നിലമ്പൂർ: കാട്ടാനകൾ കാടിറങ്ങുന്നത് പതിവായതോടെ നാട്ടിലിറങ്ങാനാകാതെ ദുരിതത്തിലായിരിക്കുകാണ് നാട്ടുകാർ. ചാലിയാർ പഞ്ചായത്തിലെ കുന്നത്തുചാൽ അത്തിക്കാട് ഭാഗങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. ചക്ക കഴിക്കാനെത്തുന്ന ആനകൾ പ്രദേശവാസികളുടെ ജീവന് ഭീഷണിയാണ്.

വ്യാപകമായ കൃഷി നാശവും വരുത്തുന്നുണ്ട്. വനത്തിൽ നിന്നും ചാലിയാർ പുഴ കടന്നെത്തുന്ന കാട്ടാനകൾ കുന്നത്തുചാൽ കോളനിയും കടന്ന് ആളുകൾ തിങ്ങി പാർക്കുന്നിടത്ത് വരെ എത്തി. കഴിഞ്ഞ ദിവസം റിട്ടയേർഡ് അദ്ധ്യാപികയായ കുന്നത്തുചാൽ പവിത്രം വീട്ടിൽ കല്യാണിയുടെ പുരയിടത്തിലെ അടുക്കളയോട് ചേർന്നുള്ള പ്ലാവിലെ ചക്ക ഭക്ഷിച്ചാണ് ആന പോയത്.

കൃഷ്ണകൃപ വീട്ടിൽ ദിവാകരൻ നായരുടെ വീട്ടിലെ ചക്കയും ഭക്ഷിച്ചിട്ടുണ്ട്. പ്രദേശവാസികളായ ഓരോരുത്തർക്കും കാട്ടാന ശല്യം കാരണം കൃഷിയും സ്വത്തുംം നശിച്ചതിന്റെ വേദനകളാണ് പങ്കുവെക്കാനുള്ളത്. കൃഷി നശിപ്പിക്കുന്നതോടൊപ്പം ആനകൾ ജീവന് ഭീഷണിയാകുന്ന സാഹചര്യം അധികൃതർ കണ്ടില്ലെന്ന് നടിക്കരുതെന്നും ഇവർ പറയുന്നു. കുന്നത്തുചാൽ കളത്തിൽ അധികാരിയുടെ മകൻ മോഹൻദാസിന്റെ കൃഷിയിടത്തിലെ വാഴകളെല്ലാം നശിപ്പിച്ചു.

കൃഷിയിടത്തിന് ചുറ്റുമിട്ടിരുന്ന വേലി നശിപ്പിച്ചാണ് ആന കൃഷിയടത്തിൽ പ്രവേശിക്കുന്നത്. ആനകൾ ഈ കൃഷിയിടത്തിൽ തമ്പടിച്ചതോടെ ഇവിടെ ഒരു കൃഷിയും ഇനി അവശേഷിക്കുന്നില്ലെന്നും പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം എടക്കര മൂത്തേടം തീക്കടിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാന ഭീതിപരത്തി.

കാടിറങ്ങിയെത്തിയ ഒറ്റയാൻ ചൂണ്ടപറമ്പിൽ ജയശ്രീയുടെ പറമ്പിലും വീട്ടുമുറ്റത്തുമെത്തി നാശനഷ്ടങ്ങളുണ്ടാക്കുകയായിരുന്നു. ഇവരുടെ വലിയ പ്ലാവ് കുത്തിത്തള്ളിയിട്ടു. ശബ്ദംകേട്ട് മകൻ ശ്രീജിത്ത് പുറത്തിറങ്ങി ലൈറ്റടിച്ചതോടെ ഇയാൾക്ക് നേരെ തിരിഞ്ഞ് വീട്ടുമുറ്റം വരെ ആന ഓടിയടുത്തു. അവിടെയുണ്ടായിരുന്ന ബക്കറ്റ് ചിവിട്ടിപ്പൊട്ടിച്ചാണ് മടങ്ങിയത്.

കാട്ടിൽക്കയറി അരമണിക്കൂറിന് ശേഷം വീണ്ടുമെത്തി. തള്ളിയിട്ട പ്ലാവിലെ ചക്ക തിന്നു. നാട്ടുകാർ ഓടിക്കൂടി ഏറെ പ്രയാസപ്പെട്ടാണ് ആനയെ കാട് കയറ്റിയത്. വനാതിർത്തിയിൽ സൗരോർജവേലിയുണ്ടെങ്കിലും അത് പ്രവർത്തിക്കുന്നില്ല. ഇവിടത്തെ തെരുവ് വിളക്കുകൾ കത്താത്തതും ആന ഇറങ്ങാൻ കാരണമാണെന്ന് നാട്ടുകാർ പറയുന്നു.