വാഷിങ്ടൺ: 'അബ് കി ബാർ.. ട്രംപ് സർക്കാർ' - എന്നു പറഞ്ഞു കൊണ്ട് മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ അമേരിക്കൻ രാഷ്ട്രീയത്തിൽ പരസ്യമായി ഇടപെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പതിനായിരങ്ങളെ സാക്ഷിയാക്കി ഹൂസ്റ്റണിലെ സ്റ്റേഡിയിൽ അങ്ങനെ പറഞ്ഞതിന് നരേന്ദ്ര മോദിക്ക് ഇപ്പോൾ ജാള്യത ഉണ്ടായിരിക്കാം. കാരണം താൻ പിന്തുണച്ച ട്രംപ് അമ്പേ പരാജയപ്പെട്ടിരിക്കുന്നു. നേതാക്കൾ ആരായാലും രാഷ്ട്രങ്ങൾ തമ്മിലാണ് ബന്ധങ്ങൾ സ്ഥാപിക്കുന്നത് എന്നതാനാൽ ട്രംപില്ലെങ്കിൽ ബൈഡൻ എന്നതു തന്നയാകും ഇനി ഇന്ത്യയുടെയും മോദിയുടെയും നിലപാട്. ബറാക്ക് ഒബാമയുടെ കീഴിൽ വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ ഇന്ന് അമരക്കാരനാകുമ്പോൾ മുമ്പുണ്ടായിരുന്ന ഊഷ്മള ബന്ധം തന്നെ തുടരാൻ സാധിക്കുമെന്നാണ് കരുതുന്നത്.

ഇനി വരാനിരിക്കുന്നത് മോദി-ബൈഡൻ കൂട്ടുകെട്ട് തന്നെയാകും എന്നാണ് ന്യൂഡൽഹി നൽകുന്ന സൂചന. പ്രസിഡന്റ് ബൈഡന് പ്രധാനമന്ത്രി മോദി ആശംസകൾ നേർന്നു കഴിഞ്ഞു. ഇന്ത്യയോട് ബൈഡന് എന്നും താൽപ്പര്യം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം കമല ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരിഞ്ഞെടുത്തതും. 2020ൽ ഇന്ത്യയും അമേരിക്കയുമാകണം ലോകത്തെ ഏറ്റവും സൗഹൃദ രാജ്യങ്ങൾ എന്ന് 2006ൽ ബൈഡൻ പറഞ്ഞിട്ടുണ്ട്.

ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ഏറെ കാലമായുള്ള ആവശ്യത്തെ പിന്തുണച്ച വ്യക്തിയാണ് ബൈഡൻ. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ഇക്കാര്യത്തിൽ അടക്കം പ്രതീക്ഷകളുണ്ട്. ഭീകരതക്കെതിരായ നടപടിയിൽ ഇന്ത്യയുമായി സഹകരിക്കാൻ ഒബാമയും ബൈഡനും തയ്യാറായിരുന്നു. ട്രംപ് പ്രസിഡന്റായ ശേഷം ഇന്ത്യയുമായി പ്രത്യേക അടുപ്പം കാണിച്ചിരുന്നു. മാത്രമല്ല, പാക്കിസ്ഥാനുമായും ചൈനയുമായും കടുത്ത എതിർപ്പും പ്രകടിപ്പിച്ചിരുന്നു. എന്നാൽ ബൈഡൻ ഇതിൽ നിന്ന് വ്യത്യസ്തനാകുമെന്നാണ് കരുതുന്നത്. ചൈനീസ് അതിർത്തി വിഷയത്തിൽ ട്രംപ് നൽകിയിരുന്ന പിന്തുണ ബൈഡനും ഇന്ത്യയ്ക്ക് നൽകുമെന്നാണ് മോദി സർക്കാർ പ്രതീക്ഷിക്കുന്നത്.

വാണിജ്യ രംഗത്തും വീസകുടിയേറ്റ വിഷയങ്ങളിലും മറ്റും ഇന്ത്യയ്ക്കു താൽപര്യം ബൈഡനെയാവും. പ്രത്യേകിച്ച് ബൈഡന്റെ വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജയായ കമല ഹാരിസ് ഉള്ളതിനാൽ കുടിയേറ്റക്കാരോടുള്ള സമീപനം ട്രംപ് ഭരണകൂടത്തിന്റെതിനെക്കാൾ ഉദാരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസിലെ ഇന്ത്യൻ വംശജരിൽ കൂടുതൽപേരും ഡമോക്രാറ്റുകളുടെ പക്ഷത്താണ്.

