ജനീവ: ലോകത്ത് ഇതുവരെ 18 ദശലക്ഷം പേരുടെ മരണത്തിനിടയാക്കിയ കൊറോണ എന്ന കുഞ്ഞൻ വൈറസ് വുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റിയുട്ടിൽ നിന്നും ചാടിപ്പോന്നതാണെന്നു തന്നെയാണ് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഢനോം ഗബ്രെയേശുസ് വിശ്വസിക്കുന്നത് എന്ന് ഒരു മുതിർന്ന സർക്കാർ സ്രോതസ്സിനെ ഉദ്ധരിച്ചുകൊണ്ട് മെയിൽ ഓൺ സൺഡേ റിപ്പോർട്ട് ചെയ്യുന്നു. പരസ്യമായി ലോകാരോഗ്യ സംഘടന ഈ വാദത്തെ തള്ളിപ്പറയുമ്പോഴും ടെഡ്രോസ് യൂറോപ്പിലെ ഒരു മുതിർന്ന രാഷ്ട്രീയ നേതാവിനോട് ഇക്കാര്യം തുറന്നു പറഞ്ഞതായാണ് റിപ്പോർട്ടുകൾ പറയുനത്. 2020 ഏപ്രിൽ മാസത്തിൽ തന്നെ കോവിഡിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ വുഹാനിലെ വൈറോളജി ലാബിനെ സംശയിക്കുന്നതായി മെയിൽ ഓൺ സൺഡേ റിപ്പോർട്ട് ചെയ്തിരുന്നു.

ആയിരം മൈലോളം അകലെയുള്ള ചില ഗുഹകളിൽ നിന്നുമ്മ് എത്തിച്ച വവ്വാലുകളിൽ നിന്നും കൊറോണ വൈറസുകളെ വേർതിരിച്ചെടുത്ത് അവയിൽ പരീക്ഷണം നടത്തി വരികയായിരുന്നു ലാബ്. എന്നാൽ, വൈറസ് ചൈനയിലെ ലാബിൽ നിന്നും ചാടിപ്പോന്നതാണ് എന്ന സിദ്ധാന്തത്തെ ഔദ്യോഗികമായി ലോകാരോഗ്യ സംഘടന എതിർത്തുവരികയായിരുന്നു. മാത്രമല്ല, ഈ വാദം ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന ചൈനീസ് വാദഗതിയെ അവർ പിന്താങ്ങുകയും ചെയ്തിരുന്നു. എന്നാൽ, ഇത്തരത്തിൽ മൃഗങ്ങളിൽ നിന്നുമാണ് ഇത് മനുഷ്യനിലെത്തിയത് (സൂനോട്ടിക് രോഗവ്യാപനം) എന്ന് തെളിയിക്കാനുള്ള ശാസ്ത്രീയ തെളിവുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ ലോകാരോഗ സംഘടന ഈ വിഷയത്തിൽ നിഷ്പക്ഷ നിലപാട് എടുക്കുകയായിരുന്നു.

കോറോണയുടെ പുതിയ വിവരങ്ങൾ ഈ മാസം അംഗ രാജ്യങ്ങളുമായി പങ്കുവയ്ക്കുമ്പോഴും ടെഡ്രോസ് പറഞ്ഞത് കോവിഡിന് കാരണമായ കൊറോണ വന്നത് എവിടെനിന്നാണെന്നോ, അത് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചത് എങ്ങനെയാണെന്നോ ഇന്നും കൃത്യമായ അറിവില്ലെന്നായിരുന്നു. ഭാവിയിൽ ഇത്തരത്തിലുള്ള മഹാവ്യാധികൾ വരാതെ തടയുവാൻ, ഈ വൈറസ് വന്നത് എവിടെ നിന്നാണെന്ന് അറിയേണ്ടതുണ്ട് എന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. കൃത്യമായ തെളിവുകൾ ലഭിക്കുന്നതു വരെ ഇതിനെ കുറിച്ചുള്ള അനുമാനങ്ങൾ എല്ലാം അനുമാനങ്ങൾ മാത്രമായി തുടരുമെന്ന് പറഞ്ഞ അദ്ദേഹം അതിനായി രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാതെ അന്താരാഷ്ട്ര ശാസ്ത്ര സമൂഹം ഒന്നായി പരിശ്രമിക്കേണ്ടതുണ്ടെന്നും പറഞ്ഞു.

അനിതരസാധാരണമായ രോഗകാരികളുടെ ഉദ്ഭവത്തെ കുറിച്ച് പഠിക്കുന്നതിനായി കഴിഞ്ഞവർഷം സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ ദി ഓറിജിൻസ് ഓഫ് നോവൽ പത്തോജൻസ് (സാഗോ) എന്നൊരു ശാസ്ത്രീയ സമിതിക്ക് ലോകരോഗ്യ സംഘടന രൂപം നൽകിയിരുന്നു. അതിനു മുൻപായി തന്നെ കോവിഡിന്റെ അവിർഭാവത്തെ കുറിച്ച് അന്വേഷിക്കുവാനായി ലോകാരോഗ്യ സംഘടന ഒരു സമിതിയെ നിയമിച്ചിരുന്നു. എന്നാൽ ഒരു ഔദ്യോഗിക അന്വേഷണം ചൈനയുടെ എതിർപ്പിനെ തുടർന്ന് നടക്കാതെ വന്നപ്പോൾ വവ്വാലിൽ നിന്നും മനുഷ്യനിലേക്ക് പകർന്നതാവാം എന്ന നിഗമനത്തിൽ ഈ സമിതി അന്വേഷം അവസാനിപ്പിക്കുകയായിരുന്നു.

എന്നാൽ അമേരിക്കയും, ബ്രിട്ടനും, ആസ്ട്രേലിയയും അടക്കം 14 രാജ്യങ്ങൾ ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയപ്പോൾ, റിപ്പോർട്ടിലെ പിഴവുകൾ ടെഡ്രോസ് സമ്മതിക്കുകയും പുതിയൊരു അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. അതിനിടയിൽ 2019 ശരത്ക്കാലത്ത് തന്നെ വുഹാൻ ലബോറട്ടറിയിലെ ചില ജീവനക്കാർക്ക് കോവിഡ് ബാധിച്ചിരുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ സംഘം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. .

അതിനിടയിലാണ് ഇപ്പോൾ മെയിൽ ഓൺ സൺഡേ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. വൈറസ് വുഹാനിലെ ലാബിൽ നിന്നും ചോർന്നതാണെന്ന് ടെഡ്രോസ് പ്രമുഖനായ ഒരു യൂറോപ്യൻ രാഷ്ട്രീയ നേതാവിനോട് സമ്മതിച്ചു എന്നാണ് ഈ വെളിപ്പെടുത്തൽ എന്നാൽ, ഡോ. ടെഡ്രോസ് പറയുന്നതുപോലെ എല്ലാ അനുമാനങ്ങളും തെളിയിക്കപ്പെടുന്നതുവരെ അനുമാനങ്ങളായി തന്നെ തുടരും എന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ വക്താവ് ഇതിനെ കുറിച്ച് പ്രതികരിച്ചത്.