തിരുവനന്തപുരം: റിയോർട്ട് ഉടമകൾ തീ കൊളുത്തി കൊലപ്പെടുത്തിയ കാട്ടാനയുടെ ദൃശ്യങ്ങൾ കഴിഞ്ഞ ​ദിവസം ഏവരുടെയും കണ്ണു നനയിച്ചിരുന്നു. ഇപ്പോഴിതാ, മറ്റൊരു വാർത്തയാണ് വിതുരയിൽ നിന്നും പുറത്തു വരുന്നത്. അമ്മയാന ചെരിഞ്ഞതറിയാതെ കാട്ടാനയുടെ മൃതശരീരത്തിനരുകിൽ നിന്നും മാറാതെ നിൽക്കുന്ന കുട്ടിയാന നൊമ്പരമാകുന്നു. വിതുര കല്ലാറിലാണ് കാട്ടാന ചെരിഞ്ഞത്. വനാതിർത്തിയോട് ചേർന്നാണ് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്നാണ് ചെരിഞ്ഞതെന്നാണ് സംശയം.

രാവിലെയോടെയാണ് റബ്ബർതോട്ടത്തിനോട് ചേർന്ന് കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ റബ്ബർവെട്ടാനെത്തിയ തൊഴിലാളികളാണ് ആനയെ ആദ്യം കാണുന്നത്. ആന ചെരിഞ്ഞ വിവരമറിയാതെ കുട്ടിയാന അടുത്തുനിലയുറപ്പിച്ചിരിക്കുകയാണ്. കോട്ടൂരിലെ ആന പരിപാലന കേന്ദ്രത്തിലേക്ക് കുട്ടിയാനയെ മാറ്റാനുള്ള ശ്രമം നടക്കുന്നുണ്ട്. വിഷം ഉള്ളിൽ ചെന്നാണ് ആന ചെരിഞ്ഞതെന്ന സംശയമാണ് വനം വകുപ്പ ഉദ്യോഗസ്ഥർ പങ്കുവെക്കുന്നത്. പുറത്ത് പരിക്കേറ്റ പാടുകളൊന്നുമില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ കൃത്യമായ വിവരം ലഭ്യമാകൂ.

കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് മസിന​ഗുഡിയിൽ പൊള്ളലേറ്റ കാട്ടാന ചെരിഞ്ഞത്. ഏതൊരാളുടെയും കരളലിയിക്കുന്ന കാഴ്ചയായിരുന്നു മുതുമലയിൽ കണ്ടത്. തലയിൽ ആളിക്കത്തുന്ന പന്തവുമായി ജീവനുംകൊണ്ടോടിയ കൊമ്പൻ കാഴ്‌ച്ചക്കാരുടെ മനസ്സിൽ നോവായി. സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ റിസോർട്ടിലെ രണ്ടുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

കാട്ടാനയുടെ മരണത്തിന് കാരണം റിസോർട്ട് ഉടമകളുടെ നീച പ്രവർത്തി ആണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷണം തേടി അലയുന്നതിനിടെ റിസോർട്ട് മതിലിന് മുമ്പിലെത്തിയ കാട്ടാനയ്ക്ക് നേരെ തുടക്കം മുതൽ തന്നെ കല്ലുകളും വടികളും വലിച്ചെറിഞ്ഞിരുന്നു.പന്തംകൊളുത്തി കാണിച്ചാൽ ആനയെ എളുപ്പത്തിൽ വിരട്ടാമെന്ന് റിസോർട്ട് ഉടമകൾ അറിയിച്ചതനുസരിച്ച് മലയാളിയും മസിനഗുഡി ദർഗ റോഡിൽ എസ്. പ്രസാദ് (36) ആനയ്ക്ക് നേരെ പന്തം എറിഞ്ഞു. ഇതിൽ തീപന്തത്തിന്റെ തുണി ഭാഗങ്ങൾ ആനയുടെ ഇടതു ചെവിയിൽ കുടുങ്ങുകയായിരുന്നു. അലറിവിളിച്ച് ഓടുന്ന ആനയുടെ ദൃശ്യം റിസോർട്ടിന് അകത്തുള്ള ആരോ ആണ് പുറത്തുവിട്ടത്. രണ്ടു ദിവസത്തെ അന്വേഷണത്തിനൊടുവിൽ പ്രസാദിനെ യും റിസോർട്ട് ഉടമകളിലൊരാളായ മാവനല്ല, ഗ്രൂപ്പ്ഹൗസ് റെയ്മണ്ട് ഡീൻ (28) നേയും അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അറസ്റ്റിലായ റെയ്മണ്ടിന്റെ വീടിന്റെ മുകൾനിലയിലെ മൂന്നു മുറികൾ ആണ് റിസോർട്ടിനായി ഉപയോഗിച്ചത്. അനധികൃതമായി റിസോർട്ട് നടത്തിയതിന് ജില്ലാ കലക്ടർ ഇടപെട്ട് വീടിന്റെ മുകൾഭാഗം വൈകീട്ടോടെ സീൽ ചെയ്തു. ഈ കേസിലുൾപ്പെട്ട മറ്റൊരു പ്രതിയായ റിക്കി റായൻ (31) ഒളിവിലാണ്. കൂടുതൽ പേരെ ഈ കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുകയാണ് എന്ന് മുതുമല കടുവ സംരക്ഷണകേന്ദ്രം ഡയറക്ടർ അറിയിച്ചു.