മുംബൈ: ബോളിവുഡിനെ കിടുക്കിയ ആര്യൻ ഖാന്റെ അറസ്റ്റിന് പിന്നാലെ പലരും അന്വേഷിച്ചത് ഒപ്പം പിടിയിലായ യുവതിയെ കുറിച്ചായിരുന്നു. മുൺമുൺ ധമേച്ച. ലഹരിമരുന്ന് കേസിലെ മൂന്നാം പ്രതി. വിമാനത്താവളത്തിന് സമീപത്തുനിന്നാണ് താൻ ലഹരിമരുന്ന് വാങ്ങിയതെന്ന് ഫാഷൻ മോഡലായ മുൺമുൺ ധമേച്ച എൻ.സി.ബിക്ക് മൊഴി നൽകിയിട്ടുണ്ട്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് അടുത്തുവച്ചാണ് ലഹരിമരുന്ന് കൈമാറ്റം ചെയ്തെന്നും മോഡൽ പറഞ്ഞു. ഏതായാലും ഈ സുന്ദരിയെ കുറിച്ചുള്ള വിവരങ്ങൾ തേടുകയാണ് സോഷ്യൽ മീഡിയ.

ആരാണ് മുൺമുൺ ധമേച്ച

മധ്യപ്രദേശിലെ ഒരു ബിസിനസുകാരന്റെ മകളാണ് മുൺമുൺ ധമേച്ച(23). മധ്യപ്രദേശിലെ സാഗർ ജില്ലയിലെ തെഹ്‌സിൽ സ്വദേശി. ഇപ്പോൾ, മധ്യപ്രദേശിലെ കുടുംബവീട്ടിൽ ആരും താമസിക്കുന്നില്ല. അമ്മ കഴിഞ്ഞ വർഷമാണ് മരണമടഞ്ഞത്. അച്ഛൻ അമിത് കുമാർ ധമേച്ച നേരത്തെ മരിച്ചുപോയി. സഹോദരൻ പ്രിൻസ് ധമേച്ച. ഡൽഹിയിൽ ജോലി ചെയ്യുന്നു.

സാഗറിലാണ് മുൺമുൺ സ്‌കൂളിൽ പഠിച്ചത്. സാഗറിൽ അധികം പേർക്കും ഇവരെ കുറിച്ച് അറിയില്ല. ഭോപ്പാലിൽ കുറച്ചുനാൾ താമസിച്ച ശേഷമാണ് സഹോദരന് ഒപ്പം ആറ് വർഷം മുമ്പ് ഡൽഹിയിലേക്ക് മാറിയത്.

സോഷ്യൽ മീഡിയയിൽ സജീവം

ഇൻസ്റ്റാഗ്രാമിലാണ് മുൺമുൺ ധമേച്ച സജീവം. 10.2കെ ഫോളോവേഴ്‌സ്. സെപ്റ്റംബർ 22 നാണ് തന്റെ ഫോട്ടോ അവസാനം പോസ്റ്റ് ചെയ്തിരിക്കുന്നത്. പച്ച വസ്ത്രം അണിഞ്ഞുള്ള പോസ്റ്റിൽ ഇങ്ങനെ കുറിച്ചു:' നിങ്ങളുടെ ഇരുട്ടിനെ അകറ്റാൻ നക്ഷത്രങ്ങളിൽ നിന്നാരും വരാനില്ല....നിങ്ങൾ സ്വയം വിളക്കാകൂ. ഇൻസ്റ്റാഗ്രാമിൽ സെലിബ്രിറ്റികൾ ആരും മുൺമുണിനെ ഫോളോ ചെയ്യുന്നില്ല. എന്നാൽ, അവർ, അക്ഷയ് കുമാർ, വിക്കി കൗശൽ എന്നിങ്ങനെ നിരവധി താരങ്ങളെ ഫോളോ ചെയ്യുന്നു.

ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ ആര്യൻ ഖാൻ ഉൾപ്പെടെ എട്ടുപേരെയാണ് എൻ.സി.ബി. അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് കൊക്കെയ്‌നും ഹാഷിഷും ഉൾപ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അർബാസ് മർച്ചന്റ്,  മുൺമുൺ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാൽ, ഗോമിത് ചോപ്ര, നുപുർ സരിഗ, വിക്രാന്ത് ഛോക്കാർ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ.

അതിനിടെ, ആര്യൻ ഖാന്റെ ലെൻസ് കെയ്സിൽ നിന്നടക്കം ലഹരിമരുന്ന് കണ്ടെടുത്തതായി എൻ.സി.ബി. ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. യുവതികളുടെ സാനിറ്ററി പാഡുകൾക്കിടയിൽനിന്നും മരുന്ന് പെട്ടികളിൽനിന്നും ലഹരിമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ചരസ്, എം.ഡി.എം.എ, കൊക്കെയ്ൻ തുടങ്ങിയ ലഹരിമരുന്നുകളാണ് ഇവർ സൂക്ഷിച്ചിരുന്നത്. ലഹരിമരുന്നുകളെ സംബന്ധിച്ച് ആര്യനും സുഹൃത്തുക്കളും നടത്തിയ വാട്സാപ്പ് ചാറ്റുകളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. 13 ഗ്രാം കൊക്കെയ്‌നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും അഞ്ച് ഗ്രാം എംഡിയുമാണ് പിടിച്ചെടുത്തത്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എൻസിബി കോടതിയെ അറിയിച്ചു. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നും എൻസിബി കോടതിയിൽ പറഞ്ഞു.

ആര്യൻ ഖാനാണ് കേസിലെ ഒന്നാം പ്രതി. ആര്യനെയും രണ്ട് സുഹൃത്തുക്കളെയും മുംബൈ കോടതി ഒരു ദിവസത്തേക്ക് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ആര്യനടക്കം എട്ട് പേരുടെ അറസ്റ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രേഖപ്പെടുത്തിയത്. ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലെ ആളുകളുമായി മൂന്ന് ദിവസത്തെ 'സംഗീത യാത്ര'യ്ക്കായി പുറപ്പെട്ട കോർഡീലിയ ആഡംബര കപ്പലിലാണ് എൻസിബി സംഘം റെയ്ഡ് നടത്തിയത്. കപ്പലിൽ നിരോധിത മയക്കുമരുന്നുകൾ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.