ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ സമരം ചെയ്യുന്നതിനിടെ, ഗോതമ്പിന്റെ താങ്ങുവിലയിൽ നേരിയ വർധന മാത്രം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഗോതമ്പിന്റെ താങ്ങുവിലയിൽ പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്കുവർധനയ്ക്കാണ് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകിയത്. താങ്ങുവിലയിൽ രണ്ടുശതമാനത്തിന്റെ വർധന പ്രഖ്യാപിച്ചതോടെ, 100 കിലോഗ്രാം ഗോതമ്പ് 2015 രൂപയ്ക്കാണ് ഇനി കേന്ദ്രസർക്കാർ സംഭരിക്കുക.

2022-23 വിപണി വർഷത്തിലെ റാബി വിളകളുടെ താങ്ങുവിലയാണ് പരിഷ്‌കരിച്ചത്. ലോകത്തെ രണ്ടാമത്തെ വലിയ ഗോതമ്പ് ഉപഭോഗ രാജ്യമാണ് ഇന്ത്യ. കാർഷിക മേഖലയ്ക്ക് താങ്ങാവുന്നതിന് വേണ്ടിയാണ് വർഷംതോറും താങ്ങുവില പ്രഖ്യാപിക്കുന്നത്.

കടുകിന്റെ താങ്ങുവിലയിൽ 400 രൂപയുടെ വർധനയാണ് വരുത്തിയത്. ഇതോടെ 100 കിലോഗ്രാം കടുകിന്റെ താങ്ങുവില 5050 രൂപയായി ഉയർന്നു. നൂറ് കിലോ ഗോതമ്പ് ഉൽപ്പാദിപ്പിക്കാൻ കർഷകർക്ക് 1008 രൂപയാണ് ചെലവ് വരുന്നതെന്നാണ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നത്.

കർഷകരിൽ നിന്ന് സർക്കാർ നേരിട്ട് വാങ്ങുന്ന ഉൽപ്പന്നങ്ങൾക്കാണ് താങ്ങുവില നിശ്ചയിക്കുന്നത്. 23 വിളകളാണ് കർഷകരിൽ നിന്ന് കേന്ദ്രസർക്കാർ സംഭരിക്കുന്നത്. ഖാരിഫ്, റാബി സീസണുകളിൽ വിളയുന്ന കാർഷിക ഉൽപ്പന്നങ്ങളാണ് സർക്കാർ സംഭരിക്കുന്നത്.