ന്യൂഡൽഹി: വാട്സ്ആപ്പിന്റെ സ്വകാര്യതാ നയത്തിനെതിരേ നിയമനടപടിയിലേക്ക് വീണ്ടും കേന്ദ്ര സർക്കാർ. വാട്സ്ആപ്പ് ഉപഭോക്താക്കളെ സമ്മർദത്തിലാക്കി പുതിയ നയം അംഗീകരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ കുറ്റപ്പെടുത്തി.

പുതിയ സ്വകാര്യതാനയം നടപ്പാക്കാൻ ഉപയോക്താക്കളിൽനിന്ന് കൗശലപൂർവം അനുമതി വാങ്ങുകയാണെന്നു ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ പറഞ്ഞു. സ്വമേധയായുള്ള അനുമതിയില്ലാതെ ഡാറ്റ പങ്കുവെയ്ക്കുന്ന വിഷയത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഡൽഹി ഹൈക്കോടതിയെ കേന്ദ്ര സർക്കാർ അറിയിച്ചു.

സ്വകാര്യതാ നയം ഇതുവരെ അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് ഇത് ചൂണ്ടിക്കാട്ടി വാട്‌സാപ്പ് നിരന്തരം നോട്ടിഫിക്കേഷൻ നൽകുകയാണ്. പുതിയ സ്വകാര്യതാനയം അംഗീകരിക്കാൻ ഉപയോക്താക്കളുടെ മേൽ വാട്സ്ആപ്പ് സമ്മർദം ചെലുത്തുന്നത് തടയണമെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കേടതിയെ അറിയിച്ചു. . വിവര സംരക്ഷണത്തിനായി സമർപ്പിച്ച പൊതുതാൽപ്പര്യഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

വാട്സ്ആപ്പിന്റേത് ട്രിക്ക് കൺസെന്റാണെന്ന് സത്യവാങ്മൂലത്തിൽ സർക്കാർ ആരോപിച്ചു. കൗശലത്തിലൂടെ സമ്മതം വാങ്ങിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നോട്ടിഫിക്കേഷനുകൾ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് അയക്കുന്നത് തടയണമെന്നും സർക്കാർ ആവശ്യപ്പെട്ടു.

രാജ്യത്ത് പുതിയ സ്വകാര്യതാ നിയമം നിലവിൽവരുന്നതിന് മുമ്പ് വാട്സ്ആപ്പിന്റെ സ്വകാര്യതാ നയം അംഗീകരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. കോമ്പറ്റീഷൻ നിയമത്തിന്റെ നാലാം വകുപ്പ് വാട്സ്ആപ്പ് ലംഘിച്ചുവെന്ന് കോമ്പറ്റീഷൻ കമ്മീഷൻ കണ്ടെത്തിയതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പുതിയ നയത്തിന്റെ പേരിൽ ചൂഷണമാണ് വാട്സ്ആപ്പ് നടത്തുന്നതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തിയിട്ടുണ്ട്. 

വിവരങ്ങൾ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു. ഉപയോക്താവിന്റെ സ്വമേധയായുള്ള അനുമതിയില്ലാതെ വിവരങ്ങൾ ഫേസ്‌ബുക്കുമായി പങ്കുവെയ്ക്കുന്ന നടപടിയുടെ പ്രത്യാഘാതം അന്വേഷണ വിധേയമാക്കേണ്ടതാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. പുതിയ നയം പിൻവലിക്കാൻ കേന്ദ്ര സർക്കാർ ആവശ്യപ്പെടണമെന്ന പൊതുതാല്പര്യ ഹർജിയാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.

കേന്ദ്രത്തിന്റെ പുതിയ ഐടി നയത്തിനെതിരെ വാട്‌സാപ്പ് മെയ്‌ 26ന് ഡൽഹി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരുന്നു. എൻക്രിപ്റ്റഡ് മെസേജുകളിൽ സർക്കാരിന് കൈകടത്താൻ അനുമതി നൽകിയാൽ സ്വകാര്യതാ നയം തകരുമെന്നാണ് വാട്‌സാപ്പിന്റെ അവകാശവാദം.