളാണ് ഈ മാറ്റത്തിന്റെ കാതൽ. എന്നാൽ ഇക്കാലം കൊണ്ട് താലിബാൻ മാറിയിട്ടുണ്ടോ ഇല്ല എന്ന് വിശ്വസിക്കുന്നവരാണ് കാബൂളിലധികവും. അതുകൊണ്ട് തന്നെ സംഘർഷത്തിന്റെ വഴിയിൽ നിന്നും അഫ്ഗാനിസ്ഥാനു തിരിഞ്ഞ് നടക്കാനാവും എന്ന് വിശ്വസിക്കുക പ്രയാസമാണ്.

താലിബാൻ വീണ്ടും അധികാരത്തിൽ എത്തുന്നത് യുഎസുമായുള്ള ചർച്ചകൾക്ക് ശേഷമാണ് എന്നതും നേരിയ പ്രതീക്ഷ നൽകുന്നതാണ്. 2017ൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താലിബാൻ സ്വാധീനമുറപ്പിച്ചു. 2017ൽ അഫ്ഗാനിലെ പകുതിയോളം ജനസംഖ്യയും താലിബാൻ അധീനമേഖലകളിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. തുടരെത്തുടരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഖത്തറിൽ 2018 മുതൽ യു.എസിന്റെ മധ്യസ്ഥതയിൽ നിരവധി ചർച്ചകൾ നടന്നു. എന്നാൽ വിദേശശക്തികൾ രാജ്യത്തുനിന്ന് പുറത്തുപോകുന്നത് വരെ ആക്രമണം നിർത്തില്ലെന്ന് താലിബാൻ ഉറപ്പിച്ചു പറഞ്ഞു.

ഒടുവിൽ 2020 ഫെബ്രുവരിയിൽ ഖത്തറിൽ താലിബാനുമായി ഒപ്പുവെച്ച സമാധാന കരാറിനെ തുടർന്ന് അഫ്ഗാനിസ്താനിൽ നിന്ന് യു.എസ് സേനാപിന്മാറ്റത്തിൽ ധാരണയിലെത്തി. മെയ്‌ ഒന്നിനുമുമ്പായി സൈനികരെ മുഴുവൻ പിൻവലിക്കുമെന്ന് അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല. ജോ ബൈഡൻ യു.എസ് പ്രസിഡന്റായി അധികാരത്തിലെത്തിയതോടെ സെപ്റ്റംബർ 11നുമുമ്പ് സൈനികരെ മുഴുവൻ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു. പിന്നീടാണ് അധികാര വഴിയിൽ വീണ്ടും താലിബാൻ എത്തുന്നത്.

അഫ്ഗാനിലെ സ്ത്രീകളെയോർത്ത് ആശങ്കയുണ്ടെന്ന് മലാല യൂസഫ്‌സായ്

അഫ്ഗാനിലെ സ്ത്രീകളെയോർത്ത് ആശങ്കയുണ്ടെന്ന് വിദ്യാഭ്യാസ അവകാശ പ്രവർത്തകയും നോബേൽ സമ്മാനജേതാവുമായ മലാല യൂസഫ്‌സായ്. രാജ്യത്തെ വെടിനിർത്തലിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് മലാല പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രതികരണം.

താലിബാൻ അഫ്ഗാനിസ്താന്റെ നിയന്ത്രണമേറ്റെടുത്തുവെന്ന വാർത്ത ഞെട്ടലുണ്ടാക്കുന്നതാണ്. സ്ത്രീകൾ, ന്യൂനപക്ഷങ്ങൾ, മനുഷ്യാവകാശത്തിനായി പ്രവർത്തിക്കുന്ന അഭിഭാഷകർ എന്നിവരുടെ സ്ഥിതിയിൽ ആശങ്കയുണ്ട്. ആഗോള, പ്രാദേശിക ശക്തികൾ വെടിനിർത്തലിനായി ഇടപെടണം. മാനുഷികമായ സഹായങ്ങൾ അഫ്ഗാൻ ജനതക്ക് ഒരുക്കണം. അഭയാർഥികളെ സംരക്ഷിക്കണമെന്നും മലാല ആവശ്യപ്പെട്ടു.

2014ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം മലാല യൂസഫ്‌സായിക്ക് ലഭിച്ചിരുന്നു. 17ാം വയസിലാണ് മലാലക്ക് പുരസ്‌കാരം ലഭിച്ചത്. കൈലാഷ് സത്യാർഥിക്കൊപ്പമാണ് മലാല സമ്മാനം പങ്കിട്ടത്.