ന്യൂയോർക്ക്: ഗ്രൂപ്പ് അംഗങ്ങൾ സന്ദേശങ്ങൾ വിടുന്നത് തടയാൻ അഡ്‌മിനിസ്‌ട്രേറ്റർക്ക് അധികാരം നൽകുന്ന 'റെസ്ട്രിക്റ്റഡ് ഗ്രൂപ്പ്' ഫീച്ചറുമായി വാട്‌സ്ആപ്പ്. ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്താൽ ഗ്രൂപ്പിൽ ടെക്സ്റ്റ്, വീഡിയോ, ജിഫ്, ഡോക്യുമെന്റസ്, വോയ്‌സ് സന്ദേശങ്ങൾ അയക്കാനുള്ള അധികാരം അഡ്‌മിന് മാത്രമായി ചുരുങ്ങും.

ഗ്രൂപ്പ് അഡ്‌മിന്മാർക്ക് മാത്രമേ 'റെസ്ട്രിക്ടഡ് ഗ്രൂപ്പ്' സെറ്റിങ് ആക്ടിവേറ്റ് ചെയ്യാനാകൂ. ഇങ്ങനെ ചെയ്താൽ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് അഡ്‌മിൻ പങ്കുവയ്ക്കുന്ന സന്ദേശങ്ങളും മീഡിയയും വായിക്കാൻ മാത്രമേ കഴിയുകയുള്ളൂ, പ്രതികരിക്കാനാവില്ല. ഗ്രൂപ്പിലേക്ക് സന്ദേശം അയക്കണമെങ്കിൽ 'മെസേജ് അഡ്‌മിൻ' എന്ന പുതിയ ഓപ്ഷൻ ഉപയോഗിച്ച് അഡ്‌മിന്റെ അനുമതി തേടണം. അതേസമയം, ഒരു ഗ്രൂപ്പ് 72 മണിക്കൂറിൽ ഒരു തവണ മാത്രമെ റെസ്ട്രിക്ട് ആക്കാൻ സാധിക്കുകയുള്ളൂ.

വാട്‌സ്ആപ്പ് ബീറ്റ വേർഷനിലാണ് പുതിയ ഫീച്ചർ എത്തിയിരിക്കുന്നതെന്നു വാട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്ന വാബീറ്റഇൻഫോ എന്ന സൈറ്റ് തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇതു സംബന്ധിച്ച് വാട്‌സ്ആപ്പിൽനിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.