പാക്കിസ്ഥാനോടു കടുത്ത നയമായിരുന്നു ട്രംപ് ഭരണകൂടത്തിന്റേത്. ആഗോളഭീകരതയോടുള്ള പാക്കിസ്ഥാന്റെ നിലപാടുകളെ, വാക്കാലെങ്കിലും ശക്തമായി ട്രംപ് ഭരണകൂടം വിമർശിച്ചിരുന്നു. ഈ കാർക്കശ്യം ബൈഡനിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. പാക്കിസ്ഥാനെ പിണക്കാതെ തന്നെ ഇന്ത്യയെ ഒപ്പം നിർത്തുന്ന സമീപനമാകും ബൈഡനിൽ നിന്നും ഉണ്ടാകുക. അമേരിക്കയുടെ കാർക്കശ്യം പാക്കിസ്ഥാനെ പൂർണമായും ചൈനയുടെ സ്വാധീനവലയത്തിൽ എത്തിക്കുമെന്നാണ് ബൈഡൻ കരുതുന്നത്. അതുകൊണ്ട് തന്നെ ആ നയം പിന്തുടരാൻ സാധ്യത കുറവാണ്.

കശ്മീർ പ്രശ്‌നത്തിൽ ട്രംപ് ഭരണകൂടം നരേന്ദ്ര മോദി സർക്കാരിന് അനുകൂലമായ തുറന്ന നിലപാട് എടുത്തില്ലെങ്കിലും വിമർശനങ്ങൾക്കു മുതിർന്നില്ല. എന്നാൽ, കശ്മീരിലെ മനുഷ്യവകാശ ലംഘനവും മറ്റും സംബന്ധിച്ചു വിമർശനപരമായ നിലപാടുകളാണു ഡമോക്രാറ്റുകൾ പ്രത്യേകിച്ച് കമല ഹാരിസ് സ്വീകരിച്ചുപോന്നിട്ടുള്ളത്. സിഎഎ വിഷയത്തിലും സമാന നിലപാടാണുള്ളത്. കുടിയേറ്റക്കാരുടെ പ്രതിനിധി ആയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് കമലഹാരിസ് എത്തിയത്. അതുകൊണ്ട് തന്നെ കമല ഹാരിസും പ്രത്യക്ഷത്തിൽ തന്നെ ഇന്ത്യൻ പൗരത്വ നിയമത്തിന് എതിരായ നിലപാടുകാരിയാണ്.

റിപ്പബ്ലിക്കന്മാർ പൊതുവെ മറ്റു രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ നിന്നു വിട്ടുനിന്നു ശാക്തികരംഗത്തും വാണിജ്യസാമ്പത്തികരംഗത്തും ശ്രദ്ധിക്കുന്നവരായാണ് അറിയപ്പെടുന്നത്. ആണവകരാർ ഒപ്പിടാൻ ഇന്ത്യയ്ക്കുമേൽ കൂടുതൽ സമ്മർദം ചെലുത്തിയത് ഡമോക്രാറ്റ് ആയ ജിമ്മി കാർട്ടറായിരുന്നു. കരാറിൽ ഒപ്പിടാതെ തന്നെ ഇന്ത്യയുമായി ആണവസഹകരണത്തിനു തയാറായത് റിപ്പബ്ലിക്കനായ ജോർജ് ബുഷും. കശ്മീരിൽ മനുഷ്യാവകാശലംഘനം ആരോപിച്ച് ഇന്ത്യയെ വിമർശിക്കാറുള്ളതു കൂടുതലും ഡമോക്രാറ്റുകളാണ്.

ഏതു ഭരണകൂടം അധികാരത്തിലെത്തിയാലും പ്രതിരോധരംഗത്ത് നിലവിലുള്ള ബന്ധത്തിൽ മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ നൽകുന്ന വ്യാപാര സാധ്യത വലുതാണ്. ആ കച്ചവട ബന്ധം തുടർന്ന് പോകാനാകും അവർ ആഗ്രഹിക്കുക. മിസൈൽ സാങ്കേതികവിദ്യ നിർവ്യാപന വ്യവസ്ഥകളും മറ്റും മറികടന്ന് ഇന്ത്യയ്ക്കു സായുധ ഡ്രോണുകളും മറ്റും കൈമാറിയത് ട്രംപ് ഭരണകൂടമാണ്. ഈ ശൈലി ബൈഡനും തുടർന്നേക്കും.