തൃശൂർ: റീബിൽഡ് കേരളയുടെ ഭാഗമായി കൊടുങ്ങല്ലൂർ മുതൽ കൂർക്കഞ്ചേരി വരെയുള്ള റോഡ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യുന്നു. കൊടുങ്ങല്ലൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ ഉൾപ്പെടുന്ന 35 കിലോമീറ്റർ വരുന്ന റോഡാണ് വൈറ്റ് ടോപ്പിങ് സാങ്കേതികവിദ്യയിൽ കോൺക്രീറ്റ് ചെയ്യുന്നത്.

സുരക്ഷിതമായ ഗതാഗതം ഒരുക്കുക എന്നതിനൊപ്പം പ്രളയത്തെ അതിജീവിക്കുന്ന വിധത്തിലുമാണ് റോഡ് നിർമ്മാണം. 2021 സെപ്റ്റംബറിലാണ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്. രണ്ട് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കും. ലോകബാങ്ക് സഹായത്തോടെ 202 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കെ.എസ്.ടി.പി.ക്കാണ് നിർമ്മാണച്ചുമതല. ഡൽഹി കേന്ദ്രീകരിച്ചുള്ള ഗവർ എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.

ഏഴര മീറ്റർ വീതിയിൽ 45 സെന്റിമീറ്റർ കനത്തിലാണ് കോൺക്രീറ്റ് ചെയ്യുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ 25 കേന്ദ്രങ്ങളിൽ റോഡിന്റെ ഉയരം കൂട്ടും. ഉയരം കൂട്ടുന്നതിന്റെ ഭാഗമായി വെള്ളാങ്ങല്ലൂർ മുതൽ വർക്ക് ഷോപ്പ് ജംഗ്ഷൻ വരെ കാനനിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

കണിമംഗലം, പുത്തൻതോട് പാലങ്ങൾ, ഏഴ് ചെറിയ പാലങ്ങൾ, 59 കലുങ്കുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി പുനർനിർമ്മിക്കും. ഇരുവശങ്ങളിലുമായി 46 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ഇതിന്റെ ഭാഗമായി നിർമ്മിക്കുന്നുണ്ട്. ഏഴര മീറ്റർ വീതി റോഡിന് ലഭിക്കത്തക്കവിധം വൈദ്യുതിത്തൂണുകൾ, കുടിവെള്ള പൈപ്പുകൾ, കേബിൾ വയറുകൾ എന്നിവയും മാറ്റിസ്ഥാപിക്കും.