മലപ്പുറം: കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ പ്രൊഫൈൽ ഫോട്ടോവെച്ചെത്തിയ സാമൂഹ്യ വിരുദ്ധർ കുട്ടികളുടെ ഓൺലൈൻ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചു. മലപ്പുറം ഊരകം കുന്നത്ത് യൂണിറ്റ് എസ്എസ്എഫ് സാഹിത്യോത്സവ് നടത്തിയ വാട്സ് ആപ്പ് ഗ്രൂപ്പിലാണ് മത്സരം നടക്കുന്നതിനിടെ ഒരുവിഭാഗം സാമൂഹ്യവിരുദ്ധർ ഗ്രൂപ്പിൽ കയറിക്കൂടി അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചത്. ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മലപ്പുറം സൈബർ സെൽ പൊലീസ് കേസെടുത്തു.

മത്സരാർഥികളെ ചേർക്കാൻ അയച്ചുകൊടുത്ത ലിങ്ക് വഴി കൃത്രിമ ഇന്റർനെറ്റ് നമ്പർ ഉപയോഗിച്ചുള്ള വാട്സാപ്പിൽനിന്നാണ് അശ്ലീല ചിത്രങ്ങൾ വന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ മാസം 19നാണ് ഗ്രൂപ്പുണ്ടാക്കിയത്. ഇതിന്റെ ലിങ്ക് മത്സരം നടന്ന 23നാണ് പുറത്തുവിട്ടത്. അരമണിക്കൂറിനകം സാമൂഹ്യവിരുദ്ധർ ഗ്രൂപ്പിൽ ചേർന്നു. കുട്ടികളെ തെറ്റിദ്ധരിപ്പിക്കാൻ കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ വ്യാജ പ്രൊഫൈൽ ഫോട്ടോയാണ് ഇവർ ഉപയോഗിച്ചിരുന്നത്.

എസ്എസ്എഫ് സിന്ദാബാദ് എന്ന സബ്ജക്ടും ചേർത്തു. വിദേശത്തുള്ള സെർവർ പ്രതികൾ ഉപയോഗിച്ചെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറം ചൈൽഡ് ലൈനിൽ ലഭിച്ച പരാതിയിലാണ് പോക്‌സോ (കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയൽ) നിയമപ്രകാരം കേസെടുത്തത്. അതിനിടെ പല സ്‌കൂൾ ഗ്രൂപ്പുകളിലും വ്യാജ പ്രൊഫൈലുകളുണ്ടാക്കി അശ്ലീല ചിത്രങ്ങൾ പങ്കുവയ്ക്കുന്നതായി പരാതി ഉയർന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.