മുബൈ: മഹാരാഷ്ട്ര സർക്കാരിനെതിരെ കങ്കണ റണാവത്തിനെ മുന്നിൽ നിർത്തി ബിജെപി വെല്ലുവിളി തുടരുന്നതിനിടെ പ്രതികരിച്ച് മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെ. എന്തു രാഷ്ട്രീയ കൊടുങ്കാറ്റിനെയും നേരിടുമെന്നും തന്റെ മൗനത്തിന് ഉത്തരമില്ല എന്നല്ല അർത്ഥമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

'എന്തുതരത്തിലുള്ള രാഷ്ട്രീയ കൊടുങ്കാറ്റും വരട്ടെ, ഞാനത് നേരിടും, ഞാൻ കൊറോണ വൈറസിനെയും നേരിടും' ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ ഉദ്ധവ് പറഞ്ഞു. ' എന്റെ കുടുംബം, എന്റെ കർത്തവ്യം' എന്ന പേരിൽ കോവിഡ് പ്രതിരോധത്തിനായി പ്രത്യേക കർമ്മ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ഇത് സംസ്ഥാനത്തിലെ ജനങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഈ സമയത്ത് താൻ രാഷ്ട്രീയം പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഉദ്ധവ്, ആരോപണങ്ങൾക്ക് എതിരെ തനിക്ക് ഉത്തരമില്ല എന്നല്ല അതിന്റെ അർത്ഥമെന്നും കൂട്ടിച്ചേർത്തു.

മുംബൈയെ പാക് അധിനിവേശ കശ്മീരുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് ശിവസേനയും കങ്കണയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടങ്ങിയത്. അനധികൃത നിർമ്മാണമാണെന്ന് ചൂണ്ടിക്കാട്ടി കങ്കണയുടെ മുംബൈയിലുള്ള ബംഗ്ലാവിന്റെ ഓഫീസ് കെട്ടിടം മുംബൈ കോർപ്പറേഷൻ ഇടിച്ചു നിരത്തിയിരുന്നു. ഇതിന് പിന്നാലെ കങ്കണയ്ക്ക് പിന്തുണയുമായി ബിജെപി രംഗത്തെത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ ചെലുത്താൻ ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, നിക്ഷിപ്ത താത്പര്യക്കാർ ഭരണകൂടത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.