കോഴിക്കോട്: ജനവാസ മേഖലയിൽ കിണറ്റിൽ ചാടിയ കാട്ടുപന്നിയെ വനപാലകരുടെ അനുമതിയോടെ വെടിവെച്ചുകൊന്നു. താമരശ്ശേരി ചുങ്കം ചെക്ക് പോസ്റ്റിന് സമീപത്തെ റോഡരികിലുള്ള കയ്യേലിക്കുന്ന് മുഹമ്മദിന്റെ പറമ്പിലെ കിണറ്റിൽ ചാടിയ കാട്ടു പന്നിയെയാണ് കരയിൽ കയറ്റി വെടിവെച്ചു കൊന്നത്. താമരശ്ശേരിയിലേയും പരിസര പ്രദേശങ്ങളിലും കാട്ടുപന്നികളുടെ അതിക്രമം വർദ്ധിക്കുകയാണ്.

വനം വകുപ്പ് ആർആർടിയുടെ നേതൃത്വത്തിൽ കരക്ക് കയറ്റിയ ശേഷം കാട്ടുപന്നികളെ വെടിവെക്കാൻ അനുമതി ലഭിച്ചവരുടെ പട്ടികയിലുള്ള തങ്കച്ചനെത്തിയാണ് വെടിവെച്ചത്. പന്നിക്ക് 85 കിലോഗ്രാമോളം തൂക്കമുണ്ട്. ഇന്ന് രാവിലെയായിരുന്നു പന്നിയെ കരക്കു കയറ്റിയത്. ജഡം സംസ്‌കരിക്കാനായി വനം വകുപ്പ് പുതുപ്പാടി സെക്ഷന് ഓഫീസിലേക്ക് മാറ്റി.

രാത്രിയിൽ കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കാർഷിക ഉത്പന്നങ്ങൾ നശിപ്പിക്കുന്നത് കർഷകർക്ക് വലിയ നഷ്ടത്തിനിടയാക്കുന്നുണ്ട്. കാട്ടുപന്നികളെ വെടിവെയ്ക്കാൻ ഉത്തരവുണ്ടെങ്കിലും അപേക്ഷ നൽകി കാത്തിരിക്കേണ്ടി വരുന്നതോടെ കൃഷി മൊത്തത്തിൽ പന്നികൾ നശിപ്പിക്കുന്നതായും കർഷകർ പരാതിപ്പെടുന്നു.

താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ഇതുവരെയും നാമമാത്രമായ കാട്ടുപന്നികളെ മാത്രമെ വെടിവെയ്ക്കാനായിട്ടുള്ളൂ. മരച്ചീനി, ചേന, ചേമ്പ് തുടങ്ങിയ എല്ലാ കൃഷിയും വ്യാപകമായി കാട്ടുപന്നികൾ നശിപ്പിക്കുകയാണ്.