കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് ലഭിച്ച ഉജ്ജ്വല വിജയത്തെ തുടർന്നുണ്ടായ അക്രമപരമ്പരകങ്ങളാണ് ഇന്ന് ബംഗാൾ സാക്ഷ്യം വഹിക്കുന്ന നാടകങ്ങൾക്ക് തുടക്കം കുറിച്ചത്. ആ അക്രമങ്ങളെ ഗവർണറെ ഉപയോഗിച്ച് മുതലെടുക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ സംസ്ഥാനം ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്ക് സാക്ഷിയായി. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്താനുള്ള തന്റെ അധികാരം ഗവർണർ ജഗ്ദീപ് ധൻകർ വിനിയോഗിച്ചപ്പോൾ അത് നിഷേധിച്ചുകൊണ്ടാണ് പശ്ചിമബംഗാൾ ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ ആദ്യം നമ്മളെ ഞെട്ടിച്ചത്. അതിന് ശേഷം ചീഫ് സെക്രട്ടറിയെ വേട്ടയാടുക എന്ന തന്ത്രമായിരുന്നു കേന്ദ്രം പുറത്തെടുത്തത്്.

ബംഗാൾ ചീഫ് സെക്രട്ടറിയായിരുന്ന ആലാപൻ ബന്ദോപാധ്യായെ കേന്ദ്രം തിരിച്ചുവിളിച്ചതോടെയാണ് കേന്ദ്രവും മമതയും നേർക്കുനേർ പോരിനിറങ്ങുന്നത്. ആലാപനെ വിട്ടുനൽകാനാകില്ലെന്ന് മമതാ പ്രധാനമന്ത്രിക്ക് കത്തെഴുതി. എന്നാൽ അഞ്ച് മണിക്കൂറിനുള്ളിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യണമെന്ന കർശന നിർദ്ദേശം ആലാപന് നൽകിയാണ് മമതയ്ക്കുള്ള കത്തിന് കേന്ദ്രം മറുപടി നൽകിയത്. തൊട്ടുപിന്നാലെ ആലാപൻ ബന്ദോപാധ്യായ കേന്ദ്രത്തിന്റെ നിർദ്ദേശം തള്ളിക്കളഞ്ഞുകൊണ്ട് ഡൽഹിയിലേക്ക് രാജിക്കത്തയച്ചു. മണിക്കൂറുകൾക്കകം ദീദീ ആലാപനെ തന്റെ മുഖ്യ ഉപദേശകനായി നിയമിച്ചു.

ആലാപൻ ബന്ദോപാധ്യായ: ഭരിക്കുന്നവരുടെ പ്രിയപ്പെട്ടവൻ

മാറിമാറി വന്ന സർക്കാരുകൾക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു ആലാപൻ ബന്ദോപാധ്യായ. വളരെ മാന്യമായ പെരുമാറ്റവും ഏതൊരു വിഷയത്തെക്കുറിച്ചുമുള്ള അഗാധമായ അറിവും ആലാപനെ ബംഗാളിലെ ഇടതുമന്ത്രിസഭയിലെ മന്ത്രിമാരുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനാക്കി. ഏറ്റെടുത്ത വകുപ്പുകളെല്ലാം ആത്മാർത്ഥയും കഠിനാധ്വാനവും കൊണ്ട് അദ്ദേഹം മികച്ചതാക്കി മാറ്റി. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെയും പ്രിയപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു ആലാപൻ. സർക്കാർ മാറി മമത മുഖ്യമന്ത്രിയായപ്പോൾ ഒരുപടി കൂടി കടന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തനും മനസാക്ഷി സൂക്ഷിപ്പുകാരനുമായി ആലാപൻ മാറി.

പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗനാസ് ജില്ലയിലെ നരേന്ദ്രപുർ ജില്ലയിൽ 1961 മെയ് 17നാണ് ബന്ദോപാധ്യായയുടെ ജനനം. രാമകൃഷ്ണ മിഷൻ സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാർത്ഥിയായിരുന്നു ആലാപൻ. എഞ്ചിനീയറിങ്ങോ സയൻസ് ഗ്രൂപ്പോ എടുക്കാതെ ആലാപൻ ഹ്യൂമാനിറ്റീസിൽ ഉന്നത പഠനം നേടാൻ തീരുമാനിച്ചു. അങ്ങനെ പ്രശസ്തമായ പ്രസിഡൻസി യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം സ്വന്തമാക്കി. ബിരുദാനന്തര ബിരുദം കൽക്കത്ത യൂണിവേഴ്സിറ്റിയിലും പൂർത്തിയാക്കി. യൂണിവേഴ്സിറ്റിയിൽ വെച്ച് കണ്ടുമുട്ടിയ സൊനാലി ചക്രബർത്തിയെ ജീവിത സഖിയാക്കി.

മാധ്യമപ്രവർത്തനത്തിൽ ആകൃഷ്ടനായ ആലാപൻ 1983ൽ അഹമ്മദാബാദ് പത്രികയിൽ മാധ്യമപ്രവർത്തകനായി ജോലിയിൽ പ്രവേശിച്ചു. മാധ്യമ പ്രവർത്തകനായി ജോലി ചെയ്യുമ്പോൾ തന്നെ അദ്ദേഹം സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി തയ്യാറെടുത്തു. അങ്ങനെ 1987ൽ അദ്ദേഹം സിവീൽ സർവ്വീസ് പരീക്ഷ പാസായി.

34 വർഷത്തെ ബന്ദോപാധ്യായുടെ സിവിൽ സർവ്വീസ് ജീവിതത്തെ മുന്നോട്ട് നയിച്ചതത്രെയും നിയമപുസ്തകങ്ങളായിരുന്നു. നിയമത്തിൽ നിന്നും അണുവിട ചലിക്കാത്ത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ ബംഗാളിൽ വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത തസ്തികകളിൽ അദ്ദേഹം പേരെടുത്തു.

കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷൻ കമ്മീഷണറായും ഹൗറ, പർഗനാസ് ജില്ലകളിലെ മജിസ്ട്രേറ്റായും അദ്ദേഹം സേവനം അനുഷ്ടിച്ചു. നിരവധി സർക്കാർ വകുപ്പുകളുടെ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ടാഗോറിന്റെയും മഹാത്മ ഗാന്ധിയുടെയും ആരാധനകനായ ആലാപൻ അൽമാർ മോൺ എന്ന പേരിൽ പുസ്തകവും എഴുതിയിട്ടുണ്ട്.

ഇംഗ്ലീഷും ബംഗ്ലയും ഒരേപോലെ സംസാരിക്കുന്ന അലാപൻ എന്നും ബംഗാൾ ഭരണത്തിന്റെ ഇടനാഴികളിലെ പ്രിയപ്പെട്ട ഒരാളായിരുന്നു. മാധ്യമ പ്രവർത്തകനായിരുന്ന ആദ്ദേഹത്തിന് മാധ്യമങ്ങളുമായും മികച്ച സൗഹൃദമാണ് ഉള്ളത്.

ഒരു ഉദ്യോഗസ്ഥന് ഒരു മുഖ്യമന്ത്രിയുടെ ആശ്വാസവും ആത്മവിശ്വാസവും ഒക്കെയാകാൻ എങ്ങനെയൊക്കെ കഴിയുമെന്ന് ആലാപൻ ബന്ദോപാധ്യായയുടെ ജീവിതം നമുക്ക് കാണിച്ചുതരുന്നുണ്ട്.