ലോസ് ഏഞ്ചൽസ്: തൊണ്ണൂറ്റിനാലാമത് ഓസ്‌കർ പുരസ്‌കാര ദാന ചടങ്ങിനിടെ നാടകീയ സംഭവങ്ങൾ. പുരസ്‌കാര ചടങ്ങിൽ അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ച് നടൻ വിൽ സ്മിത്ത്. ഭാര്യ ജാഡ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമർശമാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്.

തല മൊട്ടയടിച്ചാണ് ജാഡ സ്മിത്ത് ഓസ്‌കറിന് എത്തിയത്. ഇതിനെ പരിഹസിച്ചതാണ് വിൽ സ്മിത്തിനെ ചൊടിപ്പിച്ചത്. മികച്ച ഡോക്യുമെന്റിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു. തലയിലെ രോമം കൊഴിയുന്ന അസുഖമാണെന്നായിരുന്നു ക്രിസ് റോക്ക് പറഞ്ഞത്.

എന്നാൽ റോക്കിന്റെ തമാശ വിൽ സ്മിത്തിന് രസിച്ചില്ല. അദ്ദേഹം വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. ക്രിസ് സ്തംഭിച്ചു നിൽക്കവേ തന്നെ മുഖത്തടിച്ച സ്മിത്ത് തിരികെ സ്വന്തം സീറ്റിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് സീറ്റിൽ ഇരുന്നു കൊണ്ട് 'എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ'ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.

വിവാദത്തിൽ ഓസ്‌കർ അധികൃതർ ഔദ്യേഗിക വിശദീകരണം നടത്തിയിട്ടില്ല. പിന്നീട് അവതാരകനോട് വിൽ സ്മിത്ത് ക്ഷമ ചോദിക്കുകയും ചെയ്തു. വിൽ സ്മിത്തിന്റെ തല്ലുവീഡിയോ ഇതിനോടകം തന്നെ ട്വിറ്ററിൽ അടക്കം വൈറലായിട്ടുണ്ട്. അതേസമയം ഇത് സ്‌ക്രിപ്റ്റഡ് സ്‌കിറ്റ് ആണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു.

കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് വിൽ സ്മിത്തിനാണ് ഈ വർഷത്തെ മികച്ച നടനുള്ള ഓസ്‌കർ പുരസ്‌കാരം. പുരസക്കാരം വാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തിൽ വിൽ കരഞ്ഞുകൊണ്ടാണ് സംസാരിച്ചതും. ഈ വൈകാരിക പ്രസംഗത്തിലൂടെ പുരസ്‌ക്കാര ചടങ്ങിലെ അവിചാരിത സംഭവങ്ങളിൽ ഉണ്ടായ പിരിമുറുക്കവും അദ്ദേഹം മായ്ച്ചു കളഞ്ഞു. അതേസമയം അക്കാദമിയോട് ക്ഷമാപണം നടത്തിയ വിൽ സ്മിത്ത് അവതാരകനോട് വ്യക്തിപരമായി ക്ഷമാപണം നടത്തിയിട്ടില്ല.

ക്രിസ് റോക്കിനോട് നേരിട്ട് അല്ലെങ്കിലും എനിക്ക് അക്കാദമിയോട് മാപ്പ് പറയണം. എന്റെ എല്ലാ നോമിനികളോടും ഞാൻ മാപ്പ് പറയണം അദ്ദേഹം പറഞ്ഞു. 'കല ജീവിതത്തെ അനുകരിക്കുന്നു. റിച്ചാർഡ് വില്യംസിനെക്കുറിച്ച് അവർ പറഞ്ഞത് പോലെ ഞാൻ ഭ്രാന്തനായ പിതാവിനെപ്പോലെയാണ്. സ്നേഹം നിങ്ങളെ ഭ്രാന്തൻ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും, വിൽ സ്മിത്ത് പറഞ്ഞു.

അതേസമയം മർദ്ദന സംഭവത്തെ കുറിച്ച് ക്രിസ് പരാതി നൽകിയാൽ ലോസ് ഏഞ്ചൽസ് പൊലീസ് അന്വേഷണം നടത്തേണ്ടി വരുമെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുന്നു.