മുംബൈ: ജിയോ ഉപഭോക്താക്കൾക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് ഇപ്പോൾ റിലയൻസിൽ നിന്നും പുറത്ത് വരുന്നത്. ജിയോയുടെ ഫീച്ചർ ഫോണായ ജിയോ ഫോണിൽ ഇനി മുതൽ വാട്‌സാപ്പും ഉപയോഗിക്കാം. വാട്‌സാപ്പ്് ആപ്ലിക്കേഷൻ ഫീച്ചർ ഫോണുകളിൽ പ്രവർത്തിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതാണ് ജിയോ ഉപയോക്താക്കൾക്ക് സഹായകരമായത്.

ജിയോ ഫോണിലെ വാട്സ്ആപ്പും എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോടെയാണ് എത്തുന്നത്.സാധാരണ വാട്സ്ആപ്പ് പോലെ സന്ദേശങ്ങളും, ചിത്രങ്ങളും, വീഡിയോയും, അയയ്ക്കാനും, ശബ്ദസന്ദേശങ്ങൾക്കും ഈ വേർഷൻ ഉപകരിക്കും. ജിയോഫോൺ ആപ്പ് സ്റ്റോറിൽ സെപ്റ്റംബർ 10 മുതൽ ലഭ്യമായ വാട്സ്ആപ്പ് സെപ്റ്റംബർ 20 മുതൽ എല്ലാ ജിയോഫോൺ ഉപയോക്താക്കൾക്കും ഉപയോഗിക്കാം.

ജിയോ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്താണ് സേവനം ഉപയോഗിക്കേണ്ടത്. ഇന്ത്യയിൽ വാട്സ്ആപ്പ് പ്രൈവറ്റ് മെസേജിങ് ജിയോഫോണിൽ ലഭ്യമാക്കുകയാണെന്ന് വാട്സ്ആപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയൽസ് വ്യക്തമാക്കി. ഫീച്ചർ ഫോണുകളിലും സേവനം ലഭ്യമാക്കി കൂടുതൽ പേരിലേക്ക് ആപ്പ് എത്തുമെന്നതാണ് സവിശേഷത. ഫേസ്‌ബുക്ക് നിലവിൽ ജിയോ ഫോണിൽ ഉപയോഗിക്കാം.